കാലുമാറ്റക്കാരുടെ ഗോവ
പനാജി
ഗോവയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 60 ശതമാനം എം.എൽ.എമാരും പാർട്ടി മാറി. 40 അംഗ നിയമസഭയിലെ 24 എം.എൽ.എമാരാണ് പാർട്ടി മാറിയത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) എന്ന സംഘടനയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ ഇത്രവലിയ കാലുമാറ്റം വേറെ ഇല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഫെബ്രുവരി 14 നാണ് ഗോവയിൽ തെരഞ്ഞെടുപ്പ് നടക്കുക. ഗോവയിലുണ്ടായ പാർട്ടി മാറ്റം പോലെ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും നടന്നിട്ടില്ല. വോട്ടർമാരോടുള്ള ധാർഷ്ട്യം, നൈതികതയില്ലായ്മ, അച്ചടക്കരാഹിത്യം എന്നിവയാണ് കാലുമാറ്റത്തിന് പ്രധാന കാരണം. 2017ലെ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ നിന്ന് രാജിവച്ച വിശ്വജിത് റാണെ, സുഭാഷ് ശിരോധർ, ദയാനന്ദ് സോപ്‌തെ എന്നിവരെ ഉൾപ്പെടുത്താതെയാണ് കാലുമാറിയ 24 എം.എൽ.എമാരുടെ കണക്ക് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2017 ലെ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി മാറിയവരിൽ ഭൂരിഭാഗവും കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്കാണ് പോയത്. 2019 ഓടെ കോൺഗ്രസിനേക്കാൾ കൂടുതൽ എം.എൽ.എമാർ ബി.ജെ.പിയിലെത്തി. 9 എം.എൽ.എമാരാണ് കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് പോയത്. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ രണ്ട് എം.എൽ.എമാരും ബി.ജെ.പി പാളയത്തിലെത്തി.
പിന്നാലെ ഗോവ ഫോർവേഡ് പാർട്ടിയുടെ ജയേഷ് സാൽഗോങ്കറും ബി.ജെ.പിയിൽ ചേർന്നു. ഈയിടെ മുൻ ഗോവ മുഖ്യമന്ത്രിയും കോൺഗ്രസ് എം.എൽ.എയുമായ രവി നായിക്കും ബി.ജെ.പിയിൽ ചേർന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."