കൊവിഡിനെതിരായ പോരാട്ടം രാജ്യം ഒറ്റക്കെട്ടായി നിന്ന് കരുത്ത് തെളിയിച്ചെന്ന് രാഷ്ട്രപതി
ന്യൂഡൽഹി
കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുകയും കരുത്തു തെളിയിക്കുകയും ചെയ്തതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ കഴിവ് വാക്‌സിനേഷൻ യജ്ഞത്തിൽ വ്യക്തമാണ്. ഒരു വർഷത്തിനുള്ളിൽ 150 കോടിയിലധികം വാക്‌സിൻ ഡോസുകൾ നൽകി.
രാജ്യത്തെ 90 ശതമാനത്തിലധികം പ്രായപൂർത്തിയായവർക്ക് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചു. 70 ശതമാനത്തിലധികം പേർക്ക് രണ്ട് ഡോസുകളും നൽകി. ഇന്ത്യയിൽ നിർമിക്കുന്ന മൂന്ന് വാക്സിനുകൾ അടിയന്തര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും നേടി.
ലോകത്തെ മുഴുവൻ മഹാമാരിയിൽ നിന്ന് മുക്തമാക്കുന്നതിലും കോടിക്കണക്കിന് ജീവൻ രക്ഷിക്കുന്നതിലും ഇന്ത്യയിൽ നിർമിക്കുന്ന ഈ വാക്‌സിനുകൾ പ്രധാന പങ്ക് വഹിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. 64,000 കോടി രൂപ മുതൽമുടക്കിൽ പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യം ആരംഭിച്ചു. 80,000ലധികം ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങളും ആയുഷ്മാൻ ഭാരത് കാർഡുകളും പാവപ്പെട്ടവർക്ക് ചികിത്സ ലഭിക്കുന്നതിന് സഹായിച്ചു.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതിക്ക് കീഴിൽ പാവപ്പെട്ട കുടുംബങ്ങൾക്കായി എല്ലാ മാസവും സൗജന്യ റേഷൻ നൽകിവരുന്നു. ഡിസംബറിൽ യു.പി.ഐ-യിലൂടെ 8 ലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള പണമിടപാടുകൾ രാജ്യത്ത് നടന്നു. പ്രധാനമന്ത്രി ആവാസ് പദ്ധതിക്ക് കീഴിൽ രണ്ട് കോടിയിലേറെ ഭവനങ്ങളാണ് നിർമിച്ചത്.
ജൽ ജീവൻ ദൗത്യത്തിലൂടെ ആറ് കോടിയോളം ഗ്രാമീണ ഭവനങ്ങൾക്ക് പൈപ്പ് വെള്ള കണക്ഷൻ ലഭ്യമാക്കി. വിവാഹ പ്രായം ഉയർത്തുന്ന നടപടിയെയും മുത്വലാഖ് നിയമത്തെയും രാഷ്ട്രപതി പ്രശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."