ഉത്തരാഖണ്ഡിൽ കോൺഗ്രസ് തിരിച്ചുവരുമോ?
ടി.പി ജുനൈദ് തെന്നല
ഇന്ത്യയിൽ ബി.ജെ.പിയും കോൺഗ്രസും കാലങ്ങളായി മുഖാമുഖം മത്സരിക്കുകയും പരസ്പരം അധികാരം പങ്കിടുകയും ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തരാഖണ്ഡ്. വാജ്‌പേയ് മന്ത്രിസഭയുടെ ഭരണകാലത്ത് ഉത്തർപ്രദേശ് വിഭജിച്ചാണ് രണ്ടായിരം നവംബറിൽ സംസ്ഥാനം നിലവിൽവരുന്നത്. താൽക്കാലിക മുഖ്യമന്ത്രിമാർ അന്ന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടേതായിരുന്നെങ്കിൽ 2002ൽ ആദ്യ അസംബ്ലി തെരഞ്ഞെടുപ്പിൽ സംസ്ഥാനം കോൺഗ്രസിനൊപ്പമാണ് നിന്നത്. അഞ്ചാം അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഫെബ്രുവരി 14 മുതൽ നടക്കാനിരിക്കുന്നത്. നാളിതുവരെ ഒരു ഭരണകക്ഷിക്കും ഇവിടെ ഭരണത്തുടർച്ച ലഭിച്ചിട്ടില്ല. മാത്രമല്ല, 2012ലും 2017 മുൻ മുഖ്യമന്ത്രിമാരെ പരാജയപ്പെടുത്തിയ ചരിത്രമാണ് ഏറെ കൗതുകം ഉണർത്തുന്ന മറ്റൊരു വസ്തുത. 2017ൽ ഹരീഷ് റാവത്ത് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചിട്ട് ഒരിടത്തു പോലും റാവത്തിനെ ജനങ്ങൾ നിലംതൊടാൻ അനുവദിച്ചില്ല. പക്ഷേ ഇത്തവണ ഒട്ടുമിക്ക അഭിപ്രായ സർവേകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കുന്ന പേര് ഹരീഷ് റാവത്തിൻ്റേത് തന്നെയാണ്.
ബി.ജെ.പിയെ സംബന്ധിച്ചെടുത്തോളം ഉത്തർപ്രദേശ് പോലെ തന്നെ ഇനിയൊരിക്കലും അവർ കൈവിടാൻ ആഗ്രഹിക്കാത്ത മണ്ണാണ് ഉത്തരാഖണ്ഡ്. അതിൻ്റെ ഏറ്റവും വലിയ കാരണം 80 ശതമാനത്തിലധികം ഹിന്ദു ജനസംഖ്യയും അതിൽ തന്നെ 60 ശതമാനത്തോളം മേൽജാതിക്കാരും വസിക്കുന്ന ഒരു ഹിന്ദുഭൂരിപക്ഷ പ്രദേശമാണ് എന്നതാണ്. ദേവഭൂമി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സംസ്ഥാനത്ത് 25 ശതമാനത്തിന് മുകളിലുള്ള ബ്രാഹ്മണരും 35 ശതമാനം വരുന്ന താക്കൂർ വിഭാഗവുമാണ് പ്രബലമായ ജാതിസമൂഹങ്ങൾ. ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാഹ്മണ ജനസംഖ്യയും ഇവിടെയാണ്. ജനസംഖ്യയുടെ പതിനാല് ശതമാനം മാത്രം വരുന്ന മുസ്‌ലിം സമുദായത്തിന് ഒരു മണ്ഡലത്തിൽ പോലും ആധിപത്യമില്ല. ദലിത്, ഒ.ബി.സി വിഭാഗങ്ങൾ സംസ്ഥാനത്ത് ന്യൂനപക്ഷമാണ്.
