സഊദി ആരോഗ്യ മന്ത്രാലയം രണ്ടു കൊവിഡ് വാക്‌സിനുകൾക്ക് കൂടി അംഗീകാരം നൽകി
റിയാദ്: സഊദിയിൽ രണ്ട് കൊവിഡ് വാക്‌സിനുകൾക്ക് കൂടി എത്തും. സഊദി ആരോഗ്യ മന്ത്രാലയമാണ് ഏറെ പഠനങ്ങൾക്കും വിശകലകങ്ങൾക്കും ശേഷം രണ്ടു വാക്സിനുകൾക്ക് കൂടി അംഗീകാരം നൽകിയത്. നിലവിൽ രാജ്യത്ത് നൽകിക്കൊണ്ടിരിക്കുന്ന ഫൈസർ ബയോൺ ടെക്ക് വാക്‌സിന് പുറമെ മോഡേർണ, അസ്‌ട്രാസെനിക വാക്‌സിനുകൾക്കാണ് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയത്. കിഴക്കൻ പ്രവിശ്യയിലെ ആരോഗ്യ ഡയറക്ടർ ഡോ. ഇബ്രാഹിം അൽ അരിഫി അൽ അറബിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയതോടെ രണ്ടു വാക്‌സിനുകൾ കൂടി സഊദിയിൽ ഉടൻ വിതരണത്തിനെത്തുമെന്നാണ് കരുതുന്നത്.
അംഗീകൃത വാക്സിനുകൾ ഫൈസർ - ബയോടെക്, അസ്ട്രാസെനെക്ക, മോഡേണ എന്നിവയാണെന്നും ആഗോള തലത്തിൽ വാക്സിനുകൾക്കുള്ള മത്സരം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫൈസർ വാക്‌സിനായി വളരെയധികം ആവശ്യക്കാരാണുള്ളത്. എങ്കിലും സഊദിയിൽ ആവശ്യത്തിനനുസരിച്ച വാക്‌സിൻ എത്തിച്ചേരുമെന്നും അദ്ദേഹം അറിയിച്ചു.
ബ്രിട്ടൻ-സ്വീഡൻ മൾട്ടി നാഷണൽ ഫാർമസി കമ്പനിയാണ് അസ്‌ട്രാസെനിക വാക്‌സിൻ പുറത്തിറക്കിയത്. ബ്രസീൽ ഉൾപ്പെടെ ഏതാനും രാജ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഈ വാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു.
അമേരിക്കയിലെ ബയോമെഡിക്കൽ അഡ്വാൻസ്‌ഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് സാംക്രമിക രോഗങ്ങൾ എന്നെ കമ്പനികളും സംയുക്തമായാണ് മോഡേർണ കൊവിഡ് വാക്സിൻ പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."