ആരോപണങ്ങൾ തിരിഞ്ഞുകുത്തുന്നു; സി.പി.എം കടുത്ത പ്രതിരോധത്തിൽ അടിയന്തര സെക്രട്ടേറിയറ്റ് നാളെ
തിരുവനന്തപുരം
ഒന്നാം കൊവിഡ് തരംഗത്തിന്റെ തുടക്കത്തിൽ 'മരണവ്യാപാരികൾ' എന്നുൾപ്പെടെയുള്ള പദപ്രയോഗങ്ങളിലൂടെ യു.ഡി.എഫിനെതിരേ സി.പി.എം ഉന്നയിച്ച ആരോപണങ്ങളെല്ലാം തിരിഞ്ഞുകുത്തുന്നതിനിടെ അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിളിച്ച് പാർട്ടി.
ആദ്യ രണ്ടു തരംഗത്തേക്കാളും മൂന്നാംതരംഗം രൂക്ഷമാകുന്ന സമയത്തുതന്നെ സി.പി.എം ജില്ലാ സമ്മേളനങ്ങൾ നടത്തുകയും പ്രതിനിധികളിൽ പലർക്കും കൊവിഡ് സ്ഥിരീകരിക്കുകയും നഗരി പിന്നീട് കൊവിഡ് ക്ലസ്റ്റർ ആയി രൂപാന്തരപ്പെടുകയും ചെയ്തതിനാൽ പാർട്ടി കടുത്ത വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. പിന്നാലെ ഹൈക്കോടതി ഇടപെട്ട് കാസർകോട് ജില്ലാ സമ്മേളനം നിർത്തിവയ്പ്പിക്കുക കൂടി ചെയ്തത് വലിയ നാണക്കേടുമായി. ഈ സാഹചര്യത്തിലാണ് വിവാദങ്ങളെ നേരിടാനും ആരോപണങ്ങളെ പ്രതിരോധിക്കാനുമായി സംസ്ഥാന സെക്രട്ടേറിയറ്റ് അടിയന്തരമായി വിളിച്ചത്.
ആദ്യ ലോക്ക്ഡൗണിൽ പാലക്കാട് അതിർത്തിയിൽ കുടുങ്ങിയവർക്ക് ഭക്ഷണവും വെള്ളവുമായെത്തിയ എം.എൽ.എയും ഡി.സി.സി ഭാരവാഹികളും അടക്കമുള്ള കോൺഗ്രസ് നേതാക്കളെ മരണത്തിന്റെ വ്യാപാരികൾ എന്നു വിശേഷിപ്പിച്ച സി.പി.എം നേതാക്കളുടെ നടപടികളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.
സാധാരണ വെള്ളിയാഴ്ചകളിൽ ചേരുന്ന സെക്രട്ടേറിയറ്റ് യോഗം നേരത്തെ വിളിച്ചുചേർക്കുകയായിരുന്നു.
ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ 29നു തിരിച്ചെത്തും. വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തുന്ന മുഖ്യമന്ത്രിക്ക് നിലവിലെ രാഷ്ട്രീയസാഹചര്യങ്ങൾ സംസ്ഥാന സെക്രട്ടറി വിശദീകരിച്ചുകൊടുക്കുന്ന പതിവുണ്ട്. മുഖ്യമന്ത്രിയുടെ വരവിനു മുമ്പെ പ്രതിരോധതന്ത്രങ്ങൾ ആസൂത്രണം ചെയ്യാമെന്നാണ് പാർട്ടിയുടെ ആലോചന.
സിൽവർ ലൈൻ പദ്ധതിയും അതിനെതിരേ ഉയരുന്ന കടുത്ത പ്രതിഷേധവും യോഗത്തിൽ ചർച്ചയാകും.
പദ്ധതിക്കായുള്ള സർവേ കല്ലുകൾ ഇളക്കിമാറ്റുന്നതും പ്രതിഷേധത്തിനു ജനകീയ പിന്തുണ വരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന അഭിപ്രായം പാർട്ടിക്കുള്ളിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."