പിളരട്ടങ്ങനെ പിളരട്ടെ, സോഷ്യലിസം പിളരട്ടെ
ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയകക്ഷികള്‍ പിളര്‍ന്നുകൊണ്ടേയിരിക്കണം. എല്ലാ പാര്‍ട്ടികളും ഒരിക്കലും പിളരാതെ ഒറ്റക്കെട്ടായി നിന്നാല്‍ നമ്മള്‍ മനസിലാക്കേണ്ടത് ആ പാര്‍ട്ടികളില്‍ ഒന്നിലധികം അഭിപ്രായങ്ങളില്ലെന്നാണ്. അങ്ങനെ സംഭവിച്ചാല്‍ അതിനര്‍ഥം നാട്ടില്‍ ജനാധിപത്യം ഒട്ടുമില്ലെന്നാണ്. അതുണ്ടാവരുതല്ലോ. അതുകൊണ്ട് പാര്‍ട്ടികള്‍ പിളരുക തന്നെ വേണം. അല്ലെങ്കില്‍ പിളര്‍ത്തണം.
ഇങ്ങനെ പിളര്‍ന്നുപിളര്‍ന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റവുമധികം സംഭാവനകള്‍ നല്‍കിയത് രാജ്യത്തെ മഹാപ്രസ്ഥാനങ്ങളായ, അല്ലെങ്കില്‍ ആയിരുന്ന കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും സോഷ്യലിസ്റ്റ് പ്രസ്ഥാനവുമൊക്കെയാണ്. ജനാധിപത്യത്തിന് വലിയ സംഭാവന നല്‍കേണ്ടതും വലിയ കക്ഷികള്‍ തന്നെയാണല്ലോ.
ഇക്കൂട്ടത്തില്‍ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ പിളര്‍പ്പ് സംഭവിച്ചിട്ടുണ്ടാകുക കോണ്‍ഗ്രസിലാണെങ്കിലും മറ്റു പാര്‍ട്ടികളില്‍ ഓരോന്നിലും നിന്ന് ഭിന്നിച്ചുപോയ കക്ഷികളുടെ അത്ര എണ്ണം കോണ്‍ഗ്രസുകള്‍ രാജ്യത്തു കാണില്ല. അതിനൊരു കാരണമുണ്ട്. കോണ്‍ഗ്രസിന്റെ കാര്യം പുകവലി പോലെയാണ്. പുകവലി എപ്പോള്‍ വേണമെങ്കിലും നിര്‍ത്താം, എപ്പോള്‍ വേണമെങ്കിലും വീണ്ടും തുടങ്ങാം. അതുപോലെ കോണ്‍ഗ്രസിന് എപ്പോള്‍ വേണമെങ്കിലും പിളരാം, എപ്പോള്‍ വേണമെങ്കിലും വീണ്ടും ലയിച്ച് ഒന്നാവാം.
പിളര്‍ന്നുണ്ടായ കണക്ക് വച്ചു നോക്കുമ്പോള്‍ ഒന്നാം സ്ഥാനത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെയായിരിക്കും. രാജ്യത്ത് ഇപ്പോള്‍ എത്ര കമ്യൂണിസ്റ്റ് പാര്‍ട്ടികളുണ്ടെന്ന് ചോദിച്ചാല്‍ സീതാറാം യെച്ചൂരിക്കോ ഡി. രാജയ്‌ക്കോ പോലും അറിയാനിടയില്ല. പശ്ചിമബംഗാളില്‍ മാത്രമുണ്ട് ഇരുപതിലേറെ. അതുപോലെയൊക്കെ ആന്ധ്രപ്രദേശിലും ബിഹാറിലുമുണ്ട്. ഈ കൊച്ചുകേരളത്തിലുമുണ്ട് പത്തിലേറെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അവര്‍ പിന്നെ പിളരുന്നത് അന്തര്‍ദേശീയ തലത്തിലടക്കമുള്ള കടുത്ത പ്രത്യയശാസ്ത്ര തര്‍ക്കങ്ങളുടെ പേരിലാണ്. അതത്ര പെട്ടെന്ന് തീരുന്ന വിഷയങ്ങളാവില്ല. തീരണമെങ്കില്‍ ചൈനയിലെയോ ക്യൂബയിലെയോ ഒക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തീരുമാനിക്കണം. അവര്‍ നമ്മുടെ നാട്ടുകാരുടെ സൗകര്യത്തിനനുസരിച്ച് നിലപാട് സ്വീകരിക്കാത്തതിനാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിളര്‍ന്നാല്‍ പിന്നെ ലയിക്കുന്ന പതിവ് പൊതുവെയില്ല. വര്‍ഗശത്രുക്കളോടുള്ളതിനെക്കാള്‍ കടുത്ത പക കാത്തുസൂക്ഷിച്ച് പരസ്പരം രക്തസാക്ഷികളെ സംഭാവന ചെയ്ത് അവരങ്ങനെ മുന്നോട്ടുപോകും.
