ബി.ജെ.പിയിൽ ചേക്കേറി കോൺഗ്രസിൻ്റെ താരപ്രചാരകൻ ആർ.പി.എൻ സിങ്ങാണ് അപ്രതീക്ഷിതമായി കോൺഗ്രസ് വിട്ടത് യു.പിയിൽ കൂടുമാറ്റം തുടരുന്നു
ലഖ്നൗ
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനോടടുക്കുമ്പോൾ വിവിധ പാർട്ടികളിൽനിന്നു കൂടുതൽ നേതാക്കൾ മറുകണ്ടം ചാടുന്നു. യു.പിയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും നിരവധി തവണ എം.എൽ.എയുമായിരുന്ന ആർ.പി.എൻ സിങ് എന്ന രതൻജീത് പ്രതാപ് നരേൻ സിങ്ങാണ് ഇന്നലെ അപ്രതീക്ഷിതമായി പാർട്ടി വിട്ടത്. സോണിയാ ഗാന്ധിക്കു രാജിക്കത്തയച്ചതിനു പിന്നാലെ മറുപടിക്ക് കാത്തുനിൽക്കാതെ അദ്ദേഹം ബി.ജെ.പിയിൽ ചേരുകയും ചെയ്തു.
ആർ.പി.എൻ സിങ്ങിന് ഏറ്റവും സ്വാധീനമുള്ള പദ്രൗന മണ്ഡലത്തിൽനിന്ന് അദ്ദേഹം ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് വിവരം. ഇവിടെനിന്നാണ് അദ്ദേഹം മൂന്നു തവണ എം.എൽ.എയായത്. 32 വർഷമായി പ്രവർത്തിച്ചിരുന്ന പാർട്ടിയിൽനിന്നു രാജിവയ്ക്കുകയാണെന്നും ഇനി പുതിയ തുടക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ജനങ്ങൾക്കും രാജ്യത്തിനുമായി പ്രവർത്തിക്കുന്നത് ബി.ജെ.പിയാണെന്നും മോദിക്കും അമിത് ഷായ്ക്കും പിന്നിൽ താനും രാജ്യത്തിനായി പ്രവർത്തിക്കുമെന്നും ആർ.പി.എൻ സിങ് പറഞ്ഞു. കോൺഗ്രസ് വിട്ടതിനു പിന്നാലെ ന്യൂഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തെത്തിയ അദ്ദേഹം, അവിടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഈയിടെ ബി.ജെ.പി വിട്ട് സമാജ് വാദി പാർട്ടിയിൽ ചേർന്ന സ്വാമിപ്രസാദ് മൗര്യയ്ക്കെതിരേ പദ്രൗനയിൽ ആർ.പി.എൻ സിങ്ങിനെ മത്സരിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കമെന്നു സൂചനയുണ്ട്.
താരപ്രചാരകൻ
യു.പിയിലെ പിന്നോക്ക വിഭാഗങ്ങളിൽ ഏറെ സ്വാധീനമുള്ളയാളാണ് ആർ.പി.എൻ സിങ്. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ താര പ്രചാരകൻമാരായി പ്രഖ്യാപിച്ചവരിൽ പ്രമുഖനായിരുന്നു. കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് താര പ്രചാരകരുടെ പട്ടിക പ്രഖ്യാപിച്ചത്. പ്രയിങ്കാ ഗാന്ധിക്കു കീഴിൽ പ്രചാരണം നടക്കുന്നതിലും തന്നെ അവഗണിക്കുന്നതിലും അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. 2009ൽ കുഷിനഗറിൽനിന്ന് ലോക്സഭയിലെത്തിയ സിങ്, 2014ൽ പരാജയപ്പെട്ടിരുന്നു. യു.പിയിൽ അമിത് ഷാ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പിന്നാലെയാണ് ആർ.പി.എൻ സിങ് ബി.ജെ.പിയിൽ ചേർന്നതെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."