തള്ളാനും കൊള്ളാനുമാവാത്ത ജോര്‍ജ്
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നന്നായി വിയര്‍ക്കേണ്ടിവരുമെന്നുറപ്പാണ്. ജോസ് കെ. മാണിയും കൂട്ടരും മുന്നണി വിട്ടത് മധ്യകേരളത്തിലെ ക്രൈസ്തവ വോട്ട് ബാങ്കില്‍ സൃഷ്ടിച്ച ചോര്‍ച്ചയെ മറികടക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റുന്നതിനു പുറമെ പത്തൊമ്പതാമത് ഒന്നുകൂടി പഠിക്കേണ്ടിയും വരും. അതിനുള്ള ശ്രമത്തിലാണ് നേതാക്കള്‍. അതിനിടയിലാണ് വലിയൊരു വിലങ്ങുതടി മുന്നില്‍ വന്നുവീണ് തള്ളാനും കൊള്ളാനുമാവാതെ നില്‍ക്കുന്നത്. സാക്ഷാല്‍ പി.സി ജോര്‍ജിന്റെ രൂപത്തില്‍.
മുന്നണികളുടെയെല്ലാം വെറുപ്പ് ആവോളം സമ്പാദിച്ച് ഒറ്റയാനായി അലയുന്ന ജോര്‍ജിന് ഇത്തവണ എങ്ങനെയെങ്കിലും യു.ഡി.എഫില്‍ കയറിപ്പറ്റണം. നേരാംവണ്ണം അതു നടക്കില്ലെന്ന് നന്നായറിയാവുന്ന ജോര്‍ജ് എടുത്തു പ്രയോഗിച്ച പൂഴിക്കടകനാണ് യു.ഡി.എഫിനെ ധര്‍മസങ്കടത്തിലാക്കിയത്. മുന്നണിയിലെടുത്തില്ലെങ്കില്‍ പൂഞ്ഞാര്‍, പാലാ, കാഞ്ഞിരപ്പള്ളി തുടങ്ങിയ നിയോജകമണ്ഡലങ്ങളില്‍ തന്റെ പാര്‍ട്ടിയായ ജനപക്ഷം മത്സരിക്കുമെന്നാണ് ജോര്‍ജിന്റെ പ്രഖ്യാപനം.
ഒരു ഈര്‍ക്കില്‍ പാര്‍ട്ടി ഇവിടെയൊക്കെ മത്സരിച്ചാല്‍ ഒരു ചുക്കും വരാനില്ലെന്നു പറഞ്ഞ് നിസ്സാരമായി തള്ളാന്‍ ഇന്നത്തെ സ്ഥിതിയില്‍ യു.ഡി.എഫിനാവില്ല. തല്‍ക്കാലം യു.ഡി.എഫിന്റെ അത്താഴം മുടക്കാന്‍ ജോര്‍ജ് മതി. പാലായിലും കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും യു.ഡി.എഫിന്റെ പരാജയമുറപ്പാക്കാന്‍ ജോര്‍ജിന്റെ പാര്‍ട്ടിയുടെ മത്സരത്തിനു സാധിക്കും. പൂഞ്ഞാറില്‍ ചിലപ്പോള്‍ ജോര്‍ജ് തന്നെ ജയിച്ചേക്കും. മറ്റു രണ്ടെണ്ണം എല്‍.ഡി.എഫ് കൊണ്ടുപോകും. വേറെ ഒന്നോ രണ്ടോ മണ്ഡലങ്ങളിലും ജോര്‍ജിന്റെ മത്സരം ബാധിച്ചേക്കാനുമിടയുണ്ട്. മകനെ ജില്ലാ പഞ്ചായത്തിലേക്കു മത്സരിപ്പിച്ച് മികച്ച വിജയം നേടിക്കൊടുത്ത് താന്‍ നിസ്സാരനല്ലെന്ന് തെളിയിച്ച ശേഷമാണ് ജോര്‍ജിന്റെ ഭീഷണി. ജീവന്മരണ പോരാട്ടത്തിനൊരുങ്ങുന്ന യു.ഡി.എഫിന് മൂന്നു സീറ്റുകള്‍ക്ക് മുന്നൂറിന്റെ വിലയുണ്ട്.