കോണ്‍ഗ്രസുകാര്‍ക്കും സോഷ്യലിസ്റ്റുകള്‍ക്കും പിളരാന്‍ ഇതുപോലെ നാട്ടുകാര്‍ക്കു പറഞ്ഞാല്‍ തിരിയാത്ത കാരണങ്ങളൊന്നും വേണ്ട. അധികാരത്തര്‍ക്കം, നേതാക്കള്‍ തമ്മിലുള്ള മൂപ്പിളമ തര്‍ക്കം, ജാതി, പ്രാദേശികവാദം തുടങ്ങി കാരണങ്ങള്‍ ലളിതമായിരിക്കും. അതവര്‍ വളച്ചുകെട്ടില്ലാതെ പറയുകയും ചെയ്യും. ഇക്കൂട്ടത്തില്‍ സോഷ്യലിസ്റ്റുകള്‍ക്ക് പിളരാന്‍ ഒട്ടും സമയം വേണ്ട. ഇന്ന് ഒന്നിച്ചിരുന്ന് പത്രസമ്മേളനം നടത്തിയ നേതാക്കള്‍ നാളെ രണ്ടായി തിരിഞ്ഞ് പഴിപറയുന്നത് നാട്ടുകാര്‍ ഒരുപാട് കാലമായി കാണുന്നൊരു മധുരമനോഹര സോഷ്യലിസ്റ്റ് കാഴ്ചയാണ്.
ഇന്ത്യന്‍ സോഷ്യലിസ്റ്റുകളുടെ പില്‍ക്കാല രൂപങ്ങളായ ജനതാ പാര്‍ട്ടിയും ജനതാദളുമൊക്കെ ഇങ്ങനെ പലതവണ പിളര്‍ന്നും ലയിച്ചുമൊക്കെയാണ് ഇന്നു കാണുന്ന പരുവത്തില്‍ പല സംസ്ഥാനങ്ങളില്‍ പലതരം പാര്‍ട്ടികളായി ചിതറിത്തെറിച്ചു നില്‍ക്കുന്നത്. ദോഷം പറയരുതല്ലോ, എത്ര പിളര്‍ന്നാലും അവര്‍ സോഷ്യലിസത്തിനായി എന്തു ത്യാഗവും ചെയ്യും. ചിലര്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കും. ചിലര്‍ കോണ്‍ഗ്രസിന്റെ കൂടെ. വേറെ ചിലര്‍ ഇടതുകക്ഷികളുടെ കൂടെ. ഇവര്‍ ഇങ്ങനെ കൂടെ നില്‍ക്കുന്നതിനാല്‍ ഒരു പാര്‍ട്ടിക്കും സോഷ്യലിസ്റ്റ് പാതയില്‍ നിന്ന് വ്യതിചലിച്ച് മുന്നോട്ടുപോകാനാവാത്തതിനാലാണ് ഇന്ത്യ ഇന്നും ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമായി തുടരുന്നത്.
