കര്‍ഷകര്‍ വോട്ടുബാങ്കായി മാറുകയാണെങ്കില്‍...
അണ്ണാ ഹസാരെ എന്ന സംഘ്പരിവാര്‍ പാവ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും പ്രതീക്ഷിച്ചതുപോലെ കേന്ദ്ര സര്‍ക്കാരിന് ജയജയ പാടി സമരത്തില്‍നിന്ന് പിന്‍വാങ്ങിയതുമാണ് കര്‍ഷക സമരവുമായി ബന്ധപ്പെട്ട ഒടുവിലത്തെ ഇന്ത്യാ വിശേഷം. രണ്ടു മാസത്തിലേറെ കാലം കര്‍ഷകര്‍ സമരം നടത്തിയിട്ടും അവരുടെ അടിസ്ഥാനപരമായ ആവശ്യങ്ങളോട് പുറംതിരിഞ്ഞുനിന്ന സര്‍ക്കാര്‍ ഇങ്ങോട്ട് മുന്നോട്ടുവച്ച 'ആവശ്യങ്ങള്‍' രണ്ടാം പക്കത്തില്‍ തന്നെ അംഗീകരിച്ചുവത്രെ. അങ്ങനെയാണുപോലും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്. 11 വട്ടം ചര്‍ച്ച നടത്തിയിട്ടും ഈ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് ഇതുവരെ മനസിലായിട്ടില്ലെന്ന് ചുരുക്കം. മോദി എന്ന ഊതിവീര്‍പ്പിച്ച ബലൂണിന്റെ കാറ്റ് അതിവേഗം ചീറ്റിയൊഴിയുകയാണെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നതിന് തുല്യമാണിത്. വിശ്വാസ്യതയ്ക്കു വേണ്ടിയാവണം ഹസാരെയെ മുന്നില്‍ നിര്‍ത്തിയത്. രാജ്യത്തെ ഓരോ നാലു വോട്ടര്‍മാരിലൊരാളും കര്‍ഷകനാണെന്നാണ് കണക്കുകള്‍ പറയുന്നത്. ജനസംഖ്യയുടെ പകുതിയോളം കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണെന്നും. അവരുടെ സമരത്തെയാണ് അണ്ണാ ഹസാരെ എന്ന കള്ളനാണയത്തെയും ദീപ് സിദ്ദു എന്ന കൂലിപ്പടയാളിയെയുമൊക്കെ തിരുകിക്കയറ്റി അട്ടിമറിക്കാനാവുമെന്ന് നരേന്ദ്ര മോദിയും അമിത് ഷായും സ്വപ്നം കാണുന്നത്. എന്തൊരു ദുരന്തമാണിത്!
റിപ്പബ്ലിക്കിന്റെ അര്‍ഥത്തെ തന്നെയാണ് യഥാര്‍ഥത്തില്‍ മോദി സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത്. വികസനത്തെ കുറിച്ച് ജനം പറയേണ്ടതില്ല സ്‌റ്റേറ്റ് തീരുമാനിക്കും, പഞ്ചപുച്ഛമടക്കി മിണ്ടാതിരുന്നു കൊള്ളണം എന്നാണ് പുതിയ കാലത്തെ 'ഗണതത്രം'. 'മന്‍ കീ ബാത്തു'കള്‍ പോലെ ഏകപക്ഷീയമായ പ്രഭാഷണങ്ങളേ രാജ്യത്തിന് ആവശ്യമുള്ളൂ.
