HOME
DETAILS
MAL
അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ അന്യായമായി പോലീസ് കേസ്: സമസ്ത ഇസ്‌ലാമിക് സെന്റർ ശക്തമായി പ്രതിഷേധിച്ചു
backup
January 12 2022 | 15:01 PM
റിയാദ്: സമസ്ത യുവജന വിഭാഗം നേതാവും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ നിശ്ചയിച്ച, സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്‌ഐസി) സഊദി നാഷണൽ കമ്മിറ്റി സമിതി കോർഡിനേറ്റർ കൂടിയായ അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ അന്യായമായി കേസ് ചുമത്തിയ പോലീസ് നടപടിക്കെതിരെ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. തെന്നല പഞ്ചായത്ത് മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ പൊതുയോഗത്തില്‍ കൊവിഡ് നിയമം ലംഘിച്ചെന്ന് കാണിച്ചാണ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. 200 പേര്‍ പങ്കെടുത്തതിനും മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്. വാഹനത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കാനും പൊതുസമ്മേളനത്തിന് പ്രത്യേകമായും അനുമതി ലഭിച്ചിരുന്നു.
തികച്ചും അച്ചടക്കത്തോടെയും പൂർണ്ണ അനുമതിയുടെയും നടന്ന പരിപാടിയിൽ നേതാക്കൾക്കെതിരെ കേസ് ചുമത്തിയത് നീതീകരിക്കാനാവില്ല. ഇതിലും വലിയ കൊവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സർക്കാർ ഭാഗത്തു നിന്ന് തന്നെയും ഉണ്ടായിട്ടും ആർക്കെതിരെയും നടപടികൾ എടുത്തിട്ടില്ല. കൊവിഡ് മാനദണ്ഡം പാലിക്കാതെ നടന്ന സി.പി.എം സമ്മേളനങ്ങള്‍ക്കോ ബി.ജെ.പി സമ്മേളനങ്ങള്‍ക്കോ എതിരെ തിരൂരങ്ങാടിയില്‍ പോലീസ് കേസുകൾ എടുത്തിട്ടില്ല. തലപ്പാറയില്‍ നടന്ന സി.പി.എം ഏരിയ സമ്മേളനത്തിനെതിരെയും തെന്നല പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന സി.പി.എം മാര്‍ച്ചിനെതിരെയും കേസെടുക്കാതെയാണ് സമസ്ത നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തികച്ചും അച്ചടക്കത്തോടെയും നിയമാനുസൃതമായും മാത്രം പരിപാടികൾക്ക് നേതൃത്വം നൽകിയവർക്കതിരെ കേസുകൾ ചുമത്തുന്നത് സമുദായത്തെ ഭയപ്പെടുത്തി മൂലക്കിരുത്താമെന്ന ഗൂഡ തന്ത്രത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നു. അത്തരം നിലപാടുകൾക്കെതിരെ സമൂഹം ശക്തമായി പ്രതികരിക്കുമെന്നും ഇത്തരം നിലപാടുകൾ ജനാധിപത്യ സംവിധാനങ്ങളിൽ ഭൂഷണമല്ലെന്നും കേസുകൾ പിൻവലിക്കാൻ സർക്കാർ സന്നദ്ധമാകണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു.
ജനുവരി അഞ്ചിന് വൈകീട്ട് 7.45ന് പൂക്കിപറമ്പിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പങ്കെടുത്തതിനാണ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി, ഷരീഫ് വടക്കയില്‍, ടി.വി. മൊയ്തീന്‍, പി.കെ. റസാഖ്, സിദ്ദീഖ് ഫൈസി ഷേക്ക്, സിദ്ദീഖ് ഫൈസി വാളക്കുളം, ബാവ ഹാജി, മജീദ്, ഹംസ ചീരങ്ങന്‍, പി.കെ. ഷാനവാസ്, ഹംസ വെന്നിയൂര്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന ഇരുനൂറോളം പേര്‍ക്കെതിരെയും തിരൂരങ്ങാടി പോലീസ് കേസ് ചുമത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."