HOME
DETAILS

പുര കത്തിച്ചും കഴുക്കോലൂരാം

  
backup
January 24 2021 | 01:01 AM

%e0%b4%aa%e0%b5%81%e0%b4%b0-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%82-%e0%b4%95%e0%b4%b4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b2%e0%b5%82

 


കേരളത്തിലെ സര്‍ക്കാര്‍ ബസുകമ്പനിയായ കെ.എസ്.ആര്‍.ടി.സി ചക്രശ്വാസം വലിക്കുന്നു എന്നു ചിലര്‍ പറയുന്നതൊക്കെ നേരായിരിക്കാം. അല്ലറചില്ലറ സാമ്പത്തിക ഇടപാട് തരികിടകളും നടക്കുന്നുണ്ടാവാം. എന്നുകരുതി അതിന്റെ സി.എം.ഡി ബിജു പ്രഭാകര്‍ അതിങ്ങനെ പരസ്യമായി വിളിച്ചുപറയുന്നത് ഒട്ടും ശരിയല്ല. പ്രത്യേകിച്ച് അധ്വാനിക്കുന്ന വര്‍ഗത്തെക്കുറിച്ച്. അതിപ്പോള്‍ ഉദ്യോഗസ്ഥരായാലും മറ്റു തൊഴിലാളികളായാലും അധ്വാനിമാര്‍ തന്നെയാണ്.
ഒരു സ്വകാര്യ ഏജന്‍സിയെക്കൊണ്ട് ഓഡിറ്റ് നടത്തിക്കിട്ടിയ കണക്കുവച്ചാണ് ബിജു ഇതൊക്കെ പറഞ്ഞത്. അതുതന്നെ വലിയൊരു തെറ്റാണ്. തൊഴിലാളിവര്‍ഗത്തിന്റെ കാര്യങ്ങള്‍ സ്വകാര്യ മുതലാളിമാര്‍ അന്വേഷിച്ച് കണക്കുണ്ടാക്കിയാല്‍ അതൊട്ടും വിശ്വസിക്കാനാവില്ല. അതില്‍ മുതലാളിവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ കാണുമെന്നുറപ്പാണ്. അതുകൊണ്ട് അവരുടെ അന്വേഷണവും റിപ്പോര്‍ട്ടുമൊന്നും അംഗീകരിക്കാനാവില്ല. സ്വര്‍ണക്കടത്തിലും ലൈഫ് മിഷന്‍ ഇടപാടിലുമൊക്കെ നടക്കുന്ന കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കേരള സര്‍ക്കാരിനു വിശ്വാസമില്ലല്ലോ. അതുപോലെ തന്നെയാണ് ഇതും.
ഇങ്ങനെ ഒരു തൊഴിലാളിവിരുദ്ധ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ചിട്ട് കണ്ടെത്തിയതെന്താണ്? കെ.എസ്.ആര്‍.ടിസിയില്‍ 100 കോടി രൂപ കാണാനില്ലത്രെ. 311.98 കോടി രൂപയ്ക്ക് കണക്കുമില്ല. പിന്നെ ഇന്ധനം നിറയ്ക്കലില്‍ തിരിമറി, കാലാവധി എത്താതെയും കാര്യമായ കേടുപാടുകളില്ലാതെയും അറ്റകുറ്റപ്പണികള്‍ നടത്തി അതിനായി യന്ത്രസാമഗ്രികള്‍ വാങ്ങി കമ്മിഷനടിക്കല്‍, ടിക്കറ്റ് മെഷീനില്‍ ക്രമക്കേട് നടത്തല്‍, കമ്പനിയിലെ ഉദ്യോഗസ്ഥര്‍ പണിയെടുക്കാതെ ഇഞ്ചിയും കാപ്പിയും കൃഷിചെയ്യുന്നു, ട്യൂഷനെടുക്കുന്നു... ഇങ്ങനെ പോകുന്നു കണ്ടെത്തലുകള്‍. അതിന്റെ പേരില്‍ ചില ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കുമൊക്കെ എതിരേ നടപടിയുണ്ടാകുമെന്നും കേള്‍ക്കുന്നു.