മറിച്ച് ജോര്‍ജിനെ കൂടെ കൂട്ടിയാല്‍ പൂഞ്ഞാറെങ്കിലും അദ്ദേഹത്തിലൂടെ കൂടെ വരും. മറ്റു സീറ്റുകളില്‍ പ്രതീക്ഷവയ്ക്കുകയെങ്കിലുമാവാം. എന്നാല്‍ ഇതത്ര എളുപ്പമാവില്ല. ഈ മേഖലയിലുള്ള യു.ഡി.എഫുകാര്‍ക്കൊന്നും ജോര്‍ജിനെ കണ്ണിനു നേരെ കണ്ടുകൂടാ. പ്രത്യേകിച്ച് കോണ്‍ഗ്രസുകാര്‍ക്കും കേരളാ കോണ്‍ഗ്രസുകാര്‍ക്കും. ജോര്‍ജിനെ കൂടെ കൂട്ടിയാല്‍ തങ്ങള്‍ ഇടയുമെന്ന സൂചന അവര്‍ നല്‍കിക്കഴിഞ്ഞു. അതിനവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ജോര്‍ജിന്റെ കൈയിലിരിപ്പും നാവിലിരിപ്പും അങ്ങനെയാണ്. കൂടെ നിര്‍ത്തിയവര്‍ക്കെല്ലാം കോടാലിയായി മാറിയ രാഷ്ട്രീയ ചരിത്രമാണ് ജോര്‍ജിന്റേത്. കേരളത്തിലെ മൂന്നു മുന്നണികളും അതിന്റെ സുഖമനുഭവിച്ചിട്ടുണ്ട്.
വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരുന്ന കാലത്ത് അനൗദ്യോഗികമായി പ്രതിപക്ഷ ഉപനേതാവിന്റെ റോളിലായിരുന്നു ജോര്‍ജ്. വി.എസിനോടൊപ്പവും അല്ലാതെയും മലകയറി ഭൂമികൈയേറ്റവും കഞ്ചാവുകൃഷിയും കണ്ടെത്തിയും രേഖകള്‍ തപ്പിപ്പിടിച്ച് പത്രസമ്മേളനം നടത്തിയുമൊക്കെ അക്കാലത്തെ യു.ഡി.എഫ് സര്‍ക്കാരിന് ജോര്‍ജ് ഉണ്ടാക്കിവച്ച തലവേദന ചെറുതല്ല. പിന്നീട് വി.എസിന്റെ നേതൃത്വത്തില്‍ വന്ന ഇടതു ഭരണത്തിന് കൂടെയുള്ള ജോര്‍ജ് ശല്യമായി. അന്ന് മന്ത്രിയായിരുന്ന പി.ജെ ജോസഫ് ചെന്നുപെട്ട വിമാന വിവാദത്തിനു പിന്നില്‍ പോലും ചിലര്‍ ജോര്‍ജിന്റെ നിഴല്‍ കണ്ടു. ഒടുവില്‍ അദ്ദേഹത്തെ ഇടതുമുന്നണിയില്‍ നിന്ന് ലാല്‍സലാം പറഞ്ഞ് ഇറക്കിവിട്ടു.
പിന്നീട് യു.ഡി.എഫിലെത്തി സര്‍ക്കാര്‍ ചീഫ് വിപ്പായ ജോര്‍ജ് അവിടെയും 'പണി' തുടര്‍ന്നു. ആദ്യം പണികിട്ടിയത് മന്ത്രിയായിരുന്ന കെ.ബി ഗണേഷ്‌കുമാറിന്. അടുത്ത പണി സ്വന്തം നേതാവും ധനമന്ത്രിയുമായിരുന്ന കെ.എം മാണിക്കു തന്നെയായിരുന്നു. മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രമുണ്ടെന്ന രഹസ്യം പുറത്തുവിട്ട് പത്രങ്ങളില്‍ വലിയ തലക്കെട്ടുകള്‍ സൃഷ്ടിച്ചതോടെ യു.ഡി.എഫിലും അദ്ദേഹം അനഭിമതനായി. അവിടെ നിന്നും പുറത്തായ ജോര്‍ജ് അടങ്ങിയിരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ ഒറ്റയ്ക്കു മത്സരിച്ച് തകര്‍പ്പന്‍ ഭൂരിപക്ഷത്തോടെ ജയിച്ച ജോര്‍ജ് എല്ലാവരെയും ഞെട്ടിച്ചു.
