സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ സംഘത്തിന് ലഭിച്ച സ്വീകരണം
റിയോയില്‍ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ അടുത്തൊന്നും അവസാനിക്കുന്ന ലക്ഷണമില്ല. ഒന്നിനു പുറകെ ഒന്നായി എല്ലാ പ്രശ്‌നങ്ങളും വന്നു കൊണ്ടിരിക്കുകയാണ്. കായിക മന്ത്രിമാര്‍ ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ അവസാനിച്ചു എന്ന് പറയാറായിട്ടില്ല. പക്ഷേ ഇപ്പോഴത്തെ പ്രശ്‌നം അതല്ല. സ്വാതന്ത്ര്യദിനം ആഘോഷിച്ചതാണ്.
കായിക താരങ്ങളെല്ലാം ബ്രസീലിലാണ്. അവര്‍ക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കണമെങ്കില്‍ എന്തു ചെയ്യും. ഈ സംശയം ഉണ്ടായത് കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രാലയത്തിനാണ്. എന്തായാലും മന്ത്രാലയം സ്വാതന്ത്ര്യദിനം ആഘോഷമാക്കാന്‍ തീരുമാനിച്ചു. റിയോയിലെ ഇന്ത്യന്‍ സംഘത്തെ മുഴുവന്‍ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. റിയോയില്‍ തോറ്റു തുന്നം പാടിയ ടീമിന് ആവേശം പകരുന്നതായിരുന്നു മന്ത്രാലയത്തിന്റെ ക്ഷണം. ഉച്ചയ്ക്കായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. മത്സരങ്ങളില്‍ പങ്കെടുത്ത് ക്ഷീണിച്ച പല താരങ്ങളും വമ്പന്‍ വിരുന്നാണ് ചടങ്ങില്‍ പ്രതീക്ഷിച്ചത്. പലരും ദിവസങ്ങളായി നാട്ടില്‍ നിന്നും വിട്ടുനില്‍ക്കുന്നത് കൊണ്ട് എരിവും പുളിയും ഉള്ള ഇന്ത്യന്‍ ഭക്ഷണവും പ്രതീക്ഷിച്ച് ഒന്നും കഴിക്കാതെയാണ് ചടങ്ങിനെത്തിയത്. പക്ഷേ ചടങ്ങിനെത്തിയ ഇന്ത്യന്‍ താരങ്ങളുടെ കണ്ണു നിറഞ്ഞു പോയി. അവര്‍ക്ക് ലഭിച്ചത് ചായയും കുറച്ച് നിലക്കടലയുമാണ്. ഇതു കണ്ട പാടെ താരങ്ങളുടെ മുഖം ചുളിഞ്ഞു. താരങ്ങളുടെ മുഖത്ത് ദേഷ്യം പടരുന്നത് കണ്ടതോടെ മന്ത്രാലയം അധികൃതര്‍ എന്തുചെയ്‌തെന്നോ അവര്‍ക്ക് കുറച്ച് മിഠായികള്‍ കൂടി വിതരണം ചെയ്തു. ഇതോടെ അത്‌ലറ്റുകള്‍ അധികൃതരോട് തട്ടികയറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒന്നു മിണ്ടാതെ പുറത്തെത്തിയ കായികതാരങ്ങള്‍ തലങ്ങും വിലങ്ങും പ്രസ്താവനകള്‍ നടത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം അറിഞ്ഞത്. ഒരു കായികതാരം പറഞ്ഞത് ഇപ്രകാരമായിരുന്നു. വെറും നിലക്കടലയാണ് ലഭിച്ചത്. തൊണ്ട നനയ്ക്കാന്‍ കുറച്ചു ബിയറും. എന്തായാലും പോയവരെല്ലാം ചടങ്ങില്‍ നിന്ന് ഇറങ്ങി പോന്നു. കൂട്ടത്തില്‍ ഏറ്റവും പ്രതിഷേധം പ്രകടിപ്പിച്ചത് ഹോക്കി താരങ്ങളാണ്. ഗെയിംസ് വില്ലേജിലുണ്ടായിരുന്ന ഭക്ഷണം ഒഴിവാക്കിയാണ് ഇവര്‍ എത്തിയിരുന്നത്. വിവാദം കത്തിയതോടെ ഇക്കാര്യം ഇന്ത്യന്‍ ചീഫ് ദെ മിഷന്‍ അധ്യക്ഷന്‍ രാകേഷ് ഗുപ്തയ്ക്ക് തലവേദനയായി. മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിടുന്ന ലക്ഷണമില്ല. എന്തായാലും ഗുപ്ത മറുപടി പറഞ്ഞു. താനവിടെ പോയിരുന്നു. പക്ഷേ ഭക്ഷണം കഴിച്ചില്ല. അതുകൊണ്ട് പ്രശ്‌നങ്ങള്‍ പറ്റി കൂടുതല്‍ അറിയില്ലെന്നായിരുന്നു മറുപടി.