ഇതൊക്കെ ഇത്ര വലിയ കാര്യമാണോ? കാശ് കാണാതാവുന്നത് ഒട്ടും പുതുമയുള്ളതല്ല. വലിയ തറവാടുകളിലൊക്കെ പ്രായാധിക്യമുള്ളവര്‍ കാശ് കിടക്കയ്ക്കടിയിലോ തലയിണക്കവറിനുള്ളിലോ ഒക്കെ വച്ചുമറന്ന് കാണാതാവുന്നത് പതിവാണ്. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്ര വലിയൊരു കമ്പനിയില്‍ 100 കോടി വളരെ തുച്ഛമാണ്. അതു തിരക്കിനിടയില്‍ ജീവനക്കാര്‍ കസേരകള്‍ക്കടിയിലോ അലമാരയില്‍ ഫയലുകള്‍ക്കിടയിലോ അല്ലെങ്കില്‍ സ്വന്തം പോക്കറ്റിലോ ഒക്കെ വച്ചുമറന്ന് കാണാതായതായിരിക്കും. തപ്പിത്തെരഞ്ഞാല്‍ അതു കണ്ടെത്തിയേക്കും. കണ്ടെത്തിയില്ലെങ്കില്‍ അതങ്ങ് എഴുതിത്തള്ളാവുന്നതല്ലേയുള്ളൂ. അതു ചെയ്യാതെ ഇങ്ങനെ എച്ചിക്കണക്ക് പറയുന്നത് പരമബോറാണ്.


പിന്നെ ഇത്തിരി തട്ടിപ്പും തരികിടകളുമൊക്കെ എവിടെയാണ് നടക്കാത്തത്? കേന്ദ്ര, സംസ്ഥാന ഭരണങ്ങളില്‍ തന്നെ കൂറ്റന്‍ അഴിമതികള്‍ നടക്കുന്നതായി വാര്‍ത്തകള്‍ വരാറുണ്ട്. അതൊക്കെ ശതകോടിക്കണക്കിനും സഹസ്രകോടിക്കണക്കിനുമൊക്കെയാണ്. കൂടാതെ തദ്ദേശ ഭരണകൂടങ്ങളിലും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലുമൊക്കെ വലിയ അഴിമതികള്‍ നടക്കുന്നുമുണ്ട്. എന്നിട്ട് അതിലൊക്കെ എത്രപേര്‍ക്കെതിരേ നടപടിയുണ്ടായി? അഴിമതി നടത്തിയ എത്ര നേതാക്കള്‍ ജയിലിലായി? ജയിലിലായ വലിയൊരു നേതാവു തന്നെ ജയില്‍ക്കുപ്പായം മാറ്റി പുറത്തിറങ്ങി ഇപ്പോള്‍ കാബിനറ്റ് പദവിയിലിരിക്കുന്നു. അതൊന്നും കാണാതെ അധ്വാനിക്കുന്ന വര്‍ഗത്തിനു നേരെ മാത്രം കുതിരകയറാന്‍ വന്നാല്‍ വകവച്ചുകൊടുക്കാനാവില്ല.
ആനവണ്ടിക്കമ്പനിയില്‍ മാത്രം ഇതൊന്നും നടക്കരുതെന്നും അധ്വാനിക്കുന്ന വര്‍ഗം അതൊന്നും നടത്തരുതെന്നുമുള്ള ന്യായം പള്ളിയില്‍ പറഞ്ഞാല്‍ മതി. അവരുടെ പ്രവൃത്തികളില്‍ എന്തെങ്കിലും തകരാറ് കണ്ടാല്‍ അധ്വാനിക്കുന്ന വര്‍ഗത്തിന്റെ അനിഷേധ്യ നേതാവ് എളമരം കരീം പറഞ്ഞതുപോലെ അതു പരസ്യമായി പറയുകയല്ല വേണ്ടത്. അവരെ രഹസ്യമായി വിളിച്ചുവരുത്തി ഇനി ഇങ്ങനെയൊന്നും ചെയ്യരുത് കേട്ടോ എന്ന് ചെവിയില്‍ മൃദുവായി പറയണം. അല്ലാതെ നടപടി എന്നൊക്കെ പറഞ്ഞു വന്നാല്‍ സ്തംഭിപ്പിക്കും കട്ടായം.


