ബജറ്റ് പ്രസംഗത്തില്‍ താരങ്ങള്‍ കുട്ടികള്‍: നിറയെ കുട്ടിക്കവിതകള്‍, ചിത്രങ്ങളും
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റില്‍ നിറയെ കുട്ടികളുടെ രചനകള്‍. കുട്ടികളുടെ കവിതകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ് ബജറ്റ് പ്രസംഗം തയ്യാറാക്കിയത്.
ബജറ്റ് പ്രസംഗത്തിന്റെ ചിത്രം ഒരു കൊച്ചുമിടുക്കന്റെ സൃഷ്ടിയാണ്. കാസര്‍കോട് ഇരിയണ്ണി പിഎ എല്‍പിഎസിലെ ഒന്നാം ക്ലാസുകാരന്‍ വി ജീവന്‍. ജെന്‍ഡര്‍ ബജറ്റിന്റെ ചിത്രവും ഈ മിടുക്കന്റേതു തന്നെ.
ഇംഗ്ലീഷ് പ്രസംഗത്തിന്റെ കവര്‍ ഇടുക്കി കുടയത്തൂര്‍ ഗവ. എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ശ്രീനന്ദന വരച്ച ചിത്രമാണ്. ബാക്ക് കവര്‍ കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിലെ രണ്ടാം ക്ലാസുകാരന്‍ ജഹാന്‍ ജോബിയുടേയും.
ബജറ്റ് ഇന്‍ ബ്രീഫിലെ കവര്‍ചിത്രങ്ങള്‍ തൃശൂര്‍ വടക്കാഞ്ചേരി ഗവ. ഗേള്‍സ് എല്‍പിഎസിലെ അമന്‍ ഷസിയ അജയ് വരച്ചതാണ്. എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കവര്‍ ചിത്രവും ഈ കുട്ടിയുടേതു തന്നെ.
തൃശൂര്‍ എടക്കഴിയൂര്‍ എസ്എംവി എച്ച്എസിലെ എട്ടാം ക്ലാസുകാരി കെ എം മര്‍വയും യുഎഇ അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസിലെ നിയ മുനീറും വരച്ച ചിത്രങ്ങളാണ് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ബാക്ക് കവറില്‍.
ലോക്ഡൗണ്‍ കാലത്ത് കുട്ടികളുടെ സര്‍ഗശേഷിയുടെ പ്രകാശനത്തിനുവേണ്ടി അക്ഷരവൃക്ഷം എന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പ് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അതിബൃഹത്തായ പങ്കാളിത്തമാണ് അതിനു ലഭിച്ചത്. കഥയും കവിതയും ലേഖനങ്ങളും ചിത്രങ്ങളുമൊക്കെയായി 4947 വിദ്യാലയങ്ങളില്‍ നിന്ന് 56,399 സൃഷ്ടികള്‍ സ്‌കൂള്‍ വിക്കിയുടെ പേജില്‍ വായിക്കാം. ഈ സൃഷ്ടികളില്‍നിന്നാണ് ചിത്രങ്ങളും കവിതകളും തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."