അത്ഭുതങ്ങളുടെ റഷ്യന്‍ മഞ്ഞുകാലം
സ്വീഡിഷ് എഴുത്തുകാരന്‍ സ്റ്റീജ് ലാര്‍സന്റെ മില്ലേനിയം സീരിസിലെ പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നതും ലോകപ്രശസ്തമാകുന്നതും അദ്ദേഹത്തിന്റെ മരണശേഷമാണ്. ജീവിതത്തിലെ കടുത്ത സാഹചര്യങ്ങളിലൂടെ കടന്നുവന്ന ലിസബത്ത് സലാണ്ടറുടെയും മിടുക്കനായ മാധ്യമപ്രവര്‍ത്തകന്‍ മിഖായേല്‍ ബ്ലൂംവിസ്റ്റിന്റെയും കഥപറഞ്ഞ ലാര്‍സന്‍ 2004 നവംബറില്‍ 50ാമത്തെ വയസിലാണ് മരിക്കുന്നത്. ദി ഗേള്‍ വിത്ത് ദ ഡ്രാഗണ്‍ ടാറ്റു, ഗേള്‍ ഹു പ്ലേയ്ഡ് വിത്ത് ഫയര്‍, ഗേള്‍ ഹു കിക്ക്ഡ് ഹോര്‍നെറ്റ്‌സ് നെസ്റ്റ് എന്നീ മൂന്നു ത്രില്ലറുകളാണ് മില്ലേനിയം സീരിസില്‍ ലാര്‍സണ്‍ എഴുതിയത്. സ്വീഡനിലെ സമ്പന്ന കുടുംബത്തിലെ 17കാരി ഹരിയറ്റ് വാങ്‌നറുടെ ദുരൂഹമായ അപ്രത്യക്ഷമാകലിന്റെയും 40 വര്‍ഷങ്ങള്‍ക്കുശേഷം ബല്‍ംവിസ്റ്റ് അതേക്കുറിച്ച് നടത്തുന്ന അന്വേഷണത്തിന്റെയും ത്രസിപ്പിക്കുന്ന കഥയായ 'ദി ഗേള്‍ വിത്ത് ദ ഡ്രാഗണ്‍ ടാറ്റു' അതിമനോഹരമായ നോവലാണ്. 2008ല്‍ പുസ്തക വില്‍പ്പനയില്‍ 'കേയ്റ്റ് റണ്ണര്‍' എഴുതിയ ഖാലിദ് ഹുസയ്‌നിക്ക് തൊട്ടുപിന്നിലായിരുന്നു ലാര്‍സന്റെ പുസ്തകങ്ങളുടെ സ്ഥാനം. ലോകത്ത് മില്ലേനിയം സീരിസിലെ 80 മില്യണിലധികം പുസ്തകങ്ങളാണ് വില്‍ക്കപ്പെട്ടത്. 2010ല്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകം 'ഗേള്‍ ഹു കിക്ക്ഡ് ഹോര്‍നെറ്റ്‌സ് നെസ്റ്റ്' ആണ്.
ഈ പുസ്തകങ്ങളുടെ പകര്‍പ്പവകാശത്തെച്ചൊല്ലി ലാര്‍സന്റെ ഭാര്യ ഈവ ഗബ്രിയേലസണും ലാര്‍സന്റെ കുടുംബവും തമ്മില്‍ നിയമയുദ്ധവും നടന്നു. 30കാരിയായ ഈവയെ ലാര്‍സണ്‍ നിയമപ്രകാരം വിവാഹം ചെയ്തിരുന്നില്ല. ലിസബത്ത് സലാണ്ടറുടെ സാഹസിക ജീവിതത്തിന് ലാന്‍സന്റെ മരണത്തോടെ അവസാനമാകേണ്ടയെന്ന നിലപാടിലാണ് ലാര്‍സന്റെ പിതാവ് എര്‍ണാഡും സഹോദരന്‍ ജോക്കിം ലാര്‍സണും. സീരിസിലെ അടുത്ത പുസ്തകമെഴുതാന്‍ അവര്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡേവിഡ് ലാഗിര്‍റാന്‍സിനെ ചുമതലപ്പെടുത്തി. എന്നാല്‍ ഡേവിഡ് ലാഗിര്‍റാന്‍സിനെ കുഴക്കുന്ന അഭ്യൂഹങ്ങളുമായാണ് ഈവ ഗബ്രിയേലസണ്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മില്ലേനിയം