HOME
DETAILS

ചിറകറ്റുവീഴുന്നത് ഒരു ജനതയുടെ സ്വപ്നസാക്ഷാത്കാരം

  
backup
January 30, 2022 | 7:39 PM

84532-54623-2022


കരിപ്പൂർ വിമാനത്താവള റൺവേയുടെ നീളം കുറച്ച് റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം കൂട്ടുന്ന ജോലികൾ ഈ വർഷം സിസംബർ 31നകം പൂർത്തിയാക്കണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യാ മെംബർ ഓഫ് പ്ലാനിങ് അനിൽകുമാർ പഥക്, വിമാനത്താവള ഡയരക്ടർ ആർ. മഹാലിംഗത്തിന് നിർദേശം നൽകിയിരിക്കുകയാണ്. ഇതോടെ കരിപ്പൂർ വിമാനത്താവളം ചിറകറ്റുവീഴുമെന്ന കാര്യം ഉറപ്പായി. ജനകീയ പ്രക്ഷോഭങ്ങളെയും ജനപ്രതിനിധികളുടെ എതിർപ്പിനെയും അവഗണിച്ച് എയർപോർട്ട് അതോറിറ്റി എടുത്ത തീരുമാനം വിമാനത്താവളത്തെ കോർപറേറ്റുകൾക്ക് വിൽക്കുമെന്ന ധാരണ ഊട്ടിയുറപ്പിക്കുന്നതാണ്. തീരുമാനം നടപ്പിലാകുന്നതോടെ റൺവേയുടെ നീളം 2,540 മീറ്ററായി കുറയും. നിലവിൽ 2,860 മീറ്ററാണ് റൺവേയുടെ നീളം. റൺവേയുടെ ഇരുവശത്തുമുള്ള റിസയുടെ നീളം 240 മീറ്ററായി വർധിക്കും. നിലവിൽ 90 മീറ്ററാണ് ഉള്ളത്. നീളം കുറയ്ക്കുന്ന പ്രവൃത്തിയും പെയിന്റിങ്ങും ജൂലൈ 30നകം തീർക്കാനും മറ്റു പ്രവൃത്തികളായ ഐ.എൽ.എസ്, ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റം തുടങ്ങിയവ ഡിസംബർ 31നകം തീർക്കാനുമാണ് തീരുമാനം. ഇതോടെ കരിപ്പൂരിന്റെ ചിറകരിയുന്ന ആദ്യ ഘട്ടം പൂർത്തിയാകും.


റൺവേയിൽനിന്ന് വിമാനം തെന്നിമാറിയാൽ ചെന്നുനിൽക്കാനുള്ള സ്ഥലമായ റിസയുടെ നീളം കൂട്ടാൻ റൺവേയുടെ നീളം കുറയ്ക്കുക എന്നത് തലതിരിഞ്ഞ തീരുമാനമാണ്. പലവിധ കാരണങ്ങൾ നിരത്തി റൺവേയുടെ നീളം കൂട്ടണമെന്ന് ആവശ്യപ്പെട്ടവരാണ് ഇപ്പോൾ റൺവേയുടെ നീളം കുറയ്ക്കാനുള്ള തീരുമാനമെടുത്തതെന്നത് അത്ഭുതകരം തന്നെ. വിചിത്രമായ ഈ തീരുമാനത്തിനു പിന്നിൽ ഹിഡൻ അജൻഡ തന്നെയാണുള്ളത്. 2023 ആകുന്നതോടെ വിമാനത്താവളം സ്വകാര്യവത്കരിക്കുകയെന്ന തീരുമാനം നടപ്പിലാക്കാൻ വേണ്ടിയാണ് ഇപ്പോഴുള്ള സൂത്രപ്പണികൾ വ്യോമയാന വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. വിമാനത്താവളത്തിന്റെ പോരായ്മയോ അസൗകര്യമോ ആയിരുന്നില്ല വിമാനാപകടത്തിന് കാരണമായതെന്ന് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ സമിതി റിപ്പോർട്ട് നൽകിയതാണ്. എന്നിട്ടും അപകടത്തിന്റെ പേര് പറഞ്ഞ് വിമാനത്താവളം സ്വകാര്യവത്കരിക്കാൻ നടത്തുന്ന അധികൃത ശ്രമങ്ങൾ കാണുമ്പോൾ അപകടം പോലുള്ള ഒരവസരത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നുവോ വ്യോമയാന വകുപ്പ് എന്ന് തോന്നിപ്പോവുക സ്വാഭാവികം.