അതുകൊണ്ടുതന്നെ സംഘ്പരിവാർ രാഷ്ട്രീയത്തിന് ഏറെ സാധ്യതകളുള്ള രാഷ്ട്രീയ ഭൂമികൂടിയാണിത്. പക്ഷേ, ദലിത് രാഷ്ട്രീയം ഉയർത്തുന്ന മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിക്ക് 2002 മുതൽ 2012 വരെ 10-12% ഇടയിൽ വോട്ടും 38 ഇടയിൽ സീറ്റുകളും ലഭിച്ചിരുന്നു. 2002 മുതൽ 2012 വരെ ഒരു ശതമാനത്തിൻ്റെ അകലം മാത്രമേ വോട്ടിങ് ശതമാനത്തിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിലുണ്ടായിരുന്നുള്ളൂ. എന്നാൽ 2017ൽ ബി.ജെ.പി കോൺഗ്രസിനേക്കാൾ 13 ശതമാനം വോട്ടുനേടിയപ്പോൾ മയാവതിയുടെ വോട്ടിൽ അഞ്ചു ശതമാനം ചോർച്ചയുണ്ടായി. ബി.എസ്.പി എന്ന പാർട്ടി അസംബ്ലിയിൽനിന്ന് തുടച്ചുനീക്കപ്പെടുന്നതിനും ഈ വോട്ട് ചോർച്ച കാരണമായിരുന്നു. ബി.എസ്.പി ഇപ്പോൾ സംസ്ഥാനത്തുനിന്ന് മാഞ്ഞുപോകുന്ന കാഴ്ചയാണുള്ളത്. കോൺഗ്രസും ബി.ജെ.പിയും ബലാബലം നിൽകുന്ന സംസ്ഥാനത്ത് ബി.എസ്.പിയുടെ പഴയ 12 ശതമാനത്തിന് മുകളിലുള്ള വോട്ട് തന്നെയാവും ഇത്തവണയും തെരഞ്ഞെടുപ്പ് വിജയത്തിൽ നിർണായകമാവുക. കഴിഞ്ഞ തവണ അത് ബി.ജെ.പി നേടിയെങ്കിൽ ഇത്തവണ ആ വോട്ട് ബി.ജെ.പിക്ക് ലഭിക്കാൻ സാധ്യതയില്ല. കാരണം ദലിത് സമുദായത്തിന് ബി.ജെ.പിയോടുള്ള അകലം വർധിച്ചിട്ടുണ്ട്.
2017ൽ തെരഞ്ഞടുപ്പ് ഫലം വന്നപ്പോൾ 11 സീറ്റുകൾ മാത്രമായിരുന്നു കോൺഗ്രസിന് നേടാനായത്. എന്നാൽ ഇപ്പോൾ സാഹചര്യം മാറിയിട്ടുണ്ട് 2017 തെരഞ്ഞെടുപ്പിന് മുമ്പായി മുൻമുഖ്യമന്ത്രി വിജയ് ബഹുഗുണക്കൊപ്പം പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് പോയ മുൻ മന്ത്രിമാരായ യശ്പാൽ ആര്യയും ഹരക് സിങ് റാവത്തും ഇപ്പോൾ കോൺഗ്രസിലേക്ക് തന്നെ തിരിച്ചെത്തിയത് അവരുടെ പ്രതീക്ഷകൾ ഉയർത്തുന്നുണ്ട്. അഞ്ചു വർഷം കൂടുമ്പോൾ പാർട്ടി മാറുന്ന സ്വഭാവക്കാരനാണ് ഹരക് സിങ് റാവത്ത് ഏത് പാർട്ടിയിൽ മത്സരിച്ചാലും ജയിക്കാൻ മാത്രം കരിഷ്മയുള്ള നേതാവുമാണ്. പക്ഷേ ഹരക് സിങ് റാവത്തിന് ഇത്തവണ കോൺഗ്രസ് സീറ്റ് നൽകിയിട്ടില്ല. അദ്ദേഹം കോൺഗ്രസിലേക്ക് വരാതിരിക്കാനായുള്ള ഹരീഷ് റാവത്തിൻ്റെ ഇടപെടലുകൾ തന്നെയാണ് സീറ്റ് നിഷേധിക്കാൻ കാരണം എന്നും കരുതപ്പെടുന്നു. 