വോട്ടിനു വേണ്ടി രാഷ്ട്രീയകക്ഷികള്‍ മതസൗഹാര്‍ദം തകര്‍ക്കരുത്: സഭാ സുതാര്യ സമിതി
കൊച്ചി : കേരളത്തില്‍ ക്രിസ്ത്യന്‍- മുസ്‌ലിം വിരോധം വളര്‍ത്തി ന്യൂനപക്ഷ വോട്ടുകള്‍ പിടിക്കാനുള്ള ശ്രമം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് എറണാകുളം- അങ്കമാലി അതിരൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മയായ സഭാ സുതാര്യ സമിതി.
മുസ്‌ലിം സമുദായത്തിനെതിരേ ആരോപണങ്ങളുയര്‍ത്തുന്ന ഇന്റര്‍ ചര്‍ച്ച് ലൈറ്റി കൗണ്‍സില്‍, കാസ, ക്രോസ് തുടങ്ങിയ കടലാസ് സംഘടനകള്‍ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നത് നിഗൂഢ ലക്ഷ്യങ്ങളോടെയാണെന്ന് സംശയിക്കുന്നതായും സമിതി കുറ്റപ്പെടുത്തി. ഈ സംഘടനകള്‍ ചില പ്രത്യേക രാഷ്ട്രീയ അജന്‍ഡകള്‍ നിറവേറ്റാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തന്നെ മുന്‍കൈയെടുത്തു രൂപം കൊടുത്തതായി സംശയിക്കണം. ഇത്തരം സംഘടനകളെല്ലാം ആര്‍.എസ്.എസ് മുദ്രാവാക്യങ്ങളെ ഏറ്റെടുക്കുന്നതും ബി.ജെ.പി രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നതും സംശയകരമാണ്. അവര്‍ ഭാരതത്തിലെ മുഴുവന്‍ ക്രൈസ്തവരുടെയും നേതാക്കള്‍ ചമയുന്നത് അംഗീകരിക്കാനാവില്ല. കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവായ നോബിള്‍ മാത്യു കെ.സി.ബി.സിയുടെ മുദ്രപോലും ഉപയോഗിച്ച് വര്‍ഗീയവിഷം പരത്താന്‍ ശ്രമിച്ചതിനെതിരേ കെ.സി.ബി.സി രംഗത്തു വന്നിരുന്നു. ഈ നടപടിയെ സ്വാഗതം ചെയ്യുന്നതായി സമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."