വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി
ആർപ്പൂക്കര (കോട്ടയം)
പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ക്രിട്ടിക്കൽ കെയർ ഐ.സി. യുവിൽ കഴിയുന്ന അദ്ദേഹത്തിൻ്റെ ഹൃദയത്തിന്റെ പ്രവർത്തനവും രക്തസമ്മർദവും സാധാരണ നിലയിലായി. മരുന്നിനോട് പ്രതികരിക്കാൻ തുടങ്ങിയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന മെഡിക്കൽ ബുള്ളറ്റിനും ഇന്നലെ പുറത്തിറക്കി. ഇന്നലെ രാവിലെ മന്ത്രി വി.എൻ വാസവൻ ആശുപത്രിയിലെത്തി സുരേഷിനെ സന്ദർശിച്ചു.
സുരേഷ് മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയത് ആശാവഹമാണെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി. കെ ജയകുമാറും പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് ചങ്ങനാശ്ശേരി കുറിച്ചിയിൽ വച്ച് സുരേഷിന് മുർഖന്റെ കടിയേറ്റത്. പാമ്പിനെ പിടികൂടി ചാക്കിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ വലതുകാൽ മുട്ടിനു മുകളിൽ കടിയേൽക്കുകയായിരുന്നു. ഡോ. ടി. കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സംഘമാണ് സുരേഷിനെ ചികിത്സിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."