പല വിദേശ രാജ്യങ്ങളിലും വലിയ വിമാനങ്ങൾ സർവിസ് നടത്തുന്നത് കരിപ്പൂരിലുള്ളത് പോലുള്ള നിബന്ധനകളിലൂടെയല്ല. റൺവേയുടെ നീളം കുറച്ചാലും വലിയ വിമാനങ്ങൾക്ക് സർവിസ് നടത്താൻ പ്രയാസമുണ്ടാകില്ലെന്നാണ് അധികൃതരുടെ ഭാഷ്യം. അങ്ങനെ വരുമ്പോൾ ടേബിൾ ടോപ് റൺവേയുള്ള കരിപ്പൂരിലെ വിമാനത്താവളത്തിൽ ഭാരം കുറഞ്ഞ വിമാനങ്ങളായിരിക്കും ഇറങ്ങുക. അത്തരം വിമാനങ്ങൾ പറപ്പിക്കാനേ വൈമാനികർ സന്നദ്ധരാകൂ. അപ്പോൾ വിമാനത്തിലെ യാത്രക്കാരുടെ എണ്ണവും ലഗേജ്, കാർഗോ എന്നിവയുടെ ഭാരവും നിയന്ത്രിക്കേണ്ടിവരും. യാത്രക്കാരും ചരക്കും കുറയുമ്പോൾ വിമാനക്കമ്പനികൾക്ക് അതു നഷ്ടപ്പറക്കലാകും. ഈ പ്രതിസന്ധി തരണം ചെയ്യാൻ വിമാനക്കമ്പനികൾ യാത്രാ ചാർജ് വർധിപ്പിക്കും. കരിപ്പൂരിനെ ആശ്രയിക്കുന്ന സാധാരണ യാത്രക്കാർക്കും പ്രവാസികൾക്കും ഭീമമായ ചാർജ് നൽകി കരിപ്പൂർ വിമാനത്താവളത്തെ ഉപയോഗപ്പെടുത്താനാവില്ല. അവരപ്പോൾ ചാർജ് കുറഞ്ഞ വിമാനത്താവളങ്ങൾ തേടിപ്പോകും.


കണ്ണൂരിലും നെടുമ്പാശേരിയിലും തിരുവനന്തപുരത്തെ അദാനി വിമാനത്താവളത്തിലും കുറഞ്ഞ ചാർജ് നിരക്കിൽ യാത്ര ചെയ്യാമെന്ന് വരുമ്പോൾ യാത്രക്കാർ കരിപ്പൂരിനെ ഒഴിവാക്കി അവിടങ്ങളിലേക്ക് മാറും. രാജ്യത്ത് ഏറ്റവുമധികം ലാഭമുണ്ടാക്കിയിരുന്ന കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള കരിപ്പൂർ വിമാനത്താവളം അങ്ങനെ നഷ്ടത്തിലേക്ക് കൂപ്പുകുത്തും. ഇത്തരമൊരു അവസരത്തിനായിരിക്കണം കരിപ്പൂരിന്റെ ചിറകരിയാനുള്ളവർ കാത്തിരുന്നിട്ടുണ്ടാവുക. യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാണിച്ച്, നഷ്ടത്തിലേക്കാണ് കരിപ്പൂരിലെ വിമാനങ്ങൾ പറക്കുന്നതെന്ന് സ്ഥിരീകരിച്ച് വിമാനത്താവളം അദാനിക്കോ മറ്റേതെങ്കിലും കോർപറേറ്റിനോ എളുപ്പത്തിൽ കൈമാറുകയും ചെയ്യാം. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് ചൂണ്ടിക്കാണിച്ച് കരിപ്പൂരിന്റെ ചിറകരിയുമ്പോൾ എതിർക്കാനും ആരും വരില്ലെന്ന ധാരണയും എയർപോർട്ട് അതോറിറ്റിക്ക് ഉണ്ടായിരിക്കണം. ഈ സാധ്യതകളൊക്കെയും പ്രാവർത്തികമാക്കാൻ വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണ് വിമാനത്താവള അതോറിറ്റി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ആ മുന്നൊരുക്കങ്ങളുടെ ഭാഗമാണ് റൺവേയുടെ നീളം കുറയ്ക്കലും, റിസയുടെ നീളം കൂട്ടലും.


