തെളിവുകളുണ്ടെങ്കില്‍ പൊലിസിന് കൈമാറൂ; മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് നിതീഷ്
പട്‌ന: ഇന്‍ഡിഗോ എയര്‍ലൈന്‍ മാനേജരുടെ കൊലപാതകവുമായുള്ള ബന്ധപ്പെട്ട ചോദ്യത്തിന് മുന്‍പില്‍ മാധ്യമങ്ങളോട് കയര്‍ത്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.''നിങ്ങള്‍ക്ക് എന്തെങ്കിലും സൂചനകള്‍ ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍അത് പൊലിസിന് കൈമാറൂ., അല്ലെങ്കില്‍ കേസ് നിങ്ങള്‍ തന്നെ തെളിയിക്കൂ'' എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള നിതീഷിന്റെ വെല്ലുവിളി.
'നിങ്ങള്‍ വളരെ മഹാനാണല്ലോ, നിങ്ങള്‍ ആരെയാണ് പിന്തുണയ്ക്കുന്നത്? ഞാന്‍ നിങ്ങളോട് നേരിട്ട് ചോദിക്കുകയാണ്' മാധ്യമപ്രവര്‍ത്തകനോട് നിതീഷ് ചോദിച്ചു.
'15 വര്‍ഷം ഭരിച്ചവര്‍ ഇവിടെ ഉണ്ട്. ഭാര്യാഭര്‍ത്താക്കന്‍മാര്‍ ഭരിച്ചപ്പോള്‍ വളരെയധികം കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ട്. എന്തുകൊണ്ടാണ് നിങ്ങള്‍ അത് എടുത്തുകാണിക്കാത്തത്?' 1990 കളില്‍ ബിഹാര്‍ ഭരിച്ച മുഖ്യമന്ത്രി ലാലു യാദവിന്റെയും ഭാര്യ റാബ്രി ദേവിയുടെയും പേര് പരാമര്‍ശിക്കാതെ നിതീഷ് പറഞ്ഞു.
'ഇവിടെ എന്തെങ്കിലും സംഭവിക്കുമ്പോഴെല്ലാം ഞങ്ങള്‍ നടപടിയെടുക്കുന്നുണ്ട്. ഞങ്ങള്‍ നിങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷേ നിങ്ങള്‍ക്ക് പ്രത്യേക ഉപദേശം നല്‍കി പറഞ്ഞുവിടുന്നവരെ നിങ്ങള്‍ പരിശീലിപ്പിക്കേണ്ടതുണ്ട്.', നിതീഷ് പറഞ്ഞു.
താന്‍ പൊലിസ് മേധാവിയോട് സംസാരിക്കുമെന്നും ആരാണ് കൊലപാതകം നടത്തിയത് എന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുമെന്നും നിതീഷ് പറഞ്ഞു.
എന്നാല്‍ പൊലിസ് മേധാവിമാര്‍ തങ്ങളുടെ കോളുകള്‍ എടുക്കാറില്ലെന്ന് റിപ്പോര്‍ട്ടര്‍മാര്‍ പറഞ്ഞപ്പോള്‍ നിതീഷ് അപ്പോള്‍ തന്നെ പൊലിസിനെ ഫോണില്‍ ബന്ധപ്പെടുകയും പരിഹാരം ഉണ്ടാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് രൂപേഷ് സിങ് തന്റെ വസതിയുടെ മുന്‍പില്‍ വച്ച് വെടിയേറ്റ് മരിച്ചത്. വീട്ടിലേക്ക് കാറിലെത്തിയ അദ്ദേഹം ഗേറ്റ് തുറക്കുന്നതും കാത്ത് കാറില്‍ ഇരിക്കുമ്പോഴായിരുന്നു ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം അദ്ദേഹത്തെ കൊലപ്പെടുത്തിയത്. നിതീഷ് കുമാറിന്റെ വീട്ടില്‍നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെ വച്ചായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ മാധ്യമങ്ങള്‍ അനുചിതമായ ചോദ്യങ്ങള്‍ ചോദിച്ചെന്ന് ആരോപിച്ചാണ് നിതീഷ് പ്രകോപിതനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."