പേരാമ്പ്രയില്‍ നോട്ടമിട്ട് കോണ്‍ഗ്രസും ലീഗും
കോഴിക്കോട്: കേരള കോണ്‍ഗ്രസ് (എം) മുന്നണി മാറിയതോടെ ശ്രദ്ധാകേന്ദ്രമായ പേരാമ്പ്ര സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസും മുസ്‌ലിം ലീഗും.
ശക്തമായ മത്സരം കാഴ്ചവച്ചാല്‍ ജയിക്കാമെന്ന വിലയിരുത്തലിലാണ് പേരാമ്പ്ര സീറ്റിനായി യു.ഡി.എഫിലെ പ്രബല കക്ഷികള്‍ ചരടുവലി ശക്തമാക്കിയത്. കോണ്‍ഗ്രസിനു സീറ്റ് ലഭിക്കുകയാണെങ്കില്‍ മത്സരിക്കാനായി പ്രമുഖ നേതാക്കള്‍ രംഗത്തുണ്ട്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ എന്നിവര്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. മണ്ഡലത്തിലെ ചില നേതാക്കളും സ്ഥാനാര്‍ഥിത്വത്തിനായി ശ്രമം നടത്തുന്നുണ്ട്.
മുസ്‌ലിം ലീഗ് മത്സരിച്ചുപോരുന്ന തിരുവമ്പാടി വിട്ടുകൊടുക്കേണ്ടി വന്നാല്‍ പകരം പേരാമ്പ്രയോ നാദാപുരമോ വേണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. പേരാമ്പ്ര ലഭിച്ചാല്‍ പ്രമുഖ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് ലീഗ് ആലോചിക്കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസും ലീഗും അഞ്ചു വീതം സീറ്റുകളിലാണ് ജില്ലയില്‍ മത്സരിച്ചത്. രണ്ടു സീറ്റുകള്‍ എല്‍.ജെ.ഡിക്കും ഒരു സീറ്റ് കേരള കോണ്‍ഗ്രസി(എം)നുമായിരുന്നു. രണ്ടു കക്ഷികളുടെയും മുന്നണി മാറ്റത്തോടെ അധികം വന്ന മൂന്നു സീറ്റുകള്‍ ആര്‍ക്കാണെന്ന ചര്‍ച്ച യു.ഡി.എഫില്‍ സജീവമാണ്. ഒരു സീറ്റിന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അവകാശവാദമുന്നയിച്ചിട്ടുണ്ട്. പേരാമ്പ്രയോ തിരുവമ്പാടിയോ വേണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ ഇവ രണ്ടും നല്‍കാനാവില്ലെന്നാണ് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നിലപാട്.
എല്‍.ജെ.ഡി മത്സരിച്ച വടകര ആര്‍.എം.പിക്കു നല്‍കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. എല്‍.ജെ.ഡിയുടെ മറ്റൊരു സീറ്റായ എലത്തൂര്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെങ്കില്‍ പേരാമ്പ്രയ്ക്കുവേണ്ടി ലീഗ് ശക്തമായി വാദിക്കും. പേരാമ്പ്രയില്‍ നാലു പതിറ്റാണ്ടായി യു.ഡി.എഫിനുവേണ്ടി കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളാണ് മത്സരിച്ചുപോന്നത്. 1977ല്‍ ഡോ. കെ.സി ജോസഫ് മാത്രമാണ് ജയിച്ചത്. പിന്നീട് ഇടതുമുന്നണി കുത്തകയാക്കി വച്ച മണ്ഡലമാണ് പേരാമ്പ്ര. കഴിഞ്ഞ മൂന്നു ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും മണ്ഡലത്തില്‍ യു.ഡി.എഫിനു ലീഡ് ലഭിച്ചിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനാണ് മുന്‍തൂക്കം ലഭിക്കാറുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കാണ് ആധിപത്യം. കേരള കോണ്‍ഗ്രസ് മത്സരിക്കുന്നതാണ് മണ്ഡലത്തില്‍ പരാജയപ്പെടാന്‍ കാരണമെന്നാണ് മുന്‍കാലങ്ങളില്‍ യു.ഡി.എഫ് വിലയിരുത്തിയിരുന്നത്.
കഴിഞ്ഞ തവണ എല്‍.ഡി.എഫ് തരംഗത്തിലും 4,300 വോട്ടിന്റെ ഭൂരിപക്ഷമേ ഇവിടെ ഇടതു സ്ഥാനാര്‍ഥിക്കു ലഭിച്ചിരുന്നുള്ളൂ. ഇത്തവണ മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഇതു മറികടക്കാനാവുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."