അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ ദ്വിദിന സമ്മേളനം കൊക്കൂണ്‍ 2016'ന് ഇന്നു കൊല്ലത്ത് തുടക്കം
കൊല്ലം: കേരള പൊലിസിന്റെ അഭിമാന സംരംഭമായ ദ്വിദിന 'കൊക്കൂണ്‍ 2016'ന് ഇന്നു കൊല്ലത്തു തുടക്കമാകും. സമകാലീന സൈബര്‍ ലോകത്തെ പുത്തന്‍ പ്രവണതകളെയും വെല്ലുവിളികളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനായി ഹോട്ടല്‍ റാവിസ് അഷ്ടമുടി റിസോര്‍ട്ടില്‍ അന്താരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി ദിനത്തിന്റെ ഭാഗമായാണ് കോക്കൂണ്‍ സംഘടിപ്പിക്കുന്നത്.
സൈബര്‍ സേഫ് എന്ന പേരില്‍ ആരംഭിച്ച വാര്‍ഷിക അന്താരാഷ്ട്ര സെമിനാറുകള്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സൈബര്‍ വിദഗ്ധരുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായിരുന്നതായി തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് ഏബ്രഹാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോക്കൂണ്‍ 2016 ല്‍ അന്തരാഷ്ട്ര സൈബര്‍ സുരക്ഷയ്ക്കായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന പോളിസിബ്, ഇസ്‌റ എന്നീ സംഘടനകള്‍ പങ്കാളികളാകും.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് രാജ്യാന്തര അതിര്‍വരമ്പുകളില്ലാത്തതിനാല്‍ പലപ്പോഴും കുറ്റകൃത്യങ്ങള്‍ തടയുവാനും കഴിയുന്നില്ല. പൊതുജനങ്ങള്‍ ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവും കുറവാണ്. ഈ സാഹചര്യത്തില്‍ നിയമപാലകരും മറ്റു മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി സഹകരിച്ച് സൈബര്‍ കുറ്റകൃത്യങ്ങളെ അമര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. ഡിജിറ്റല്‍ സുരക്ഷയെ ബാധിക്കുന്ന വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയുന്നതിന് വിദഗ്ധരായ സൈബര്‍ കുറ്റാന്വേഷകരെ വളര്‍ത്തിയെടുക്കേണ്ടതും കൊക്കൂണില്‍ ചര്‍ച്ചചെയ്യപ്പെടും.
കേരള പൊലിസ് സൈബര്‍ ഡോം എന്ന പേരില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച സൈബര്‍ റിസര്‍ച്ച് സെന്റര്‍ മുഖേന സമകാലീന സൈബര്‍ വെല്ലുവിളികളെ നേരിടാന്‍ സജ്ജമാണ്. മുന്‍ വര്‍ഷങ്ങളിലെ സമ്മേളനങ്ങളില്‍ നിന്നും നേടിയ അറിവുകളും അനുഭവങ്ങളും ഉള്‍ക്കൊണ്ടാണ് അന്താരാഷ്ട്ര സൈബര്‍ വിദഗ്ധരുടെ സൈബര്‍ ഡോം പ്രവര്‍ത്തിക്കുന്നത്. സൈബര്‍ കോണ്‍ഫറന്‍സ് എന്ന നിലയില്‍ നിന്നു മാറി ദേശീയ, അന്തര്‍ദേശിയ കുറ്റാന്വേഷണ ഏജന്‍സികളുടെയും ഐ.ടി രംഗത്തുള്ളവരുടെയും പങ്കാളിത്തത്തോടെ നടക്കുന്ന കോക്കൂണിന്റെ വേദികളില്‍ അനുഭവങ്ങളും പരിമിതികളും നിര്‍ദേശങ്ങളും നിയമങ്ങളും ചര്‍ച്ചചെയ്യും.
ഇത്തരം ചര്‍ച്ചകള്‍ സൈബര്‍ ലോകത്തിലെ വിവിധ സമൂഹങ്ങളുടെ വ്യത്യസ്ത തലങ്ങളെ വിശകലനം ചെയ്യുന്നതിനും കുറ്റകൃത്യങ്ങളുടെ തോത് മനസിലാക്കുന്നതിനും അവയ്ക്കനുസരിച്ച് കുറ്റാന്വേഷണ രീതികള്‍ക്ക് കാലോചിതവും സാങ്കേതികവുമായ മാറ്റങ്ങള്‍ വരുത്താനും പ്രാപ്തരാക്കും.
സ്വകാര്യ പൊതുമേഖലകളെ കൂട്ടിയിണക്കി സമൂഹത്തിനെ സൈബര്‍ വെല്ലുവിളികളെ കുറിച്ച് ബോധവാന്‍മാരാക്കുന്ന ഒരു അന്താരാഷ്ട്ര കൂട്ടായ്മയാണ് കോക്കൂണ്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക, അതിലേക്കായി സര്‍ക്കാര്‍സ്വകാര്യ പങ്കാളിത്തം സാധ്യമാക്കുക തുടങ്ങിയവയാണ് പരിപാടിയിലൂടെ പൊലിസ് മുന്നോട്ടുവയ്ക്കുന്നത്.
ഇന്നു രാവിലെ 10ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും. യു.എ.ഇ ഉപപ്രധാന മന്ത്രി ഷെയ്ഖ് സെയ്ഫ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ പ്രത്യേക ക്ഷണിതാവായിരിക്കും. എം. മുകേഷ് എം.എല്‍.എ അധ്യക്ഷനാകും. മേയര്‍ വി. രാജേന്ദ്ര ബാബു, അഡിഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ജില്ലാ പൊലിസ് മേധാവി സതീഷ് ബിനോ എന്നിവര്‍ സംസാരിക്കും.
നാളെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയാകും. ശശി തരൂര്‍ എം.പി, അരുണ സുന്ദര്‍ രാജ് ഐ.എ.എസ്, ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ, തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് ഏബ്രഹാം എന്നിവര്‍ സംസാരിക്കും. കേരളത്തില്‍ നിന്നുള്ള 22 വിദഗ്ധര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കൊല്ലം സിറ്റി പൊലിസ് കമ്മിഷനര്‍ സതീഷ് ബിനോ, തിരുവനന്തപുരം റൂറല്‍ എസ്.പി ഷഫീന്‍ അഹമ്മദ്, പി. പ്രകാശ് ഐ.പി.എസ്, മെറിന്‍ ഐ.പി.എസ്, സ്‌കോട്ട് വാറന്‍, ബെസി പാങ്, മനു സക്കറിയ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."