ദാരിദ്ര്യം തുടച്ചുനീക്കാന്‍ ഐസക് മന്ത്രങ്ങള്‍!
തിരുവനന്തപുരം: തൊഴിലവസരങ്ങളുടെ വര്‍ധന ദാരിദ്ര്യത്തെ ലഘൂകരിക്കുമെന്നു മുന്നില്‍ കണ്ട് പ്രഖ്യാപനങ്ങളുമായി ധനമന്ത്രി. ഏതാണ്ട് 45 ലക്ഷം കുടുംബങ്ങള്‍ ദരിദ്രരരെന്നാണ് കണക്കാക്കുന്നത്. ഇവരെ കണ്ടെത്തി ദാരിദ്ര്യത്തില്‍നിന്ന് അവരെ ഉയര്‍ത്താന്‍ കൃത്യമായ കുടുംബാധിഷ്ഠിത മൈക്രോ പ്ലാനുകള്‍ ഉണ്ടാക്കാനുള്ള പ്രഖ്യാപനമാണ് ധനമന്ത്രി തോമസ് ഐസക് ഇന്നലെ ബജറ്റ് പ്രസംഗത്തില്‍ ഊന്നല്‍ നല്‍കിയത്.
45 ലക്ഷം കുടുംബങ്ങളെ കൃത്യമായി കണ്ടെത്തി പട്ടികപ്പെടുത്തും.
സംസ്ഥാനാടിസ്ഥാനത്തിലാണ് ഈ ലിസ്റ്റ് തയാറാക്കുക. നിലവിലുള്ള ആശ്രയ ഗുണഭോക്താക്കളെയും തദ്ദേശഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും നോമിനേറ്റ് ചെയ്യുന്ന പുതിയ കുടുംബങ്ങളെയും ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന തലത്തില്‍ സര്‍വേ നടത്തി മുന്‍ഗണനാ ലിസ്റ്റ് തയാറാക്കും.
ഇപ്പോള്‍ ആശ്രയ പദ്ധതിയില്‍ 1.5 ലക്ഷം കുടുംബങ്ങളാണ് ഗുണഭോക്താക്കളായി ഉള്ളത്. ഇവരില്‍ അര്‍ഹതയുള്ളവരെയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് 34 ലക്ഷം കുടുംബങ്ങളെ ഗുണഭോക്താക്കളാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഏറ്റവും ദരിദ്ര കുടുംബങ്ങളെ പ്രത്യേകമെടുത്ത് ഓരോന്നിന്റെയും പ്രശ്‌നങ്ങളും ആവശ്യങ്ങളും പഠിച്ച് അവ പരിഹരിക്കുന്നതിന് ചെയ്യേണ്ടുന്ന കാര്യങ്ങളും അവയ്ക്കു വേണ്ടിവരുന്ന ചെലവും രേഖയാക്കും.
മൈക്രോ പ്ലാനുകള്‍ തയാറാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പല്‍ തലത്തില്‍ രൂപീകരിക്കുന്ന റിസോഴ്‌സ് പേഴ്‌സണ്‍സ് ടീമുകള്‍ക്ക് പരിശീലനം നല്‍കും.
നിലവിലുള്ള സ്‌കീമുകളെ പരമാവധി പ്ലാനുകളില്‍ സംയോജിപ്പിക്കും. ജോലി ചെയ്യുന്നതിനും വരുമാനം ആര്‍ജ്ജിക്കുന്നതിനും നിവര്‍ത്തിയില്ലാത്ത കുടുംബങ്ങള്‍ക്ക് ഇന്‍കം ട്രാന്‍സ്ഫറായി മാസം തോറും സഹായം നല്‍കുന്നതിനും അനുവാദവും ഉണ്ടാകും. അധിക ചെലവിന്റെ പകുതി തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഹിക്കണം. ബാക്കി കുടുംബശ്രീ വഴി സര്‍ക്കാര്‍ ലഭ്യമാക്കും.
ഈ മൈക്രോ പ്ലാനുകള്‍ പഞ്ചായത്ത്, മുനിസിപ്പല്‍ ഭരണസമിതികള്‍ പരിശോധിച്ച് അംഗീകാരം നല്‍കിക്കഴിഞ്ഞാല്‍ കുടുംബശ്രീ വഴി നടപ്പാക്കും. പദ്ധതിയില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം ഉറപ്പുവരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."