ന്യൂനപക്ഷ ക്ഷേമപദ്ധതി നടത്തിപ്പ്: സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം - എം.ഐ.അബ്ദുല്‍ അസീസ്
കോഴിക്കോട്: സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ ക്ഷേമപദ്ധതികളെക്കുറിച്ച് ഏറെ സംശയങ്ങളും ആരോപണങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു. ന്യൂനപക്ഷ ക്ഷേമപദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആരംഭിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ വസ്തുതകള്‍ ജനങ്ങളോട് വ്യക്തമാക്കാത്തത് ദുരൂഹമാണ്. വസ്തുതകള്‍ പുറത്തുവിടാത്ത സാഹചര്യത്തില്‍ സാമുദായിക സ്പര്‍ധക്കും വര്‍ഗീയ ധ്രുവീകരണത്തിനും ആക്കം കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ന്യൂനപക്ഷങ്ങള്‍ വഴിവിട്ട് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നു എന്ന് ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രചാരണം സംഘ്പരിവാര്‍ നടത്തുകയും സര്‍ക്കാറും ന്യൂനപക്ഷ ക്ഷേമവകുപ്പും മന്ത്രിയുമടക്കമുള്ളവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്യുന്നു. മുസ്ലിംന്യൂനപക്ഷത്തിന് ഏകപക്ഷീയമായി ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന ആരോപണം ഇതിനകം തന്നെ മറ്റു മതസമുദായങ്ങളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദുരൂഹത ഒഴിവാക്കാന്‍ പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച ധവളപത്രം പുറത്തിറക്കി ജനങ്ങളോട് യാഥാര്‍ഥ്യം തുറന്നുപറയാന്‍ മുഖ്യമന്ത്രി തയാറാകണം. വകുപ്പുമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കപ്പെട്ടിട്ടും സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് യഥാസമയം മറുപടി പറയാറുള്ള മുഖ്യമന്ത്രി തുടരുന്ന നിസംഗത വര്‍ഗീയ ചേരിതിരിവിന് സഹായകമാകുന്നുണ്ടെന്നും എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."