കണ്ണൂർ വി.സി നിയമനം ; മന്ത്രിയുടേതു നിർദേശം മാത്രമെന്ന് ലോകായുക്ത
ഹരജിയിൽ വിധി വെള്ളിയാഴ്ച
തിരുവനന്തപുരം
കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ മന്ത്രി ആർ.ബിന്ദുവിനെതിരേ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയിൽ നൽകിയ ഹരജിയിൽ വിധി വെള്ളിയാഴ്ച. മന്ത്രി പ്രെപ്പോസൽ നൽകിയെങ്കിൽ നിയമനാധികാരിയായ ചാൻസലർ അത് എന്തുകൊണ്ടു നിരസിച്ചില്ലെന്നു വാദത്തിനിടെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചു. ബിന്ദു മന്ത്രി പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിനു തെളിവില്ലെന്നു ലോകായുക്ത പറഞ്ഞു. വൈസ് ചാൻസലറിൽനിന്നു മന്ത്രിക്ക് എന്തെങ്കിലും പ്രത്യുപകാരം ലഭിച്ചതായി തെളിവും സമർപ്പിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയ്ക്ക് മലയാളം അസോഷ്യേറ്റ് പ്രഫസറായി നിയമനം നൽകിയതിന്റെ പ്രത്യുപകാരമാണെന്ന ആരോപണം നിലനിൽക്കില്ല.
രാഷ്ട്രീയക്കാരന്റെ ഭാര്യയെന്നതു വലിയ അപരാധമാണോ? പല അധ്യാപക തസ്തികകളിലേക്കും ഈ ഘട്ടത്തിൽ കണ്ണൂർ സർവകലാശാലയിൽ നിയമനം നടത്തിയിട്ടുണ്ട്. ഈ നിയമനത്തിൽ മന്ത്രിയുടെ റോൾ എന്താണെന്നു ലോകായുക്ത ചോദിച്ചു.
മന്ത്രിയുടെ കത്തിൽ ഒരിടത്തും റെക്കമെന്റ് എന്നില്ല. പ്രൊപ്പോസ് എന്ന വാക്കാണുള്ളതെന്നും ലോകായുക്ത പറഞ്ഞു. എന്നാൽ തന്റെ പരാതി ചാലൻസലർക്കെതിരല്ലെന്നു രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ പറഞ്ഞു. മന്ത്രി ഗവർണർക്കയച്ച കത്തിന്റെ അനുബന്ധ ഫയലുകൾ നൽകാൻ നേരത്തെ തന്നെ ലോകായ്ക്ത ആവശ്യപ്പെട്ടിരുന്നു. സർക്കാരിന് പേര് നിർദേശിക്കാൻ ഉണ്ടോ എന്ന് ഗവർണറുടെ സെക്രട്ടറി ആവശ്യപ്പെട്ട രേഖയും സർക്കാർ ലോകായുക്തയിൽ സമർപ്പിച്ചു.
ആ വിവരങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് വാദപ്രതിവാദങ്ങൾ തുടങ്ങിയത്. മന്ത്രി എന്തു പറഞ്ഞാലും ഗവർണർ നിയമമനുസരിച്ചല്ലേ പ്രവർത്തിക്കാവൂവെന്ന് ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് ചോദിച്ചു. ചാൻസിലറും വൈസ് ചാൻസലും തമ്മിലുള്ള ഒരു ആശയ വിനിമയം മാത്രമേ നടന്നിട്ടുള്ളൂവെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി പറഞ്ഞു. ചാൻസിലറും പ്രോ വൈസ് ചാൻസിലറും ലോകായുക്ത പരിധിയിൽ വരില്ലെന്ന് ലോകായുക്ത പറഞ്ഞു.
മന്ത്രിയെന്ന നിലയിൽ ആർ. ബിന്ദു ശുപാർശയോ നിർദേശമോ സമർപ്പിക്കാൻ പാടില്ലെന്ന് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ഹാജരായ ജോർജ് പൂന്തോട്ടം വാദിച്ചു. മന്ത്രി കാണിച്ചത് സ്വജന പക്ഷപാതമെന്നും അദ്ദേഹം വാദിച്ചു. പുതുതായി കോടതിക്ക് ഇതിൽ എന്താണ് അന്വേഷിക്കാനുള്ളതെന്നും മറുപടിയായി ഹരജിക്കാനോട് ലോകായുക്ത ചോദിച്ചു.
പഴയ പ്രതിപക്ഷ നേതാവാണ് ഹരജിക്കാരനെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയിൽ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."