ക്രൈസ്തവ സഭകളുടെ പേരില്‍ വിദ്വേഷപ്രചാരണം
തിരുവല്ല: സാമൂഹിക മാധ്യമങ്ങളില്‍ ക്രൈസ്തവ സഭകളുടേതെന്ന വ്യാജേന സംഘടനാപേരുകള്‍ ഉപയോഗിച്ച് വിദ്വേഷപ്രചാരണം നടത്തുന്നവരെ കണ്ടെത്തി വെളിച്ചത്ത് കൊണ്ടുവരാന്‍ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടും അന്വേഷണ ഏജന്‍സികളോടും ആവശ്യപ്പെട്ടു.
സാമൂഹ്യസേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനം നടത്തുന്ന ചര്‍ച്ചസ് ഓക്‌സിലിയറി ഫോര്‍ സോഷ്യല്‍ ആക്ഷന്റേതെന്ന് (കാസാ) തോന്നിപ്പിക്കും വിധം വ്യാജപേരുകളില്‍ ഹലാല്‍ ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട് വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന രൂപത്തില്‍ ക്രിസ്മസ് കാലയളവില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രസ്താവനകള്‍ വന്നിരുന്നു. എന്നാല്‍ ഈ പ്രസ്താവന കാസയുടേതല്ല എന്നുകാണിച്ചു ചര്‍ച്ചസ് ഓക്‌സിലിയറി ഫോര്‍ സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ് ഡോ. യാക്കൂബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്താ പ്രസ്താവന നല്‍കിയിരുന്നു.
ഹലാല്‍ ഭക്ഷണത്തിനും ബാങ്ക് വിളിക്കുന്നതിനും എതിരേ കേരള ഇന്റര്‍ ചര്‍ച്ച് ലൈറ്റി കൗണ്‍സിലിന്റെ പേരില്‍ ഒരു പ്രസ്താവന ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കത്തോലിക്കാ സഭയിലെയും കെ.സി.സി അംഗസഭകളിലെയും അല്‍മായരാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്ന നിലയിലാണ് ഈ നോട്ടിസ് പ്രചരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സഹോദര മതങ്ങളിലെ സുഹൃത്തുക്കളും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗങ്ങളില്‍ നിന്നുള്ളവരും കേരളത്തിലെ വിവിധ സഭാ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഔദ്യോഗിക പൊതുസംഘടന എന്ന നിലയില്‍ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിനോട് അന്വേഷിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കെ.സി.സി വിവിധ സഭാ നേതൃത്വത്തില്‍ ഉള്‍പ്പെട്ടവരോട് അന്വേഷിച്ചപ്പോള്‍ ഇപ്രകാരം ഒരു കൗണ്‍സില്‍ രൂപീകരിക്കുന്നതിന് പ്രസ്തുത സഭകള്‍ ഔദ്യോഗികമായി അംഗങ്ങളെ അയച്ചതായി അറിയില്ല എന്ന വിവരമാണ് ലഭിച്ചത്. ഈ പ്രസ്ഥാനത്തെ കുറിച്ച് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിനും അറിവില്ല. ഉറവിടം അറിയാതിരിക്കാന്‍ വ്യക്തമായ ഫോണ്‍ നമ്പര്‍ പോലും നല്‍കാതെ ക്രൈസ്തവ സമൂഹത്തിന്റെതെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ ഇറക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ മേഖലയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."