സീരിസില്‍ ലാര്‍സന്‍ എഴുതിയ പൂര്‍ത്തിയാക്കാത്ത നോവല്‍ ഗബ്രിയേലസണിന്റെ കൈവശമുള്ള ലാര്‍സന്റെ കംപ്യൂട്ടറിലുണ്ടെന്നതാണത്. ലാര്‍സന്റെ പുസ്തകങ്ങള്‍ മികച്ച സിനിമകള്‍ക്കും രൂപം നല്‍കി. സ്വീഡിഷ് ഭാഷയില്‍ മൂന്നു പുസ്തകങ്ങളും സിനിമയായപ്പോള്‍ ഇംഗ്ലീഷില്‍ ഡാനിയല്‍ ക്രേഗ് ബ്ലൂംവിസ്റ്റായി വേഷമിട്ട 'ദി ഗേള്‍ വിത്ത് ദ ഡ്രാഗണ്‍ ടാറ്റു'വും മികച്ച സിനിമയായിരുന്നു. സോണിപിക്‌ചേഴ്‌സ് പുറത്തിറക്കിയ ഈ സിനിമ 232 മില്യന്‍ അമേരിക്കന്‍ ഡോളര്‍ നേടി. വിചാരിച്ച ലാഭമുണ്ടായില്ലെന്നും അതിനാല്‍ പുസ്തകത്തിന്റെ തുടര്‍ ഭാഗങ്ങള്‍ സിനിമയാക്കേണ്ടതില്ലെന്നുമാണ് സോണിയുടെ തീരുമാനം.
ആല്‍ബര്‍ട്ട് കാമു 1942ല്‍ ദി സ്‌ട്രൈന്‍ജര്‍ എന്ന നോവലെഴുതുമ്പോള്‍ അല്‍ജീരിയ ഫ്രാന്‍സില്‍നിന്ന് സ്വാതന്ത്ര്യം നേടിയിരുന്നില്ല. 73 വര്‍ഷങ്ങള്‍ക്കുശേഷം തന്റെ കഥയില്‍ കാമു പറയാതെ പോയ ഒരു പേരില്‍ നിന്ന് കഥപറഞ്ഞു തുടങ്ങിയത് അല്‍ജീരിയന്‍ മാധ്യമപ്രവര്‍ത്തകനായ കാമല്‍ ദാവൂദാണ്. കാമല്‍ ദാവൂദിന്റെ 'ദി മുറാസാല്‍ത്ത് ഇന്‍വെസ്റ്റിഗേഷന്‍' എന്ന നോവല്‍ മികച്ച കൃതിയായാണ് വിലയിരുത്തപ്പെടുന്നത്. കാമുവിന്റെ കഥയിലെ വില്ലന്‍ മുറാസാല്‍ത്ത് ഒരു അറബിയെ കൊല്ലുന്നു. എന്നാല്‍ ആ അറബിക്ക് പേരില്ല. ആ അറബിയാണ് കാമല്‍ ദാവൂദിന്റെ കഥയിലെ കേന്ദ്രകഥാപാത്രം. മൂസയെന്നാണ് അറബിയുടെ പേര്. മൂസയുടെ ഇളയ സഹോദരന്‍ ഹാറൂന്റെ വിവരണങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. മൂസയും മാതാവുമാണ് കഥയിലെ യഥാര്‍ഥ ഹീറോ. മൂസയുടെ കഥ ഹാറൂനെന്ന വ്യക്തിയുടെ വിവരണത്തിലൂടെ മികച്ച രീതിയിലാണ് ദാവൂദ് അവതരിപ്പിക്കുന്നത്. കാമുവിന്റെ കഥാവിവരണത്തോട് അത് നീതി പുലര്‍ത്തുകയും ചെയ്യുന്നു. സ്വതന്ത്രമായ രാജ്യത്ത് മുറാസാല്‍ത്തിനെന്നപോലെ അപരിചിതനാണ് ഹാറൂനും. കോളനിവല്‍ക്കരണത്തിന്റെയും അക്രമങ്ങളുടെയും പിന്തുടര്‍ച്ചയുടെ ഗുണഭോക്താക്കളാണ് ഇരുവരും. കോളനിവല്‍ക്കരിക്കപ്പെട്ട ഒരു രാജ്യത്തിന്റെ പോരാട്ടത്തിന്റെയും ദുരിതത്തിന്റെയും തുടര്‍ച്ചയാണ് ദാവൂദിന്റെ കൃതി. കാമുവിന്റെ നോവല്‍ വായിച്ചുവേണം ദാവൂദിനെ വായിക്കാനെന്ന് മാത്രം.
