കടല്‍ക്കൊല: നാവികര്‍ക്കെതിരായ കേസ് തള്ളി ഇറ്റാലിയന്‍ കോടതിയും
ന്യൂഡല്‍ഹി: എന്റിക ലെക്സി കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ മറൈനുകള്‍ക്കെതിരായ കൊലപാതകക്കേസ് തള്ളി ഇറ്റാലിയന്‍ കോടതി. ഇന്ത്യയില്‍ ഇവര്‍ക്കെതിരായ വിചാരണ നടപടികല്‍ നേരത്തെ സുപ്രിംകോടതി അവസാനിപ്പിച്ചിരുന്നു. കോടതി വിധിയെ ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ലോറന്‍സോ ഗുറിനി സ്വാഗതം ചെയ്തു.
ഇറ്റാലിയന്‍ മറീനുകളായ സാല്‍വത്തോറെ ജിറോണ്‍, മസമിലാനോ ലത്തോറെ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇവരെ വിചാരണ ചെയ്യാന്‍ മതിയായ തെളിവുകളില്ലെന്നാണ് പ്രോസിക്യൂട്ടര്‍ റോമിലെ കോടതിയെ അറിയിച്ചത്.
2012 ഫെബ്രുവരി 15-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇറ്റാലിയന്‍ കപ്പലായ എന്‍ റിക്ക ലെക്സിക്ക് സുരക്ഷാ നല്‍കിയിരുന്ന ഇറ്റാലിയന്‍ മറീനുകള്‍ കേരള തീരത്തുവച്ചാണ് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയത്. ആലപ്പുഴ തോട്ടപ്പള്ളി കടലില്‍ വച്ചായിരുന്നു മത്സ്യബന്ധ ബോട്ടിലെ തൊഴിലാളികളെ കപ്പലിലെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചു കൊലപ്പെടുത്തിയത്.
കേസില്‍ നഷ്ടപരിഹാരമായി 10 കോടി രൂപ ഇറ്റലി നല്‍കിയ സാഹചര്യത്തില്‍ 2021 ജൂണിലാണ് നാവികര്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചത്. ഇതില്‍ 4 കോടി രൂപ വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും 2 കോടി ബോട്ട് ഉടമയ്ക്കും നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."