തദ്ദേശ സ്ഥാപന ആസ്തികളില്‍ കൈയേറ്റം അളക്കും, പിടിക്കും; പിഴയിടും!
മലപ്പുറം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ ഭൂമിയുള്‍പ്പെടെയുള്ള വസ്തുക്കളില്‍ വ്യാപക കൈയേറ്റമെന്നു പരാതി. ഇതേ തുടര്‍ന്നു വസ്തുക്കള്‍ അളന്നു തിട്ടപ്പെടുത്താനും പദ്ധതി പ്രവൃത്തികള്‍ പഞ്ചായത്തുകളുടെ പേരിലാണോയെന്നു പരിശോധിക്കാനും നടപടി തുടങ്ങി.
നിയമവും ചട്ടങ്ങളും പാലിക്കാതെ തദ്ദേശ സ്ഥാപനങ്ങളുടെ വസ്തുവകകള്‍ അന്യാധീനപ്പെട്ടുപോകുന്നതായാണ് സര്‍ക്കാരിനു പരാതികള്‍ ലഭിച്ചിരിക്കുന്നത്. പഞ്ചായത്ത് അധീനതയിലുളള തോട് പുറമ്പോക്കുകളാണ് വ്യാപകമായി കൈയേറുന്നത്. ഇതുമൂലം തോട്ടില്‍ വെള്ളം ഒഴിഞ്ഞുപോകാതെ കൃഷിയേയും ജലസമ്പത്തിനേയും ബാധിക്കുന്നുണ്ട്. തോട് പുറമ്പോക്ക് കൈയേറ്റ ഭൂമി അളന്നു തിട്ടപ്പെടുത്തി കൈയേറ്റം ഒഴിപ്പിച്ച് പിഴ ചുമത്തും. സര്‍ക്കാര്‍ പഞ്ചായത്തിന് ഏറ്റെടുത്തു നല്‍കിയ ഭൂമിയോ മറ്റു വസ്തുക്കളോ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ അന്യാധീനപ്പെടുത്താനോ പാടില്ല. സ്വകാര്യ വ്യക്തികളുടെ ഭൂമിയുമായി സര്‍ക്കാര്‍ ഭൂമി മാറ്റം ചെയ്യാനും അനുവദിക്കില്ല. ഭൂമി കൈയേറ്റം കണ്ടെത്തിയാല്‍ കൈയേറിയ കാലം മുതലുള്ള പിഴ വ്യക്തികളില്‍നിന്ന് ഈടാക്കും.
ഇതോടൊപ്പം ആസ്തി സംരക്ഷിക്കാത്ത പഞ്ചായത്തുകള്‍ക്കെതിരേയും നടപടി കൈക്കൊള്ളും, ദേശീയപാത, ജില്ലാ റോഡ് ഒഴികെയുള്ള റോഡുകളും പൊതു ജലസ്രാതസുകള്‍, അവയോടു ചേര്‍ന്നുള്ള ഭൂമി, കന്നുകാലി മേച്ചില്‍ സ്ഥലം, ശ്മശാനം, വണ്ടിത്താവളം തുടങ്ങിയവയെല്ലാം ഗ്രാമപഞ്ചായത്തുകളുടെ അധീനതയില്‍പെടുന്നവയാണ്. എന്നാല്‍, പഞ്ചായത്ത് പൊതുജനങ്ങള്‍ക്കു സേവനമായി ചെയ്യുന്ന പ്രവൃത്തികള്‍ക്കു നല്‍കുന്ന കെട്ടിടങ്ങള്‍, പദ്ധതികള്‍, സ്ഥാപനങ്ങള്‍, ഭൂസ്വത്തുക്കള്‍ തുടങ്ങിയവ മറ്റുള്ളവര്‍ കൈടക്കിയതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇവ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടേതായി മാറ്റാനുള്ള നടപടികളാണ് തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."