അല്ലെങ്കിലും ആനവണ്ടിക്കമ്പനി പോലുള്ള സര്‍ക്കാര്‍ കമ്പനികള്‍ ഇതിനൊക്കെ ഉള്ളതുമാണ്. അവിടെ ഇത്തിരി തട്ടിപ്പും തരികിടയും നടത്തിയില്ലെങ്കില്‍ നാട്ടിലെ ഭരണവര്‍ഗ രാഷ്ട്രീയ നേതാക്കളും അവരുടെ പാര്‍ട്ടികളിലെ തൊഴിലാളി യൂണിയന്‍ നേതാക്കളും എങ്ങനെ ജീവിക്കുമെന്ന് ഇതിനെയൊക്കെ കുറ്റം പറയുന്ന ആരെങ്കിലും ഓര്‍ത്തിട്ടുണ്ടോ? അധ്വാനിക്കുന്ന വര്‍ഗം ഇങ്ങനെയൊക്കെ സംഭരിക്കുന്ന പണം അവര്‍ തന്നെ വിഴുങ്ങുകയൊന്നുമല്ല. ഇങ്ങനെ അധ്വാനിക്കുന്ന വര്‍ഗം സംഘടിപ്പിക്കുന്ന പണത്തില്‍ യൂണിയന്‍ ഫണ്ട്, പാര്‍ട്ടി ഫണ്ട്, രക്തസാക്ഷികളുടെ കുടുംബസംരക്ഷണ ഫണ്ട്, സമ്മേളന ഫണ്ട് ഇനങ്ങളിലൊക്കെയായി കിട്ടുന്ന വിഹിതങ്ങള്‍ കൊണ്ടാണ് നേതാക്കള്‍ ജീവിക്കുന്നത്. അതു നിലച്ചാല്‍ അവര്‍ക്കിടയില്‍ തൊഴിലില്ലായ്മ പെരുകും. അതുകൊണ്ടാണ് ഇതുപോലുള്ള കാര്യങ്ങള്‍ പുറത്തുവരുമ്പോള്‍ അധ്വാനിക്കുന്ന വര്‍ഗത്തിന്റെ രക്ഷയ്ക്കായി കൊടിനിറം നോക്കാതെ നേതാക്കളെത്തുന്നത്. അന്നത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ ഏതൊരു ജീവിക്കും ഉണ്ടാകുമല്ലോ.
ഇതൊന്നും കുത്തക മുതലാളിമാരുടെ കമ്പനികളില്‍ നടക്കില്ല. അവര്‍ ചെവിക്കു പിടിച്ചു പുറത്തിടും. അതുകൊണ്ടാണ് ഇതിനൊക്കെ സര്‍ക്കാര്‍ കമ്പനികളെ ആശ്രയിക്കുന്നത്. ഇത്തരം കമ്പനികള്‍ക്ക് നഷ്ടം സംഭവിക്കുമ്പോള്‍ പതിവായി ചെയ്യുന്നതുപോലെ സര്‍ക്കാര്‍ പണം നല്‍കി സഹായിക്കണം. അതിവിടെ ഒരുപാടു കാലമായി നടന്നുകൊണ്ടിരിക്കുന്നതാണ്. അതില്‍ സര്‍ക്കാരിന് നഷ്ടമൊന്നുമില്ലല്ലോ. നാട്ടുകാരുടെ പണമല്ലേ നല്‍കുന്നത്.
കത്തുന്ന പുരയില്‍ നിന്ന് കഴുക്കോലൂരുന്നത് കേരളത്തില്‍ നാട്ടുനടപ്പാണ്. എങ്ങനെയെങ്കിലും തീപിടിച്ചില്ലെങ്കില്‍ കഴുക്കോലൂരാനായി പുര കത്തിക്കുന്നതിലും തെറ്റൊന്നുമില്ല. അതിവിടെ സംഭവിക്കുന്നു എന്നു മാത്രം കരുതിയാല്‍ മതി.

