ഐ.എന്‍.എല്ലില്‍ ബോര്‍ഡ് സ്ഥാനങ്ങള്‍ തര്‍ക്കത്തില്‍ ഏറ്റെടുത്തില്ലെങ്കില്‍ തിരിച്ചെടുക്കുമെന്ന് സി.പി.എം
ആലപ്പുഴ: ഐ.എന്‍.എല്ലിന് നല്‍കിയ ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്ക് തര്‍ക്കംമൂലം ആളെ നിയമിക്കാന്‍ കഴിയാത്ത അവസ്ഥ. ഐ.എന്‍.എല്‍ പ്രതിനിധികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ തിരികെ എടുക്കുമെന്ന് അന്ത്യശാസനവുമായി സി.പി.എം രംഗത്തു വന്നു.
ഒരു ചെയര്‍മാന്‍ സ്ഥാനവും ആറ് ബോര്‍ഡ് മെംബര്‍ സ്ഥാനവുമാണ് ഐ.എന്‍.എല്ലിന് എല്‍.ഡി.എഫ് നല്‍കിയിരിക്കുന്നത്.
ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റിയിലുണ്ടായ വിഭാഗീയത പിളര്‍പ്പിലേക്ക് എത്തുമെന്ന ഘട്ടത്തിലുണ്ടായ സമയവായ നീക്കങ്ങളെ തുടര്‍ന്ന് ഇരുപക്ഷവും യോജിച്ചുപോകാന്‍ ധാരണയിലെത്തി മെംബര്‍ഷിപ്പ് പരിപാടികളുമായി മുന്നോട്ടുപോകുകയാണ്.
ഇതിനിടയിലാണ് ബോര്‍ഡ് സ്ഥാനങ്ങളിലേക്ക് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. സീതാറാം മില്‍സ് ചെയര്‍മാന്‍ സ്ഥാനവും കെ.ടി.ഡി.സി, മാരിറ്റൈം ബോര്‍ഡ്, വനം വികസന കോര്‍പറേഷന്‍, കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, വികലാംഗ ക്ഷേമനിധി ബോര്‍ഡ്, ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ മെംബര്‍ സ്ഥാനവുമാണ് ഐ.എന്‍.എല്ലിന് നല്‍കിയിരിക്കുന്നത്.
സീതാറാം മില്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വഹാബ് പക്ഷം എന്‍.കെ അബ്ദുല്‍ അസീസിന്റെ പേര് നിര്‍ദേശിച്ചപ്പോള്‍ കാസിം ഇരിക്കൂര്‍ പക്ഷം എം.എ ലത്തീഫിന്റെ പേരാണ് നിര്‍ദേശിച്ചത്. ഈ തര്‍ക്കത്തിന് പരിഹാരം ഉണ്ടാകാതിരുന്നതിനാല്‍ മറ്റുപേരുകളിലേക്ക് കടന്നില്ല. സംസ്ഥാന കമ്മിറ്റി വിളിച്ചു തീരുമാനിക്കാമെന്ന നിലപാടാണ് വഹാബ് പക്ഷം സ്വീകരിച്ചിരിക്കുന്നത്.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേര്‍ന്നശേഷം പിന്നീട് കമ്മിറ്റി ചേര്‍ന്നിട്ടില്ല.
ഇതിനിടയിലാണ് സ്ഥാനങ്ങള്‍ ഉടന്‍ ഏറ്റെടുക്കണമെന്നും ഇല്ലെങ്കില്‍ തിരിച്ചെടുക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേതാക്കളെ ഫോണില്‍ വിളിച്ചു അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരില്‍ ഐ.എന്‍.എല്ലിന്റെ എ.പി അബ്ദുല്‍ വഹാബ് വഹിച്ചിരുന്ന ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഇത്തവണ കേരള കോണ്‍ഗ്രസ് എം പ്രതിനിധിക്കാണ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."