കൊവിഡ് വാക്‌സിനേഷന്‍ വിജയകരമാക്കാന്‍ ആക്ഷന്‍ പ്ലാന്‍
തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന്‍ വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയാറാക്കി ആരോഗ്യവകുപ്പ്. ഈ മാസം 16ന് 133 കേന്ദ്രങ്ങളില്‍കൂടിയാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. വാക്‌സിന്‍ എത്തിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായി. 1,240 കോള്‍ഡ് ചെയിന്‍ പോയിന്റുകളാണ് വാക്‌സിന്‍ സൂക്ഷിക്കാന്‍ തയാറാക്കിയിട്ടുള്ളത്.
വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ തുടര്‍ നിരീക്ഷണവും ആരോഗ്യവകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്ര സംഭരണശാലയില്‍നിന്നെത്തിക്കുന്ന വാക്‌സിന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ റീജ്യനല്‍ വാക്‌സിന്‍ സ്റ്റോറുകളിലേക്കു നല്‍കും. ഇവിടെനിന്നു പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളില്‍ ജില്ലകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കും. എല്ലാ ജില്ലകളിലുമായി ചെറുതും വലുതുമായ 1,658 ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 1,150 ഡീപ് ഫ്രീസറുകളും സജ്ജമാണ്. എറണാകുളം ജില്ലയില്‍ 12, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതം, ബാക്കി ജില്ലകളില്‍ ഒന്‍പതു വീതം എന്നിങ്ങനെ 133 കേന്ദ്രങ്ങളാണ് വാക്‌സിനേഷനായി ഒരുക്കിയിട്ടുള്ളത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയുള്ള എട്ടു മണിക്കൂര്‍കൊണ്ട് ഒരോ കേന്ദ്രത്തിലും 100 വീതം പേര്‍ക്കു കുത്തിവയ്പ് നല്‍കും.
ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും വാക്‌സിനേഷന്റെ ജില്ലാതല ചുമതല. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു കണ്‍ട്രോള്‍ റൂം തുടങ്ങും. വാക്‌സിനേഷനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. കോള്‍ഡ് സ്‌റ്റോറേജ് ശൃംഖല പൂര്‍ണസജ്ജമാണ്. കേടുപാട് സംഭവിച്ചാല്‍ പകരം സംവിധാനവും ഏര്‍പ്പെടുത്തും. ജില്ലാ, ബ്ലോക്ക് തലത്തില്‍ ജീവനക്കാര്‍ക്കു പരിശീലനം നല്‍കിവരുന്നു.
മന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ജില്ലാ കലക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ആര്‍.പി.എച്ച് ഓഫിസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ മുന്നൂറിലധികം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."