കേരളത്തില്‍ പിളര്‍പ്പിന്റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസിനൊപ്പം ഓടിയെത്തിയിട്ടില്ലെങ്കിലും കേരളത്തിലെ സോഷ്യലിസ്റ്റുകള്‍ തൊട്ടുപിറകില്‍ തന്നെയുണ്ട്. പല വഴികള്‍ താണ്ടി, പല പേരുകള്‍ മാറ്റി അവരിന്നും ഇവിടെ ജീവിക്കുന്നു. പഴയ ജനതാ പാര്‍ട്ടിയുടെ പേരില്‍ ഒരു ജനതാ അവശിഷ്ടം കുറേക്കാലമായി പത്രക്കുറിപ്പുകളിലും തിരുവനന്തപുരത്തെ ചില ചുമരുകളില്‍ പോസ്റ്റര്‍ രൂപത്തിലുമൊക്കെയായി ജീവിച്ചിരിപ്പുണ്ട്. ഒരു ജനതാദള്‍ ഇടതുമുന്നണിയില്‍ ഒരു മന്ത്രിയുമായി ഇരിക്കുന്നുണ്ട്. കടുകട്ടി സോഷ്യലിസ്റ്റ് നേതാവായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ ജനതാദള്‍ യു.ഡി.എഫില്‍ പോയി കുറച്ചുകാലം താമസിച്ച് ഘര്‍വാപസി നടത്തി എല്‍.ഡി.എഫില്‍ തിരിച്ചെത്തിയിട്ടുണ്ട്. അവര്‍ യു.ഡി.എഫില്‍ നിന്ന് അടര്‍ന്നുപോരുമ്പോള്‍ ചെറിയൊരു ഭാഗം അവിടെത്തന്നെ പറ്റിപ്പിടിച്ച് കിടക്കുന്നുണ്ടെന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും നാട്ടുകാര്‍ക്ക് അങ്ങനെയൊരു ദള്‍ ഇന്നും അദൃശ്യമാണ്. അവിടെ അങ്ങനെയൊരു കൂട്ടരെ കണ്ട ഭാവം രമേശ് ചെന്നിത്തലയുടെയോ എം.എം ഹസന്റെയോ ഒന്നും മുഖത്ത് കാണുന്നുമില്ല.
കേരളത്തിലെ ഒരു പ്രബല മുന്നണിയില്‍ സോഷ്യലിസ്റ്റ് സാന്നിധ്യം ഇല്ലാതെ വരരുതല്ലോ. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗുമൊക്കെ സോഷ്യലിസ്റ്റ് പാതയില്‍ നിന്ന് വ്യതിചലിച്ചു പോകും. അവര്‍ക്കെങ്ങാനും ഭരണം കിട്ടിയാല്‍ കേരളം സോഷ്യലിസമില്ലാത്ത നാടായി മാറും. അതൊഴിവാക്കാനാണ് ഭരണപക്ഷത്തുള്ള ജനതാദള്‍ (എസ്) സംസ്ഥാന സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പിളര്‍ന്ന് പുതിയ ദള്‍ ഉണ്ടാക്കി യു.ഡി.എഫില്‍ ചേരാന്‍ തീരുമാനിച്ചത്. ഇനിയിപ്പോള്‍ അവിടെ നിന്ന് ഒന്നോ രണ്ടോ നിയമസഭാ സീറ്റ് തരപ്പെടുത്തി ജയിച്ച് യു.ഡി.എഫ് നേതാക്കളെ ചെവിക്കു പിടിച്ച് സോഷ്യലിസ്റ്റ് വഴിയില്‍ തന്നെ നടത്തുക എന്ന ഭാരിച്ച ചുമതലയാണ് അദ്ദേഹത്തിനു നിര്‍വഹിക്കാനുള്ളത്.
സോഷ്യലിസത്തോടുള്ള കൂറുകൊണ്ട് മാത്രമല്ല, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ദേവഗൗഡ ബി.ജെ.പിയുമായി അടുക്കുന്നതില്‍ പ്രതിഷേധിച്ചുകൂടിയാണ് പിളര്‍പ്പ്. ജോര്‍ജ് തോമസിനും കൂട്ടര്‍ക്കും പണ്ടേ വര്‍ഗീയ ഫാസിസത്തെ കണ്ണിനു നേരെ കണ്ടുകൂടെന്ന് ആര്‍ക്കാണറിയാത്തത്. വനവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടു പോകുന്നത്. സോഷ്യലിസത്തോടും മതേതരത്വത്തോടും ഇത്രയേറെ കൂറുള്ള ഒരു നേതാവ് നാട്ടിലുണ്ടായത് മലയാളികളുടെ മഹാഭാഗ്യമെന്നല്ലാതെ മറ്റെന്തു പറയാന്‍.