സോവിയറ്റ് - അമേരിക്ക ശീതയുദ്ധം എങ്ങനെയാണ് കേരളത്തിലെ വായനയെ പരിപോഷിപ്പിച്ചതെന്നറിയണമെങ്കില്‍ മലയാളത്തില്‍ ഒരു കാലത്ത് സാധാരണമായിരുന്ന പഴയ റഷ്യന്‍ സാഹിത്യങ്ങള്‍ തേടിപ്പോകണം. എണ്‍പതുകളില്‍ ഗ്രാമീണ വായനയുടെ വരണ്ട നിലങ്ങളിലേക്ക് അത്ഭുതങ്ങളുടെ മഞ്ഞു പെയ്യിച്ച ഒരു പറ്റം റഷ്യന്‍ കഥാകാരന്‍മാരുണ്ട്. വി. സുത്യയെവ്, വലന്തീന്‍ കതായെവ്, അലക്‌സാണ്ടര്‍ റാസ്‌കിന്‍, ഒല്‍ഗ പിറോവ്‌സ്‌കായ, എം.ബുലാത്തൊവ്, യൂറിയ് ഒലേഷ തുടങ്ങി ബാല്യത്തിന്റെ കൗതുകങ്ങള്‍ക്ക് വഴങ്ങാത്ത പേരുള്ള എഴുത്തുകാര്‍. ഗ്രാമീണ ലൈബ്രറികളില്‍ പുസ്തകങ്ങള്‍ തേടിപ്പോയ, വായിക്കാന്‍ അതല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാത്ത കാലം 80കള്‍ക്കുശേഷം ജനിച്ചവര്‍ക്ക് പരിചിതമാകണമെന്നില്ല. മഞ്ഞും പൂക്കളും മുയലുകളും വികൃതിപ്പൂച്ചയും ശബ്ദമുണ്ടാക്കുന്ന സമോവറും ഗോതമ്പ് പാടങ്ങളും മടിയരും വീരപുരുഷന്‍മാരുമുള്ള റഷ്യന്‍ നാടോടിക്കഥകള്‍ ഗ്രാമീണ ഭാവനയുടെ ലോകത്ത് അത്ഭുതങ്ങള്‍ പെയ്തിറങ്ങിയ കാലമായിരുന്നു അത്. ശീതയുദ്ധത്തിന്റെ പ്രച്ഛന്നവേഷങ്ങളായാണ് റഷ്യന്‍ പുസ്തകങ്ങള്‍ ബാല്യത്തിന്റെ വായനയെ കീഴടക്കുന്നത്. കേരളത്തിലെ ഗ്രാമീണവായനശാലകള്‍ ശീതയുദ്ധത്തിന്റെ പുസ്തകപ്പോര്‍ക്കളമായി. കമനീയമായ പുറഞ്ചട്ടയുള്ള പുസ്തകങ്ങള്‍ കുറഞ്ഞവിലയ്ക്ക് പ്രോഗ്രസ് പബ്ലിക്കേഷേഴ്‌സും റാദുഗയും ആണ് കേരളത്തിലെത്തിച്ചത്.