നല്ല ലക്ഷ്യത്തോടെയാണ് എയർപോർട്ട് അതോറിറ്റി കരിപ്പൂർ വിമാനത്താവളത്തിൽ മാറ്റങ്ങൾ വരുത്തുന്നതെങ്കിൽ വിമാനത്താവളത്തിന്റെ അധീനതയിലുള്ള ഭൂമി തന്നെ ഉപയോഗപ്പെടുത്താമായിരുന്നു. വിമാനാത്താവളത്തിന് അകത്തെ വിദ്യാലയം, ജീവനക്കാരുടെ ക്വാർട്ടേഴ്‌സ്, ഇന്ധന കമ്പനികൾക്ക് അനുവദിച്ച സ്ഥലം തുടങ്ങിയവ പുറത്തേക്ക് മാറ്റാവുന്നതേ ഉള്ളൂ. മാത്രമല്ല, ഉപയോഗിക്കപ്പെടാതെ കിഴക്കു ഭാഗത്ത് ഏക്കർ കണക്കിന് ഭൂമി ഒഴിഞ്ഞു കിടക്കുന്നുമുണ്ട്. ഇതെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ടും എയർപോർട്ട് അതോറിറ്റിക്ക് നൽകിയതാണ്. പക്ഷേ, അംഗീകരിക്കപ്പെട്ടില്ല. ഇതോടെ കേന്ദ്ര സർക്കാരിന്റെയും വ്യോമയാന വകുപ്പിന്റെയും എയർപോർട്ട് അതോറിറ്റിയുടെയും നീക്കങ്ങൾ സദുദ്ദേശ്യപരമല്ലെന്ന് വ്യക്തമായിരിക്കുകയാണ്.
റൺവേയുടെ നീളം കുറയുന്നതോടെ വലിയ വിമാന സർവിസുകൾ മുടങ്ങുമെന്നത് ഉറപ്പാണ്. അത്തരമൊരവസ്ഥയിൽ കരിപ്പൂർ വഴിയുള്ള ഹജ്ജ് യാത്രയും ഉണ്ടാകില്ല. ഇതു മലബാറിലെ ഭൂരിപക്ഷം ഹജ്ജ് യാത്രക്കാർക്കും തിരിച്ചടിയാകും. എട്ടു കോടിയിലേറെ മുടക്കി വനിതാ ഹജ്ജ് ടെർമിനൽ ഉദ്ഘാടനത്തിനായി കാത്തിരിക്കുമ്പോഴാണ് വിമാനത്താവളം തന്നെ നഷ്ടപ്പെടുന്നത്. നല്ല നിലയിൽ സർവിസ് നടത്തിക്കൊണ്ടിരുന്ന കരിപ്പൂരിൽ വലിയ വിമാനത്തിന്റെ പേരിൽ ഹജ്ജ് സർവിസും നിർത്തലാക്കിയിരിക്കുകയാണ്. ഹജ്ജ് സർവിസുകളെല്ലാം നടത്തുന്നത് വലിയ വിമാനങ്ങളാണ്. ഹജ്ജ് എമ്പാർക്കേഷൻ പോയിന്റ് കരിപ്പൂരിന് നഷ്ടമാകുന്നതോടെ യാത്രികർക്ക് സൗകര്യം ചെയ്ത് കൊടുക്കാനായി ഉണ്ടാക്കിയ സംവിധാനങ്ങളും ഇല്ലാതാകും. ഹജ്ജ് ഹൗസ് നഷ്ടപ്രതാപത്തിന്റെ വേദനിപ്പിക്കുന്ന ഓർമയായി മാറിയേക്കാം. ഹജ്ജ് ഹൗസ് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യും. 2023 ആകുന്നതോടെ കരിപ്പൂരിന്റെ അവസാനത്തെ ചിറകടിയും നിലച്ചേക്കാം. ചിറകറ്റുവീഴുന്നത് ഒരു ജനതയുടെ സ്വപ്നസാക്ഷാത്കാരമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍

uae
  •  3 days ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം പരിഹരിക്കണം; കൊല്‍ക്കത്തയില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി 

National
  •  3 days ago
No Image

രക്തസാക്ഷി ദിനം: ആചാരങ്ങൾക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ

uae
  •  3 days ago
No Image

പൊലിസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി: വ്യാജ പരാതിക്കാരിയായ സ്പാ ജീവനക്കാരി അറസ്റ്റിൽ; എസ്ഐ ഒളിവിൽ

crime
  •  3 days ago
No Image

വിജയ്‌യെ വിമര്‍ശിച്ച യൂട്യൂബര്‍ക്ക് മര്‍ദ്ദനം; നാല് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

National
  •  3 days ago
No Image

പ്രതീക്ഷയുടെ നെറുകൈയില്‍ ഒമാന്‍ സാറ്റ്1

oman
  •  3 days ago
No Image

നരഭോജിക്കടുവയുടെ ആക്രമണം; നീലഗിരിയിൽ 65-കാരിയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു

National
  •  3 days ago
No Image

ആകാശത്ത് ചാരമേഘം; കണ്ണൂർ-അബൂദബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

uae
  •  3 days ago
No Image

പാസ്‌പോര്‍ട്ട് പുതുക്കാതെ ഇന്ത്യന്‍ എംബസി; കുവൈത്തില്‍ കുടുങ്ങി പ്രവാസി

Kuwait
  •  3 days ago
No Image

ഫ്ലാറ്റിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ

crime
  •  3 days ago