സൗന്ദര്യ സംരക്ഷണം മുതല്‍ പ്രമേഹ നിയന്ത്രണം വരെ...ഗുണമേറെയാണ് കറ്റാര്‍ വാഴക്ക്
ഏറെയൊന്നു മിനക്കെടാതെ തന്നെ നമ്മുടെ അടുക്കളത്തോട്ടത്തിലോ പൂന്തോട്ടത്തിലോ നട്ടുവളര്‍ത്താവുന്ന ഔഷധ സസ്യമാണ് കറ്റാര്‍ വാഴ. ഗുണമേറയാണ് ഈ കുഞ്ഞന്‍ ചെടിക്ക്. ഇലപ്പോളകള്‍ക്കുള്ളിലെ ജെല്ലില്‍ നിറഞ്ഞരിക്കുന്ന മ്യൂക്കോപോളിസാക്കറൈസുകളാണ് ഇതിന് ഔഷധ ഗുണം നല്‍കുന്നത്. വിറ്റാമിനുകളുടെയും കാത്സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെയും നല്ലൊരു കലവറ കൂടിയാണ് കറ്റാര്‍വാഴ.
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ളതിനാല്‍ ചര്‍മത്തിന്റെ ആരോഗ്യവും നിറവും കൂട്ടാന്‍ കറ്റാര്‍വാഴ ഉത്തമമാണ്. വിറ്റാമിന്‍ഇ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ വരണ്ട ചര്‍മത്തിനും ചുളിവ് വീഴുന്നതിനും കരുവാളിപ്പിനും പരിഹാരം കാണാനും ഇതിന് കഴിയും. ദിവസവും കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും കാന്‍സര്‍ വരാതെ നോക്കുന്നതിനും മുറിവും പൊള്ളലും ഉണക്കുന്നതിനും പ്രമേഹത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും ദഹനപ്രക്രിയ കൂട്ടുന്നതിനും ഉത്തമമാണ്.
ഒന്നരയടിവരെ പൊക്കത്തില്‍ വളരുന്ന കറ്റാര്‍വാഴ ചട്ടിയിലോ ഗ്രോബാഗിലോ മണ്ണില്‍ത്തന്നെയോ നടാം. ചെടികള്‍ തമ്മില്‍ ഒന്നരയടി അകലം കൊടുത്ത് നടുന്നതാണ് നല്ലത്.
ഉണങ്ങിപ്പൊടിഞ്ഞ ചാണകം അടിവളമായി നല്‍കാം. ഒന്നരമാസത്തിലൊരിക്കല്‍ ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും മണ്ണിര കമ്പോസ്റ്റും ചേര്‍ത്ത് മണ്ണ് കൂട്ടണം.
വരള്‍ച്ചയെ ചെറുക്കാന്‍ കഴിവുണ്ടെങ്കിലും തീരെ നന നല്‍കാതിരുന്നാല്‍ ചെടി ഉണങ്ങും. ഇലയുടെ അറ്റം ബ്രൗണ്‍ നിറത്തിലാകുന്നതാണ് വെള്ളം തികയാത്തതിന്റെ ലക്ഷണം.നന അധികമായാല്‍ കറുത്ത പുള്ളിക്കുത്തുകള്‍ കാണാനാകും.
നട്ട് മൂന്നാം മാസംമുതല്‍ വിളവെടുക്കാം. ഒരു ചെടിയില്‍നിന്നും തുടര്‍ച്ചയായി അഞ്ചുവര്‍ഷംവരെ വിളവെടുക്കാമെന്നതും കറ്റാര്‍വാഴയുടെ പ്രത്യേകതയാണ്. ദിവസം ആറു മണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് കറ്റാര്‍വാഴ കൃഷിക്ക് അനുയോജ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."