എന്തായാലും ഇന്ത്യന്‍ ടീമിന്റെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ പവന്‍ദീപ് സിങ് കോഹ്‌ലിക്ക് ഇതിന് മറുപടിയുണ്ട്. സ്വാതന്ത്ര്യദിനാഘോഷം നടത്തിയത് കളിക്കാര്‍ക്ക് ഭക്ഷണം നല്‍കാനല്ല. അവരെ ആദരിക്കാനാണ്. അന്ന് ചടങ്ങില്‍ സംബന്ധിച്ചവരെല്ലാം കരഘോഷത്തോടെയാണ് ഇന്ത്യന്‍ ടീമിനെ വരവേറ്റത്. ഇതില്‍ കൂടുതല്‍ ടീമിന് ഒന്നും ലഭിക്കാനില്ലെന്നും പവന്‍ദീപ് പറഞ്ഞു. കളിക്കാരുടെ മുന്നില്‍ വച്ച് ഇക്കാര്യം അദ്ദേഹം പറയുകയാണെങ്കില്‍ മെഡിക്കല്‍ ഓഫിസര്‍ സ്ഥാനത്ത് അദ്ദേഹം തുടരുമെന്ന് തോന്നുന്നില്ല.
ഇനി നമ്മുടെ കായിക മന്ത്രിയുടെ മണ്ടത്തരങ്ങള്‍ക്ക് കോമഡി താരം തന്മയ് ഭട്ട് നല്‍കിയ മറുപടി എന്താണെന്ന് നോക്കാം. കഴിഞ്ഞ ദിവസം ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ചരിത്ര ജയത്തോടെ സെമിയില്‍ കടന്നിരുന്നു. ഇതിന് മന്ത്രി ട്വീറ്റ് ചെയ്താല്‍ എന്തു സംഭവിക്കുമെന്നാണ് മൂന്നു ട്വീറ്റുകളിലൂടെ വ്യക്തമാക്കിയത്. ആദ്യത്തേത് ഇപ്രകാരം ബെയ്ജിങ് ഒളിംപിക്‌സില്‍ സെമിയിലെത്തിയ ടെന്നീസ് താരം ചിരഞ്ജീവി പണ്ഡുവിന് അഭിനന്ദനങ്ങള്‍. ഇത് ഭട്ട് ട്വീറ്റ് ചെയ്തതും നിരവധി പേരാണ് ഇതിന് ട്വീറ്റ് ചെയ്തത്. പലരും മന്ത്രിയുടെ നാക്കുപിഴയെ വാനോളം പുകഴ്ത്തിയെന്നാണ് വിവരം.
രണ്ടിലും മൂന്നിലും മന്ത്രി തെറ്റ് മനസിലാക്കി ട്വീറ്റ് ചെയ്താല്‍ എങ്ങനെയിരിക്കും എന്നായിരുന്നു. പി.ടി ബിന്ദുവിന് അഭിനന്ദനം, ജെ.വി ബന്ധുവിന് അഭിനന്ദനം എന്നിങ്ങനെയായിരുന്നു ഈ ട്വീറ്റുകള്‍. ഈ രണ്ട് ട്വീറ്റുകള്‍ക്കും നിരവധി പേര്‍ മറുപടിയുമായി എത്തി. എന്തായാലും ഒരു കാര്യം മനസിലായി. മന്ത്രിയെ അനുകൂലിക്കുന്നവര്‍ പോലും അദ്ദേഹത്തെ തെറി പറയുന്നു എന്നതാണ് നഗ്നസത്യം. മന്ത്രി തെറ്റു മനസിലാക്കി തിരുത്തുമെന്ന് ഇതിലൂടെ പ്രതീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."