അടുത്ത ശ്രമം എന്‍.ഡി.എയില്‍ കയറിക്കൂടാനായിരുന്നു. ആരെ കിട്ടിയാലും കൂടെ കൂട്ടുന്ന ബി.ജെ.പി അതിനു തയാറായെങ്കിലും മുന്നണിയില്‍ പ്രമുഖനാവാന്‍ ജോര്‍ജ് കാണിച്ചത് രാജാവിനെക്കാള്‍ വലിയ രാജഭക്തി. ഒരുകാലത്ത് അബ്ദുന്നാസര്‍ മഅ്ദനിയുടെ വിഷയത്തിലടക്കം ഇടപെട്ട് മുസ്‌ലിം സമുദായത്തിനു വേണ്ടി ഉറക്കെ വാദിച്ച ജോര്‍ജ് ബി.ജെ.പിയുമായി ചങ്ങാത്തമായപ്പോള്‍ മുസ്‌ലിംകള്‍ക്കെതിരേ കടുത്ത വര്‍ഗീയ വിഷം ചീറ്റി. ഉള്ളിലുണ്ടായിരുന്നെങ്കിലും കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ബി.ജെ.പി നേതാക്കള്‍ പോലും പറയാന്‍ മടിച്ച വര്‍ഗീയത ജോര്‍ജിന്റെ നാവിലൂടെ പുറത്തുചാടി. സംഗതിയൊക്കെ കൊള്ളാമെങ്കിലും ഈ ചങ്ങാത്തം തുടര്‍ന്നാല്‍ ഇപ്പോള്‍ കിട്ടുന്ന വോട്ടു പോലും കിട്ടില്ലെന്നു ഭയന്ന ബി.ജെ.പി നേതാക്കള്‍ ജോര്‍ജിന് ധ്വജപ്രണാമം പറഞ്ഞ് അകന്നു. അങ്ങനെ എങ്ങാടവുമില്ലാതായ അവസ്ഥയിലാണ് ജോര്‍ജ് യു.ഡി.എഫിലേക്കു വഴിതേടുന്നത്.
ഇങ്ങനെയൊക്കെയുള്ള ജോര്‍ജിനെ യു.ഡി.എഫ് കൂടെക്കൂട്ടിയെന്നു കരുതുക. കാലക്കേടിന് ഈ ബന്ധത്തിലൂടെ യു.ഡി.എഫിന് അധികാരം കിട്ടിയെന്നും കരുതുക. ജോര്‍ജിനെ മന്ത്രിയാക്കേണ്ടി വരുമെന്നുറപ്പ്. വലിയൊരു ബോംബിനു മുകളിലിരുന്നായിരിക്കും പിന്നെ യു.ഡി.എഫ് ഭരണം. ജോര്‍ജ് എപ്പോള്‍ പൊട്ടിത്തെറിക്കുമെന്നും അതില്‍ എന്തൊക്കെ തകര്‍ന്നുവീഴുമെന്നും ആര്‍ക്കും പറയാനാവില്ല.
ഇക്കാര്യമൊക്കെ നന്നായറിയാവുന്ന യു.ഡി.എഫ് നേതാക്കള്‍ക്കു മുന്നില്‍ നെഞ്ചുവിരിച്ചു നിന്ന് എന്നെ കൂട്ടാതെ മുന്നോട്ടുപോകുന്നത് ഒന്നു കാണട്ടെ എന്നു ജോര്‍ജ് പറയുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണവര്‍. ഏതായാലും വരാനുള്ള ജോര്‍ജ് വഴിയില്‍ തങ്ങില്ലല്ലോ.
ഒരു കമ്യൂണിസ്റ്റ് സത്യസന്ധത
പണ്ട് രണ്ടാം ഇ.എം.എസ് മന്ത്രിസഭയില്‍ ഇ.കെ ഇമ്പിച്ചിബാവ ഗതാഗത മന്ത്രിയായിരുന്ന കാലം. സിഗരറ്റ് കൂടിനു പുറത്തും മറ്റും അദ്ദേഹം ശുപാര്‍ശ എഴുതിക്കൊടുത്ത് കുറെ സി.പി.എം പ്രവര്‍ത്തകരെ കെ.എസ്.ആര്‍.ടി.സിയില്‍ നിയമിച്ചതായി വിവാദമുയര്‍ന്നു. പ്രതിപക്ഷം ഇതിന്റെ പേരില്‍ ബഹളം വച്ചപ്പോള്‍ ഇമ്പിച്ചിബാവ അതിനു പുല്ലുവില കല്‍പ്പിച്ചില്ല.