ഈഗോര്‍ യെര്‍ഷോവ്, ക്ലേനിയ യെര്‍ഷോവ, വാസിലി ഷൂല്‍ഷെങ്കോ, സെമ്യനോവ് തുടങ്ങിയവര്‍ അതില്‍ ജീവിതത്തെക്കാള്‍ നിറമുള്ള ചിത്രങ്ങള്‍ വരച്ചു. മോസ്‌കോ ഗോപാലകൃഷ്ണനും ഭാര്യ ഓമനയും സൗന്ദര്യം തുളുമ്പുന്ന മലയാളത്തിലേക്ക് അത് പരിഭാഷപ്പെടുത്തി. ബ്രഷ്‌നേവ് സോവിയറ്റ് യൂണിയന്‍ ഭരിച്ചിരുന്ന കാലത്താണ് റഷ്യന്‍ പുസ്തകങ്ങള്‍ ലോകത്തിലെ പല ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി കുറഞ്ഞവിലയ്ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ മോസ്‌കോയില്‍ പ്രോഗ്രസ് പബ്ലിഷേഴ്‌സ് ആരംഭിക്കുന്നത്. ഹിന്ദി, ഉര്‍ദു, പഞ്ചാബി, തെലുങ്ക്, തമിഴ് ഭാഷകളിലായിരുന്നു ആദ്യകാലത്ത് ഇന്ത്യയിലേക്ക് വിവര്‍ത്തനങ്ങള്‍ എത്തിയിരുന്നത്. മലയാളത്തില്‍ തുടങ്ങാന്‍ വിവര്‍ത്തകനെ ആവശ്യമുണ്ടായിരുന്നു. ആലോചന സോവിയറ്റ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് നീണ്ടു. ആലുവ സ്വദേശിയായ ഗോപാലകൃഷ്ണന്‍ അക്കാലത്ത് ഡല്‍ഹിയിലെ യു.എസ്.എസ്.ആര്‍ ന്യൂസ് ആന്‍ഡ് വ്യൂസില്‍ ജോലി ചെയ്യുകയായിരുന്നു. 1957കളില്‍ അവിഭക്ത കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനായിരുന്ന ഗോപാലകൃഷ്ണന്‍ ജീവിക്കാന്‍ ജോലി തേടിയാണ് ഡല്‍ഹിയിലെത്തുന്നത്. ആ കാലത്ത് ഭാരതിയമ്മയെന്ന ഓമനയെ വിവാഹം ചെയ്തു. ഡല്‍ഹിയില്‍ സോവിയറ്റ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ 'സോവിയറ്റ് നാടി'ല്‍ ജോലിചെയ്യുന്ന സുഹൃത്ത് എം.എസ് രാജേന്ദ്രനാണ് യു.എസ്.എസ്.ആര്‍ ന്യൂസ് ആന്‍ഡ് വ്യൂസിനെക്കുറിച്ച് ഗോപാലകൃഷ്ണനോട് പറയുന്നത്.റഷ്യയിലേക്ക് പോകാന്‍ താല്‍പര്യമുണ്ടോയെന്ന് ഗോപാലകൃഷ്ണനോട് എഡിറ്റര്‍ ചോദിച്ചു. പരിഭാഷയാണ് ജോലിയെന്നറിയാം. അതുകൊണ്ടുതന്നെ എന്റെ കുട്ടികളെ ചേര്‍ത്തുപിടിക്കും പോലെ ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയും മാധവന്‍പിള്ളയുടെ ഇംഗ്ലീഷ് മലയാളം നിഘണ്ടുവും ചേര്‍ത്ത് പിടിച്ചാണ് 1966ല്‍ താന്‍ മോസ്‌കോയിലേക്ക് വണ്ടി കയറിയതെന്ന് ഇതേക്കുറിച്ച പിന്നീട് ഗോപാലകൃഷ്ണന്‍ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മന്‍ തടവുകാര്‍ക്കും റഷ്യന്‍ പട്ടാളക്കാര്‍ക്കുമിടയിലെ ദ്വിഭാഷിയായിരുന്ന മരിയബുളിയക്കോവയായിരുന്നു ഗോപാലകൃഷ്ണന്റെ റഷ്യന്‍ ടീച്ചര്‍. തുടക്കത്തില്‍ ഇംഗ്ലീഷില്‍ നിന്നായിരുന്നു പരിഭാഷ. പിന്നീട് റഷ്യനില്‍ നിന്ന് നേരിട്ടായി. ആദ്യമാദ്യം കുട്ടിക്കഥകളുടെ പരിഭാഷകളില്‍ത്തുടങ്ങി പിന്നീടത് വലിയ ഗ്രന്ഥങ്ങളിലേക്ക് മാറി. രണ്ടു വര്‍ഷത്തെ കരാര്‍ ജോലിക്കാരനായായിരുന്നു തുടക്കത്തില്‍ നിയമനം. എന്നാല്‍ 25 വര്‍ഷം കഴിഞ്ഞാണ് ഗോപാലകൃഷ്ണന്‍ മടങ്ങുന്നത്. ആദ്യകാലത്ത് അവസാന കോപ്പിവരെ വായിച്ച് പുസ്തകമാകുമ്പോഴേക്കും ഒരുവര്‍ഷമെടുക്കുമായിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ പ്രോഗ്രസ് പബ്ലിഷേഴ്‌സിന് ഒരു ശാഖകൂടി വന്നു; റാദുഗ. 'മഴവില്ല്' എന്നാണ് ആ പദത്തിന്റെ അര്‍ഥം.