കളിയിക്കാവിള കടക്കാത്ത മതേതരത്വം
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്ന് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ എന്നൊരാള്‍ കാസര്‍കോട്ട് ഒരു പരിപാടിക്കെത്തിയിരുന്നു. ആള്‍ മുസ്‌ലിം ലീഗിന്റെ ദേശീയ പ്രസിഡന്റാണ്. രാഷ്ട്രീയക്കാരനായതുകൊണ്ട് വന്നപ്പോള്‍ കേരളത്തിലെ വാര്‍ത്തകളൊക്കെ ഒന്നു ശ്രദ്ധിച്ചു. അക്കൂട്ടത്തില്‍ ഒരു കിടിലന്‍ വാര്‍ത്തയറിഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട്ടു പോയി ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടത് മതമൗലികവാദികളുമായി ബന്ധമുണ്ടാക്കാനാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ പ്രസ്താവന.
വാര്‍ത്ത കണ്ട് അദ്ദേഹം 'ഒണ്ണുമേ പുരിയാത് ' എന്നു പറഞ്ഞതായി കേള്‍ക്കുന്നു. ചോദിച്ചുപോകുമല്ലോ. കേരളത്തിലെയും തമിഴ്‌നാട്ടിലെയും മുസ്‌ലിം ലീഗ് ഒരേ ലീഗ് തന്നെയാണ്. ഖാദര്‍ മൊയ്തീന്‍ സി.പി.എമ്മിന്റെയും സി.പി.ഐയുടെയുമൊക്കെ വോട്ടു വാങ്ങി ലോക്‌സഭാംഗമായിരുന്ന ആളാണ്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പിലും അവിടെ ലീഗും ഇടതുകക്ഷികളും കോണ്‍ഗ്രസുമെല്ലാം ഒരുമിച്ചായിരുന്നു. ലീഗുകാരും കോണ്‍ഗ്രസുകാരുമൊക്കെ വോട്ടു ചെയ്താണ് സി.പി.ഐയുടെയും സി.പി.എമ്മിന്റെയും രണ്ടു വീതം 'തോഴര്‍കളെ' ലോക്‌സഭയിലേക്കയച്ചത്. ഇപ്പോഴും അവരെല്ലാം ഒരേ 'കൂട്ടണി'യിലെ തോഴര്‍കളാണ്. അവിടുത്തെ ഇടതു നേതാക്കളുടെ കൂടെ അദ്ദേഹം നിരവധി വേദികളില്‍ പ്രസംഗിച്ചിട്ടുണ്ട്. ആ നേതാക്കളില്‍ ചിലര്‍ പലതവണ അദ്ദേഹത്തെ വന്നു കണ്ടിട്ടുമുണ്ട്. അപ്പോഴൊന്നും തമിഴ്‌നാട്ടിലെ സി.പി.എമ്മുകാര്‍ മതമൗലികവാദികളുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ വന്നതാണെന്ന് അവിടെയാരും പറഞ്ഞിട്ടില്ല. എന്നിട്ടും ഇവിടുത്തെ തോഴര്‍കള്‍ 'എത്ക്ക് ഇന്തമാതിരി പേശ്ത്' എന്ന് അദ്ദേഹം ചോദിച്ചുപോയാല്‍ അത്ഭുതമില്ലല്ലോ.
കമ്യൂണിസ്റ്റുകാര്‍ മൊത്തത്തില്‍ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവരാണെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് വിപ്ലവ തന്ത്രങ്ങള്‍ സ്വീകരിക്കുന്നവരാണെന്നും അവരുടെ മതേതരത്വം കളിയിക്കാവിളയ്ക്ക് അപ്പുറവും ഇപ്പുറവും രണ്ടുതരത്തിലാണെന്നുമൊക്കെ കാസര്‍കോട്ടെ ലീഗുകാര്‍ പറഞ്ഞുകൊടുത്തോ എന്നും 'കേരളാവിലെ പുരട്ചി തലൈവര്‍ക്ക് പൈത്യമാ' എന്ന് അദ്ദേഹം ചോദിച്ചോ എന്നുമറിയില്ല. ചോദിച്ചാലും കുറ്റപ്പെടുത്താനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."