നല്ലൊരു കമ്യൂണിസ്റ്റുകാരനായിരുന്നു ഇമ്പിച്ചിബാവയെന്ന കാര്യത്തില്‍ ആര്‍ക്കുമുണ്ടാവില്ല സംശയം. കമ്യൂണിസ്റ്റുകാര്‍ അങ്ങനെയാണ്. സ്വന്തം സഖാക്കള്‍ക്കു വേണ്ടി എന്തു വേണമെങ്കിലും അവര്‍ ചെയ്യും. അതു മാത്രവുമല്ല കാരണം. അധികാരം കിട്ടുന്ന ഇടങ്ങളിലെല്ലാം പ്രത്യയശാസ്ത്ര സാന്നിധ്യമുറപ്പിക്കാന്‍ അവര്‍ തികച്ചും സത്യസന്ധമായി തന്നെ ശ്രമിക്കും. അതൊരു നവോത്ഥാന, വിപ്ലവ പ്രവര്‍ത്തനം കൂടിയാണ്. അത്തരം ഇടങ്ങളെല്ലാം വിപ്ലവകാരികളുടെ സ്വാധീനമുറപ്പിക്കുന്നതില്‍ അവര്‍ ജാഗരൂകരായിരിക്കും. അതു വിപ്ലവത്തിന്റെ പാത എളുപ്പമാക്കും.
നല്ല കമ്യൂണിസ്റ്റുകാരനായ ചലച്ചിത്ര സംവിധായകന്‍ കമല്‍ ചെയ്തതും അതു മാത്രമാണ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവിയിലിരിക്കുന്ന അദ്ദേഹം അവിടെ താല്‍ക്കാലിക ജീവനക്കാരായ നാലു പാര്‍ട്ടി അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് വകുപ്പു മന്ത്രി എ.കെ ബാലന് കത്തെഴുതി. അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്താന്‍ ഇവരെ സ്ഥിരപ്പെടുത്തണമെന്ന തികച്ചും ന്യായമായ ആവശ്യത്തോടെയായിരുന്നു കത്ത്. എന്നാല്‍ മുതിര്‍ന്ന സി.പി.എം നേതാവായിട്ടും ബാലന്‍ അതു നിരസിച്ചു. ബൂര്‍ഷ്വാ രാഷ്ട്രീയക്കാരും ബൂര്‍ഷ്വാ പത്രക്കാരും അതു വിവാദമാക്കി.
ബൂര്‍ഷ്വാ കക്ഷികള്‍ ഭരിച്ച കാലത്ത് അവരും ഇതുപോലൊക്കെ ചെയ്തപ്പോള്‍ ഇപ്പറഞ്ഞ കൂട്ടരൊന്നും ഇത്രയധികം ഒച്ചവച്ചിട്ടില്ല. അവരൊന്നും ഇങ്ങനെ കത്തെഴുതിയല്ല ഇതൊക്കെ ചെയ്യുന്നത്. പരമരഹസ്യമായാണ്. കമലിനെപ്പോലെ സത്യസന്ധനായ ഒരു കമ്യൂണിസ്റ്റുകാരന് അതു പറ്റില്ലല്ലോ. അതുകൊണ്ട് അദ്ദേഹം കാര്യം വെട്ടിത്തുറന്ന് കത്തെഴുതി.
അതുപോലുള്ള കമ്യൂണിസ്റ്റ് സത്യസന്ധത കാരണമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മറ്റൊരു പരാമര്‍ശവും പ്രശ്‌നമായത്. ഒരു സിനിമയുടെ ചിത്രീകരണ കാലത്ത് അദ്ദേഹം ഒരു നടിയെ പീഡിപ്പിച്ചെന്നൊരു കേസുണ്ട്. അതിനെക്കുറിച്ച് പത്രക്കാര്‍ ചോദിച്ചപ്പോള്‍ അതൊക്കെ അന്നു തന്നെ സെറ്റില്‍ ചെയ്തതല്ലേ എന്ന് അദ്ദേഹം ചോദിച്ചു. അതൊരു കുറ്റസമ്മതമാണെന്നു പറഞ്ഞ് ഒരുത്തന്‍ കേസിനു പോയിട്ടുണ്ട്. അല്ലെങ്കില്‍ തന്നെ കമ്യൂണിസ്റ്റ് സത്യസന്ധതയ്ക്ക് ഒരു വിലയുമില്ലാത്ത നാടാണല്ലോ ഇത്. പിന്നെ ഇതൊന്നും പാര്‍ട്ടി രീതിയനുസരിച്ച് കോടതികയറേണ്ട കാര്യവുമല്ല. ബാലന്‍ കമ്മിഷന്‍ പരിശോധിച്ച് തീവ്രത അളന്ന് തീര്‍പ്പുണ്ടാക്കലാണ് അതിന്റെ പാര്‍ട്ടി രീതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."