മൃതദേഹം പിള്ളമാരെ
ചുമക്കുന്ന പാര്‍ട്ടികള്‍


ഒരുകാലത്ത് കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദമായ 'കിങ്ങിണിക്കുട്ടന്‍' എന്ന നാടകത്തിലെ മൃതദേഹം പിള്ള എന്ന കഥാപാത്രത്തെ ഓര്‍ക്കുന്നില്ലേ? വാര്‍ധക്യത്തിന്റെ അങ്ങേയറ്റമെത്തിയിട്ടും ഉയര്‍ന്നൊരു അധികാരസ്ഥാനത്തിരിക്കുന്ന 'കരുത്തനായ' നേതാവ്. മിക്ക സമയത്തും അബോധാവസ്ഥയിലായിരിക്കും. ബോധം തെളിയാന്‍ മറ്റുള്ളവര്‍ കാത്തുനില്‍ക്കും. തെളിയുമ്പോള്‍ അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളോ അല്ലെങ്കില്‍ എന്തെങ്കിലും നിര്‍ദേശങ്ങളോ നല്‍കും. അതു സ്വീകരിക്കപ്പെടും.
ഇത്തരമവസ്ഥയിലും എന്തിനിവര്‍ അധികാരത്തിലിരിക്കുന്നു എന്നാരും ചോദിക്കരുത്. അധികാരം അങ്ങനെയാണ്. അത്ര കടുത്തൊരു ലഹരിയാണ് അധികാരം. മദ്യത്തിനോ മയക്കുമരുന്നിനോ അടിമപ്പെട്ടവരെ ചികിത്സിച്ച് രക്ഷപ്പെടുത്താന്‍ നാട്ടില്‍ സംവിധാനങ്ങളുണ്ട്. എന്നാല്‍ അധികാരത്തിന് അടിമപ്പെട്ടാല്‍ പിന്നെ രക്ഷയില്ല. ജനാധിപത്യ വ്യവസ്ഥയില്‍ അധികാരസ്ഥാനങ്ങളിലെത്തുന്നതിനോ പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുന്നതിനോ പ്രായം തടസ്സമല്ലാത്തതിനാല്‍ അവരുടെ പാര്‍ട്ടികള്‍ക്കും അതുവഴി നാട്ടുകാര്‍ക്കും അവരെ ചുമന്നേ പറ്റൂ. ഗത്യന്തരമില്ലാത്തതിനാല്‍ പ്രായം വകവയ്ക്കാതെ നേതാവ് പാര്‍ട്ടിക്കു വേണ്ടി ത്യാഗം സഹിക്കുന്നു എന്ന് പാര്‍ട്ടികള്‍ പറയും. അവര്‍ക്കതു പറയാം. ഈ നേതാക്കള്‍ എത്രകാലം അധികാരസ്ഥാനങ്ങളിലിരുന്നാലും അവരെ തീറ്റിപ്പോറ്റേണ്ട ബാധ്യത പൊതുജനത്തിനാണല്ലോ.
വളരെ ചെറുപ്പത്തില്‍ തന്നെ അധികാരസ്ഥാനത്തെത്തി ദീര്‍ഘകാലം അതില്‍ തുടര്‍ന്നാലും ഇത്തരം നേതാക്കള്‍ക്ക് മതിയാവില്ല. അധികാരത്തിന്റെ രജതജൂബിലിയും സുവര്‍ണജൂബിലിയുമൊക്കെ പിന്നിട്ടാലും അവര്‍ക്കു ജനസേവനക്കൊതി തീരില്ല. ജനങ്ങളെ സേവിക്കാന്‍ ആയിരം കൊല്ലമെങ്കിലും ആയുരാരാഗ്യസൗഖ്യത്തോടെ ജീവിക്കാനായിരിക്കും അവരുടെ പ്രാര്‍ഥന. ഈ പണി തുടങ്ങിയിട്ട് കാലം കുറെ ആയില്ലേ എന്നോ ഇത്രയും കാലം അധികാരത്തിലിരുന്നില്ലേ എന്നോ ഒക്കെ കരുതി ഇനി തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കേണ്ടെന്ന് അവരുടെ പാര്‍ട്ടി തീരുമാനിച്ചിട്ടൊന്നും കാര്യമില്ല. അവര്‍ ഇടയും. ഉടന്‍ തന്നെ അവരെ സ്വീകരിക്കാന്‍ മറുപക്ഷം തയാറായിരിക്കും. അധികാര രാഷ്ട്രീയത്തിന്റെ നിഘണ്ടുവില്‍ നന്ദി എന്നൊരു പദമില്ലല്ലോ. സീറ്റ് കിട്ടാതെ വരുമ്പോള്‍ ഇത്രകാലം തന്നെ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് മറുകണ്ടം ചാടാന്‍ അവര്‍ക്കൊരു മടിയും കാണില്ല. സാമുദായികമോ അല്ലെങ്കില്‍ വേറെ ഏതെങ്കിലും തരത്തിലോ ചില ജനവിഭാഗങ്ങള്‍ക്കിടയില്‍ ചെറിയൊരു വോട്ട് ബാങ്ക് അവര്‍ക്കുണ്ടാകും. സ്വന്തം രാഷ്ട്രീയ വോട്ടും ഇതും കൂടി ചേര്‍ന്നാല്‍ കിട്ടാത്തൊരു സീറ്റ് പിടിച്ചെടുക്കാന്‍ മറുപക്ഷത്തിന് അതു മതിയാകും.
ഇതു നന്നായി അറിയാവുന്നതുകൊണ്ടു തന്നെ അവര്‍ ഇടഞ്ഞാലുടന്‍ അവരുടെ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തില്‍ നിന്ന് വിളി വരും. എങ്ങനെയെങ്കിലും അനുനയിപ്പിക്കാന്‍ ശ്രമിക്കും. ഒരു നിവൃത്തിയുമില്ലെങ്കില്‍ സീറ്റ് നല്‍കും. അങ്ങനെയാണ് പാര്‍ലമെന്റിലോ നിയമസഭയിലോ ഒക്കെ കാലാവധിയുടെ അവസാന വര്‍ഷങ്ങളില്‍ അവശരായി ശയ്യയിലായിപ്പോകുന്ന ചിലരെ ചുമതലകള്‍ നിര്‍വഹിക്കാതെ തന്നെ ചെല്ലും ചെലവും നല്‍കി തീറ്റിപ്പോറ്റാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നത്. ഈ ചുമതല നിര്‍വഹിക്കാന്‍ ആരോഗ്യവും പ്രാപ്തിയുമുള്ള നേതാക്കള്‍ പുറത്തു നില്‍ക്കുന്ന അവസ്ഥയില്‍ പോലും. പറഞ്ഞിട്ടു കാര്യമില്ല. അതൊക്കെ ഇനിയും തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  4 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  4 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  4 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  4 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  5 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  5 days ago