സുപ്രിംകോടതി നിര്‍ദേശം കേന്ദ്രസര്‍ക്കാരിനേറ്റ പ്രഹരമല്ല
കര്‍ഷക സമരത്തിന് നേരെ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗ നിലപാടിനെ കഴിഞ്ഞദിവസം രൂക്ഷമായി വിമര്‍ശിച്ച സുപ്രിംകോടതി ഇന്നലെ പുറപ്പെടുവിച്ച വിധിപ്രസ്താവത്തെ കര്‍ഷക സംഘടനകള്‍ സ്വാഗതം ചെയ്തിട്ടില്ല. കാര്‍ഷിക നിയമ ഭേദഗതികളെ താല്‍ക്കാലികമായി സ്റ്റേ ചെയാനും നിയമം വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാലംഗ വിദഗ്ധ സമിതി രൂപീകരിക്കാനുമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കോടതി തന്നെ നാലംഗ സമിതിയിലെ അംഗങ്ങളുടെ പേരും നിര്‍ദേശിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമ ഭേദഗതികളെ അനുകൂലിച്ച് രംഗത്തെത്തിയവരാണ് ഈ നാലുപേരും. ജുഡിഷ്യല്‍ അധികാരമുള്ളതായിരിക്കും സമിതിയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വിദഗ്ധ സമിതി രൂപീകരിക്കുന്നത് സമരത്തെ തളര്‍ത്താനും തീരുമാനം വൈകിപ്പിക്കാനുമാണെന്ന കര്‍ഷക സംഘടനകളുടെ ആരോപണത്തെ സാധൂകരിക്കുന്നതാണ് സമിതി അംഗങ്ങളുടെ നിയമനം. ഈയൊരു അനുകൂല സാഹചര്യത്തിലൂടെ കര്‍ഷക സമരത്തെ തളര്‍ത്താമെന്ന് സര്‍ക്കാരും കരുതുന്നുണ്ടാകണം. അതിനാലായിരിക്കണം സമിതി രൂപീകരിക്കുന്നതിനെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ എതിര്‍ക്കാതിരുന്നിട്ടുണ്ടാവുക. നിയമം റദ്ദ് ചെയ്യുന്നതിലപ്പുറം ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന് കര്‍ഷകരുടെ അഭിഭാഷകര്‍ കോടതിയെ അറിയിക്കുകയുമുണ്ടായി. സുപ്രിംകോടതിക്ക് നിയമം താല്‍ക്കാലികമായി സ്റ്റേ ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ശാശ്വതമായി റദ്ദാക്കിക്കൂടായെന്ന കര്‍ഷകരുടെ ചോദ്യം പ്രസക്തമാണ്. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ പാര്‍ലമെന്റ് എടുത്ത തീരുമാനത്തെ സുപ്രിംകോടതിക്ക് സസ്‌പെന്‍ഡ് ചെയ്യാം.
സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ കര്‍ഷകരുടെ ഒരപൂര്‍വ ജീവന്മരണ പോരാട്ടത്തിനാണ് തലസ്ഥാന നഗരി സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. നിയമത്തെക്കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ടെന്നും അതിനനുസരിച്ച് മാത്രമേ അന്തിമവിധി പുറപ്പെടുവിക്കാനാകൂവെന്നുമുള്ള സുപ്രിംകോടതി നിലപാടിനെ കര്‍ഷകര്‍ അംഗീകരിച്ചിട്ടില്ല. കര്‍ഷകരുടെ ഭൂമി സംരക്ഷിക്കുമെന്നും നിയമത്തെക്കുറിച്ച് പൊതുജനാഭിപ്രായം അറിയാന്‍ സമിതി ഉപകരിക്കുമെന്നും