എന്‍.ഐ.എയ്ക്ക് തിരിച്ചടി; കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ പ്രതികളെ വെറുതേവിട്ടു
കൊച്ചി: എന്‍ഐഎക്ക് കടുത്ത തിരിച്ചടി നല്‍കിക്കൊണ്ട് കോഴിക്കോട് ഇരട്ടസ്‌ഫോടന കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. പ്രതികളായ തടിയന്റവിട നസീറിനേയും ഷഫാസിനേയുമാണ് കോടതി വെറുതേ വിട്ടത്. കൊച്ചി എന്‍ ഐ എയുടെ അപ്പീല്‍ തള്ളിയാണ് പ്രതികളെ വെറുതെ വിട്ടത്. അബ്ദുള്‍ ഹാലിം, അബുബക്കര്‍ യൂസഫ് എന്നീ രണ്ട് പ്രതികളെ വിചാരണ കോടതി വെറുതെവിട്ടിരുന്നു. ഇതും കോടതി അംഗീകരിച്ചു.
ആകെ 9 പ്രതികളുള്ള കേസില്‍, ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ ഇനിയും പൂര്‍ത്തിയായിട്ടില്ല.
2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് നഗരത്തില്‍ ഇരട്ട ബോംബ് സ്ഫോടനമുണ്ടായത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്തും മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലും 15 മിനുട്ട് വ്യത്യാസത്തിലുണ്ടായ സ്ഫോടനങ്ങളില്‍ മൂന്നുപേര്‍ക്കു പരുക്കേറ്റിരുന്നു.
ആദ്യം സംസ്ഥാന പൊലിസ് അന്വേഷിച്ച ഈ കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. കേസില്‍ തടിയന്റവിട നസീറിനെ ഒന്നാം പ്രതിയാക്കി അസ്ഹര്‍ അടക്കം എട്ടുപേര്‍ക്കെതിരേ 2010ല്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. യു.എ.പി.എ, സ്ഫോടന നിയമം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. തടിയന്റവിട നസീര്‍ നടത്തിയ ഗൂഢാലോചനയില്‍ നിലവില്‍ ഒളിവില്‍ കഴിയുന്ന പരപ്പനങ്ങാടി യൂസുഫിനൊപ്പം പങ്കാളിയായി എന്നതാണ് അസ്ഹറിനെതിരായ കുറ്റം.
മാറാട് കലാപത്തിലെ പ്രതികള്‍ക്കു ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതികള്‍ സ്ഫോടനം നടത്തിയതെന്നാണ് എന്‍.ഐ.എ പറയുന്നത്. കേരളത്തില്‍ എന്‍.ഐ.എ ഏറ്റെടുത്ത ആദ്യ കേസാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."