ഫിക്ഷന്‍ വിഭാഗത്തില്‍ വരുന്ന കൃതിക്കുള്ള പരിഭാഷ അവര്‍ക്ക് നല്‍കി. ഓമനയായിരുന്നു അവിടെ പരിഭാഷക. ഇരുവരും ചേര്‍ന്ന് 200 ഓളം പുസ്തകങ്ങളാണ് പരിഭാഷപ്പെടുത്തിയത്. 1990 കളില്‍ റഷ്യയുടെ തകര്‍ച്ച തുടങ്ങിയ സമയത്തുതന്നെ ഗോപാലകൃഷ്ണനും ഓമനയും തിരിച്ചുപോന്നു. ഓമന 2003ല്‍ അന്തരിച്ചു. 2011 മാര്‍ച്ചില്‍ തിരുവനന്തപുരത്തു വച്ച് ഗോപാലകൃഷ്ണനും മരിച്ചു.
അലക്‌സാണ്ടര്‍ റാസ്‌കിന്റെ 'അച്ഛന്റെ ബാല്യം' വികൃതിയായ അച്ഛന്റെ ബാല്യകാലം വിടര്‍ന്നകണ്ണുകളോടെ അറിയുന്ന കുഞ്ഞിന്റെ അത്ഭുതങ്ങളാണ്. കൊമ്പുള്ള ആണ്‍കുട്ടി, ഗാര്‍നറ്റ് വള, ക്യാപ്റ്റന്റെ മകള്‍, ഗവണ്‍മെന്റ് ഇന്‍സ്‌പെക്ടര്‍, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് കഥകള്‍, പടിവാതില്‍ക്കല്‍, പ്രേമത്തെപ്പറ്റി മൂന്നു കഥകള്‍, നമ്മുടെ കാലത്തെ ഒരു വീരപുരുഷന്‍, ബാല്യകാലം, വാസ്സ ഷെലെസ്‌നോവ കഥകള്‍, വയലമ്മ, ഒട്ടകക്കണ്ണ്, ചുവന്ന തൂവാലയണിഞ്ഞ പോപ്ലാര്‍തൈ, ഇവാന്‍, വസന്തത്തിന്റെ പതിനേഴ് നിമിഷങ്ങള്‍, ഒരു പ്രകൃതിനിരീക്ഷകന്റെ കഥകള്‍, മൂന്നു തടിയന്മാര്‍, ജീവിതവിദ്യാലയം, കുട്ടിയും കളിത്തോഴരും, വൈകി ജനിച്ച കുഞ്ഞനുജന്‍, കടലോരത്ത് ഒരു ബാലന്‍, കളിക്കോപ്പുകള്‍, ധിക്കാരിയായ കരടിക്കുട്ടി, കാട്ടിലെ വീടുകള്‍, കുറുക്കനും ചുണ്ടെലിയും, സ്വര്‍ണക്കപ്പ്, എന്റെ ആദ്യത്തെ ജന്തുശാസ്ത്ര പഠനം, കാട്ടിലെ കുട്ടികള്‍, സമ്മാനം, ലെനിന്റെ പുഞ്ചിരി, ലോറികള്‍, പാടുന്ന തൂവല്‍, കുറുക്കന്റെ സൂത്രങ്ങള്‍, വെളുത്ത കലമാന്‍, തീക്കുണ്ഡം മുതല്‍ റിയാക്ടര്‍ വരെ, കുതിരവണ്ടിയില്‍ നിന്ന് റോക്കറ്റിലേക്ക്... സോവിയറ്റ് ഗൃഹാതുരത്വമുള്ള പേരുകള്‍ ഒരുപാടുണ്ട്. എണ്‍പതുകളിലെ സാംസ്‌കാരികയുദ്ധം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ഇല്ലാതായി. ഗുണപാഠത്തിന്റെ ഭാരങ്ങളില്ലാത്ത പ്രസന്നമായ ഭൂതകാലത്തിന്റെ ഓര്‍മകളായി ആ പുസ്തകങ്ങളില്‍ ചിലത് പ്രത്യയശാസ്ത്രത്തിന്റെ ഭാരങ്ങളഴിഞ്ഞ് സ്വകാര്യശേഖരങ്ങളില്‍ ഒതുങ്ങി. സോവിയറ്റ് ഗൃഹാതുരത്വത്തിന്റെ വിപണന സാധ്യത കണ്ടറിഞ്ഞവര്‍ ചില പുസ്തകങ്ങളെങ്കിലും വീണ്ടും അച്ചടിച്ച് പുറത്തിറക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."