പൊതുജനാഭിപ്രായം എതിരാണെങ്കില്‍ നിയമം ദുര്‍ബലമാക്കുമെന്നുമുള്ള കോടതി ഉത്തരവും കര്‍ഷകരെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ല. കൃഷിഭൂമി വില്‍ക്കാന്‍ അനുവദിക്കുകയില്ലെന്ന സുപ്രിംകോടതി നിലപാടും കര്‍ഷകരെ അനുനയിപ്പിക്കുന്നില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ കാര്‍ഷിക നിയമ ഭേദഗതികളെ അനുകൂലിച്ച വിദഗ്ധ സമിതിക്ക് മുന്‍പില്‍ കര്‍ഷകര്‍ ഹാജരാകുമെന്നതിന് യാതൊരു ഉറപ്പുമില്ല. നിയമങ്ങളെ താല്‍ക്കാലികമായി മരവിപ്പിക്കാനും നാലംഗ വിദഗ്ധ സമിതിയെ വിഷയം പഠിക്കാനും നിയോഗിക്കുമെന്ന തീരുമാനം സുപ്രിംകോടതി എടുക്കുമ്പോള്‍ കര്‍ഷകരുടെ അഭിഭാഷകരായ ദുഷ്യന്ത് ദവെയും പ്രശാന്ത് ഭൂഷണും കോടതിയില്‍ നിന്ന് വിട്ടുനിന്നത് എതിര്‍പ്പിന്റെ സൂചനയായി വേണം കാണാന്‍. താല്‍ക്കാലിക മരവിപ്പിക്കലും വിദഗ്ധ സമിതി രൂപീകരിക്കലും കര്‍ഷകസംഘടനകള്‍ അംഗീകരിക്കുന്നില്ലെന്ന സന്ദേശം കോടതിക്ക് നല്‍കുകയായിരുന്നു ഈ വിട്ടുനില്‍ക്കലിലൂടെ അവര്‍ ചെയ്തത്. തങ്ങളുടെ തീരുമാനത്തെ പൂര്‍ണമായും തള്ളാതെയുള്ള ഒരു വിധിപ്രസ്താവമായിരിക്കണം കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവുക. അത് ഏതാണ്ട് യാഥാര്‍ഥ്യമായ ആഹ്ലാദത്തിലായിരിക്കണം കേന്ദ്രസര്‍ക്കാര്‍. വിദഗ്ധ സമിതിയെ സര്‍ക്കാര്‍ അംഗീകരിക്കുകയും കര്‍ഷക സംഘടനകള്‍ നിരാകരിക്കുകയും ചെയ്യുന്നതിലൂടെ ഈ യാഥാര്‍ഥ്യമാണ് വെളിപ്പെടുന്നത്. അതിനാല്‍ സുപ്രിംകോടതിയുടെ താല്‍ക്കാലിക സ്റ്റേ ഉത്തരവ് പ്രചരിപ്പിക്കുന്നതുപോലെ കേന്ദ്ര സര്‍ക്കാരിനേറ്റ പ്രഹരമായി കാണാനാകില്ല.
സമരം രാംലീല മൈതാനിയിലേക്ക് മാറ്റണമെന്ന സുപ്രിംകോടതി നിര്‍ദേശത്തോടും അനുകൂലമായല്ല കര്‍ഷക സംഘടനകള്‍ പ്രതികരിച്ചിട്ടുള്ളത്. രാംലീല മൈതാനിയിലേക്ക് സമരം മാറ്റുന്നതോടെ സര്‍ക്കാരിനുള്ള അലോസരം ഒഴിവാക്കാനാകുമെന്നും ആരാലും ശ്രദ്ധിക്കപ്പെടാതെ കെട്ടടങ്ങിക്കൊള്ളുമെന്നുമുള്ള സര്‍ക്കാര്‍ പദ്ധതിയെ അനുകൂലിക്കുന്നതാണ് വേദി മാറ്റാനുള്ള കോടതി നിര്‍ദേശം. അതിനാല്‍ ഈ നിര്‍ദേശവും കര്‍ഷകസംഘടനകള്‍ അംഗീകരിച്ചുകൊള്ളണമെന്നില്ല. സ്ത്രീകളെയും കുട്ടികളെയും സമരവേദിയില്‍ നിന്ന് തിരിച്ചയക്കണമെന്ന കോടതി നിര്‍ദേശത്തെ കര്‍ഷക സംഘടനകള്‍ ഏതുവിധമായിരിക്കും സ്വീകരിക്കുക എന്നതിനെക്കുറിച്ചും വ്യക്തമായ സൂചനകള്‍ അവര്‍ നല്‍കിയിട്ടില്ല. സുപ്രിംകോടതി നിര്‍ദേശം കര്‍ഷക സംഘടനകള്‍ അനുകൂലിക്കുന്നില്ലെങ്കില്‍ അത് ആര്‍ക്കാണ് ഗുണം ചെയ്യുക എന്നത് വ്യക്തമാണ്.
കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ സുപ്രിംകോടതി മധ്യസ്ഥനാവണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന കര്‍ഷകസംഘടനകളൊന്നും കോടതിയെ സമീപിച്ചിരുന്നില്ല. ആ നിലയ്ക്ക് സുപ്രിംകോടതിയുടെ മധ്യസ്ഥ തീരുമാനം ആര്‍ക്കാണ് പ്രയോജനം ചെയ്യുന്നത്. വിദഗ്ധസമിതിയെ സുപ്രിംകോടതി നിയമിച്ചതിനെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുമ്പോള്‍ കോടതി ഇടപെടലിനെ കര്‍ഷകര്‍ക്കനുകൂലമായി എങ്ങനെയാണ് വ്യാഖ്യാനിക്കാനാവുക. പരാജിതന്റെ പരിവേഷമണിഞ്ഞ് താല്‍ക്കാലിക വിജയം നേടിയിരിക്കുകയാണ് സര്‍ക്കാര്‍. അതിനാലാണ് വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറുകയില്ലെന്ന പഴയ നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുന്നത്.
നിഷ്ഫലമായ പ്രഹസന ചര്‍ച്ചകള്‍ നടത്തി കര്‍ഷകരുടെ മനോവീര്യം തകര്‍ക്കാമെന്ന് കരുതിയ സര്‍ക്കാരിന് അത് നടപ്പില്ലെന്നുവന്നപ്പോള്‍ സുപ്രിംകോടതിയുടെ താല്‍ക്കാലിക സ്റ്റേ പിടിവള്ളിയായിരിക്കുകയാണ്. ഓരോദിവസം കഴിയുന്തോറും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ സമരമുഖത്തേക്കെത്തിക്കൊണ്ടിരിക്കുന്നതും എന്‍.ഡി.എ ഘടകകക്ഷികളില്‍ നിന്ന് സര്‍ക്കാരിനെതിരേ മുറുമുറുപ്പ് ഉയരുന്നതും ഭീഷണിയായി മാറുന്ന സാഹചര്യത്തില്‍ നിയമം താല്‍ക്കാലികമായി മരവിപ്പിച്ച സുപ്രിംകോടതി തീരുമാനം സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ്. നിയമങ്ങള്‍ പിന്‍വലിക്കാതെ പിറകോട്ടില്ലെന്ന ദൃഢനിശ്ചയത്തിന്റെ ശക്തി ഉള്‍ക്കൊണ്ടാണ് കര്‍ഷകര്‍ കൊടും ശൈത്യവും കനത്ത മഴയും വകവയ്ക്കാതെ സമരം തുടരുന്നത്. സമരത്തിനിടെ അന്‍പതോളം പേര്‍ മരിച്ചതും പ്രായംചെന്ന പലരും അവശരായിക്കൊണ്ടിരിക്കുന്നതും അവരെ പിറകോട്ട് വലിക്കുന്നില്ല. സമരം ഇനിയും നീളുകയാണെങ്കില്‍ രാജ്യത്തിന്റെ ഭക്ഷ്യസംഭരണത്തെ അത് ഗുരുതരമായി ബാധിക്കും. കര്‍ഷകര്‍ ഡല്‍ഹി വളഞ്ഞതിനാല്‍ തലസ്ഥാന നഗരി ഒറ്റപ്പെട്ട നിലയിലാണ്. ചരക്കുനീക്കം നിലച്ചിട്ടുമുണ്ട്. താല്‍ക്കാലിക സ്റ്റേ ഉത്തരവ് ആരുടെയും വിജയമായി കൊണ്ടാടേണ്ടതില്ലെന്ന കോടതി നിര്‍ദേശമുണ്ടെങ്കിലും ഭരണകൂട അകത്തളങ്ങളില്‍ സര്‍ക്കാരിന് ആഹ്ലാദിക്കാം. മൂന്നു കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യം കോടതി പരിഗണിക്കാത്ത സ്ഥിതിക്ക് സമരത്തിന്റെ ഭാവി നിര്‍ണയിക്കേണ്ടത് കര്‍ഷകര്‍ തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."