വരവ് 1,28,375 കോടി; പ്രതീക്ഷിക്കുന്നത് 16,910 കോടിയുടെ കമ്മി
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ച 2021-22ലെ ബജറ്റില്‍ കണക്കാക്കിയിരിക്കുന്ന റവന്യൂ കമ്മി 16,910.12 കോടി രൂപ. റവന്യൂ വരവായി 1,28,375.88 കോടി രൂപ പ്രതീക്ഷിക്കുമ്പോള്‍ ചെലവായി കണക്കാക്കിയിരിക്കുന്നത് 1,45,286 കോടി രൂപയാണ്.
പൊതു കടം 24,419.91 കോടി രൂപയാണ്. 2021-22 വരവും ചെലവും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായി ഉയരുമെന്ന് ബജറ്റ് വിലയിരുത്തുന്നു.
അതുകൊണ്ടുതന്നെ ധനക്കമ്മി 3.5 ശതമാനമാകും. നടപ്പുവര്‍ഷത്തെ പുതുക്കിയ കണക്കുകള്‍ പ്രകാരം ശമ്പള ചെലവ് 28,108 കോടി രൂപയും പെന്‍ഷന്‍ ചെലവ് 19,412 കോടി രൂപയുമാണ്. 2021-22ല്‍ ശമ്പളത്തിന് 39,845 കോടി രൂപയും പെന്‍ഷന് 23,105 കോടി രൂപയും വേണ്ടിവരുമെന്ന് കണക്കാക്കുന്നു.
കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ 2011-16 കാലയളവില്‍ ശരാശരി സാമ്പത്തിക വളര്‍ച്ച 4.9 ശതമാനമായിരുന്നത് എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ 2019-20 കാലയളവുവരെ 5.9 ശതമാനമായി ഉയര്‍ന്നതായി ബജറ്റ് വിലയിരുത്തുന്നു.
ഇങ്ങനെ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സര്‍ക്കാരുകളെ ബജറ്റില്‍ താരതമ്യം ചെയ്തിട്ടുമുണ്ട്. സാമൂഹ്യസുരക്ഷാ പെന്‍ഷനായി യു.ഡി.എഫ് 9,011 കോടി രൂപ വിതരണം ചെയ്‌തെങ്കില്‍ 32,034 കോടി രൂപ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. യു.ഡി.എഫ് കാലത്ത് 48.6 ലക്ഷം പെന്‍ഷന്‍കാരുണ്ടായിരുന്നത് ഇപ്പോള്‍ 59.5 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. പൊതുവിതരണത്തിന് എല്‍.ഡി.എഫ് ചെലവഴിച്ചത് 10,697 കോടി രൂപയാണെങ്കില്‍ യു.ഡി.എഫിന്റെ കാലത്ത് 5,242 കോടി രൂപ മാത്രമാണ് ചെലവാക്കിയത്.
11,580 കിലോമീറ്റര്‍ റോഡുകള്‍ ഈ സര്‍ക്കാര്‍ പണിഞ്ഞപ്പോള്‍ 7,780 കിലോമീറ്റര്‍ റോഡ് മാത്രമാണ് യു.ഡി.എഫിന് പണിയാനായത്. യു.ഡി.എഫ്. സര്‍ക്കാര്‍ 4.9 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കിയപ്പോള്‍ ഈ സര്‍ക്കാര്‍ 11.02 ലക്ഷം കുടിവെള്ള കണക്ഷനുകളാണ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."