2012 അസംബ്ലി തെരഞ്ഞെടുപ്പിൽ അധികാരം നേടിയ കോൺഗ്രസിന് ബി.ജെ.പിയുമായി ഒരു സീറ്റിൻ്റെ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്ന് ബി.എസ്.പിയുടെ മൂന്ന് എം.എൽ.എമാരുടെ പിന്തുണയോട് കൂടിയായിരുന്നു കോൺഗ്രസ് അധികാരത്തിലേറിയത്. എന്നാൽ, ആദ്യം മുഖ്യമന്ത്രിയായ വിജയ് ബഹുഗുണ 2013ലെ പ്രളയ പുരനധിവാസ പ്രവർത്തനത്തിൽ പരാജയപ്പെട്ടു എന്ന ആരോപണം ഉയർന്നതിനെ തുടർന്ന് രാജിവയ്ക്കുകയായിരുന്നു. അന്ന് പാർട്ടിയിൽ ബഹുഗുണക്ക് റിബലായിരുന്ന ഹരീഷ് റാവത്താണ് പിന്നീട് മുഖ്യമന്ത്രിയായത്. എന്നാൽ റാവത്തിനെതിരേ ഒരിക്കൽ അവിശ്വാസം കൊണ്ടുവരുകയും അതിനെ തുടർന്ന് രാജിവയ്ക്കേണ്ടിവരികയും തുടർന്ന് രാഷ്ട്രപതി ഭരണത്തിനും സംസ്ഥാനം സാക്ഷിയായി.
21 വർഷത്തിനിടെ പത്ത് മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത സംസ്ഥാനം എന്ന ഖ്യാതി കൂടി ഉത്തരാഖണ്ഡിനുണ്ട്. അത്രമേൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനിൽകുന്ന മണ്ണാണ്. പക്ഷേ ഇത്തണ തെരഞ്ഞെടുപ്പിനെ ബാധിക്കുംവിധമുള്ള വിഭാഗീയ പ്രശ്‌നങ്ങളൊന്നും കോൺഗ്രസിനില്ല. ഈ സാഹചര്യത്തിൽ അധികാരത്തിലെത്തിയില്ലെങ്കിൽ കൂടി മികച്ച റിസൾട്ടുണ്ടാക്കാൻ കോൺഗ്രസിന് കഴിയും എന്ന് തന്നെയാണ് കരുതപ്പെടുന്നത്.
ബി.ജെ.പിയാണ് സംസ്ഥാനത്ത് വലിയ വെല്ലുവിളി നേരിടുന്നത്. അഞ്ചു വർഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാർ വന്നു എന്നത് തന്നെയാണ് ഭരണ അസ്ഥിരതയുടെ ഏറ്റവും വലിയ ഉദാഹരണം. മൃഗീയ ഭൂരിപക്ഷം കിട്ടിയിട്ടും ഈ വിധം പരാജയപ്പെട്ട ഭരണം നടത്തേണ്ടിവന്നതിൽ കേന്ദ്രനേതൃത്വത്തിന് അമർഷമുണ്ട്. 2017ൽ സ്ഥാനമേറ്റ ആദ്യ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനടക്കം 10 എം.എൽ.എമാർക്ക് ഇത്തവണ സീറ്റ് നൽകിയില്ല എന്നതും ഉത്തരാഖണ്ഡിൽ ബി.ജെ.പിയുടെ പ്രതിസന്ധി തുറന്നു കാണിക്കുന്നുണ്ട്. കഴിഞ്ഞ തവണ മോദി സ്വാധീനമായിരുന്നു വിജയം കൊണ്ടുവന്നതെങ്കിൽ അത്തരത്തിലൊരു ട്രെൻ്റ് നിലവിലില്ല. എന്നിരുന്നാൽ കൂടി മിക്ക അഭിപ്രായ സർവേകളും ബി.ജെ.പി തന്നെ അധികാരം നിലനിർത്തുമെന്നാണ് പ്രവചിക്കുന്നത്.
തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള മൂന്നാമത്തെ കക്ഷി സംസ്ഥാനത്ത് അരങ്ങേറ്റം കുറിക്കുന്ന ആം ആദ്മി പാർട്ടിയാണ്. പഞ്ചാബിനൊപ്പം ആപ്പ് വലിയ പ്രതീക്ഷവയ്ക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. സംസ്ഥാനത്തെ നഗര പ്രദേശങ്ങളിലെ സാമൂഹ്യാവസ്ഥ ഡൽഹിക്ക് സമാനമാണ്. അതിനാൽ ഇവിടെ ആപ്പിൻ്റെ സാധ്യതകൾക്ക് ബലം കൂടുതലാണ്. മിക്ക അഭിപ്രായ സർവേകളും 9-14% വരെ വോട്ട് വിഹിതം നേടാമെന്നും ശരാശരി 4 സീറ്റെങ്കിലും നേടുമെന്നും പ്രവചിക്കുന്നുണ്ട്. അങ്ങനെ വന്നാൽ ബി.ജെ.പി-കോൺഗ്രസ് ബലാബലത്തിനിടയിൽ ആപ്പ് കിങ് മേക്കർ റോളിൽ തിളങ്ങും. സംസ്ഥാനത്തെ 13 ജില്ലകളിലും ആപ്പിൻ്റെ സംഘടനാ സംവിധാനം ഇപ്പോൾ മികച്ചതാണ്. കേണൽ (റിട്ട) അജയ് കൊത്തിയാലാണ് ആപ്പിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥി. 2013 ലെ വെള്ളപ്പൊക്കത്തിൽ കേദാർനാഥിന് ചുറ്റുമുള്ള പ്രദേശങ്ങളുടെ പുനർനിർമാണത്തിന് നൽകിയ സംഭാവനകളുടെ പേരിലാണ് കൊത്തിയാൽ ഉത്തരാഖണ്ഡിൽ അറിയപ്പെടുന്നത്. പിന്നീട് അങ്ങോട്ട് അദ്ദേഹം പൊതുപ്രവർത്തന രംഗത്ത് സജിവമാണ്. ഉയർന്ന ജാതിക്കാരനായതിനാൽ തന്നെ ഉത്തരാഖണ്ഡിലെ മധ്യവർഗത്തിനിടയിൽ വരെ സ്വാധീനമുറപ്പിക്കാൻ അദ്ദേഹത്തിനാവും.
എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ ഒരു വർഷത്തിനിടെ ആറ് തവണ സംസ്ഥാനം സന്ദർശിച്ചിട്ടുണ്ട്. ഡൽഹി ഭരണ മാതൃക ഉയർത്തിക്കാട്ടുന്നതിനു പുറമേ, യുവാക്കൾ, വിരമിച്ച/സേവനം ചെയ്യുന്ന സൈനിക ഉദ്യോഗസ്ഥർ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ എന്നിവരെ ഉൾക്കൊള്ളുന്ന തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. സോഷ്യൽ മീഡിയകളിലൂടെയുള്ള പ്രചാരണവും പാർട്ടിക്ക് നേട്ടമുണ്ടാക്കാൻ പാകത്തിൽ മികച്ചതാണ്. അതേസമയം ആപ്പിൻ്റെ സാന്നിധ്യം ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനും അത് ഫലത്തിൽ ബി.ജെ.പിക്ക് നേട്ടമാവുമെന്നും കരുതപ്പെടുന്നുണ്ട്. അങ്ങനെ വന്നാൽ കോൺഗ്രസിനാവും അത് വലിയ ക്ഷീണം ചെയ്യുക.
പ്രത്യയശാസ്ത്രപരമായി മൃദുഹിന്ദുത്വവും തീവ്രഹിന്ദുത്വവും തമ്മിലുള്ള പോരാട്ടമാണ് ഉത്തരാഖണ്ഡിൽ നടക്കുന്നത്. ആം ആദ്മിക്ക് പോലും ഈ നയത്തിൽനിന്ന് പുറത്തുകടക്കാൻ കഴിയില്ല എന്നാണ് അവരുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പറയുന്നത്. എന്തായാലും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ അത് വരാനിരിക്കുന്ന ഇന്ത്യയുടെ നേർചിത്രമായിരിക്കും എന്നതിൽ സംശയമുണ്ടാവില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."