എതിരഭിപ്രായങ്ങളോ പ്രതിഷേധങ്ങളോ സ്വീകാര്യമല്ല. അയോധ്യാ മാതൃകയില്‍ കര്‍ഷകരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണ്. പക്ഷേ നിയമം പിന്‍വലിക്കില്ലെന്ന് ആദ്യമേ തന്നെ വ്യക്തമാക്കും. ശഹീന്‍ബാഗ് സമരകാലത്ത് പയറ്റിയ ധ്രുവീകരണ പ്രചാരണവും സി.എ.എ വിരുദ്ധ സമരത്തെ എതിരിടാന്‍ മറ്റു സമരങ്ങളെ കയറൂരി വിട്ടതുമൊക്കെ കര്‍ഷക സമരത്തിലും ഗുണം ചെയ്യുമെന്ന വിശ്വാസവും കേന്ദ്രസര്‍ക്കാരിനുണ്ട്. അപരവല്‍ക്കരണത്തിന്റെ അനന്തസാധ്യതകളില്‍ അഭിരമിച്ചാണ് നരേന്ദ്ര മോദിയും അമിത് ഷായും ഇപ്പോഴും മുന്നോട്ടുപോകുന്നത്. ഡല്‍ഹി കലാപത്തിലൂടെ മോദിയെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി ഉമര്‍ ഖാലിദിനെതിരേ പതിനായിരത്തിലേറെ പേജ് വരുന്ന കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത് ഉദാഹരണം. സ്വന്തം സുഹൃത്ത് കനയ്യ കുമാറിനെ വിജയിപ്പിക്കാന്‍ കഴിയാതിരുന്ന ഉമറാണ് 300ല്‍ അധികം ലോക്‌സഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടിയെ വിജയിപ്പിച്ച മോദിയെ അട്ടിമറിക്കുന്നത്! ഇമ്മാതിരി ഞെട്ടിക്കുന്ന സത്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ മാധ്യമ ലോകത്തെ സ്വന്തം കൂലിപ്പടയാളികള്‍ സഹായിക്കുമെന്ന ആത്മവിശ്വാസം ഈ സര്‍ക്കാരിന്റെ ഓരോ നീക്കത്തിലും കാണാനുമുണ്ട്. കര്‍ഷക സമരത്തിനു പിന്നില്‍ ഖലിസ്ഥാന്‍ വാദികളും ദേശദ്രോഹികളുമാണെന്ന പ്രചാരണമാണ് ദേശീയ ചാനലുകളില്‍ കൊടുമ്പിരി കൊള്ളുന്നത്. ചെങ്കോട്ടയില്‍ ദീപ് സിദ്ദുവും കൂട്ടരും നടത്തിയ നീക്കത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് ഒഴിഞ്ഞു മറാനാവില്ലെങ്കില്‍ പോലും, അത് നൂറു ശതമാനവും തെറ്റായിരുന്നുവെങ്കിലും അവര്‍ അവിടെ ഉയര്‍ത്തിയ 'നിശാന്‍ സാഹിബ്' ഖലിസ്ഥാനികളുടെ പതാകയാണെന്ന് അല്‍പ്പസമയത്തേക്കെങ്കിലും രാജ്യവാസികളെ വിശ്വസിപ്പിക്കാന്‍ മോദിയുടെ കൊട്ടാരം മീഡിയക്കു കഴിഞ്ഞില്ലേ. ഏത് ഗുരുദ്വാരയുടെയും മുകളിലുള്ള സിഖ് മതവിശ്വാസികളുടെ ഒരു ചിഹ്നം മാത്രമായിരുന്നില്ലേ അത്.
ഇങ്ങനെയൊക്കെ ശ്രമിച്ചിട്ടും എന്തുകൊണ്ട് ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്കെത്തുന്ന കര്‍ഷകരുടെ എണ്ണം കൂടി വരുന്നു എന്ന ചോദ്യമാണ് ഇനിയെങ്കിലും മോദിയും ഷായും സത്യസന്ധമായി അഭിമുഖീകരിക്കേണ്ടത്. കോടതിയും അന്വേഷണ ഏജന്‍സികളും മുതല്‍ ആരൊക്കെയാണ് ഇനിയും കര്‍ഷകരെ ഭീഷണിപ്പെടുത്താത്തതായി ബാക്കിയുള്ളത്. ഭരണയന്ത്രത്തിന്റെ മുഴുവന്‍ സന്നാഹങ്ങളും ഉപയോഗിച്ചിട്ടും, നിരോധനാജ്ഞ മുതല്‍ സൈനിക ബറ്റാലിയനുകള്‍ വരെ നിരത്തിലുണ്ടായിട്ടും, ജനങ്ങളെ അവരുടെ വീടുകളില്‍ തന്നെ തടയാന്‍ ശ്രമിച്ചിട്ടും പ്രധാനപ്പെട്ട മാധ്യമങ്ങള്‍ മുഴുവന്‍ സര്‍ക്കാരിനു വേണ്ടി കുഴലൂത്ത് നടത്തിയിട്ടും സര്‍ക്കാരിന് കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനായോ? രാജ്യദ്രോഹിയെന്ന് മുദ്രകുത്തപ്പെട്ട രാകേഷ് ടിക്കായത്തിന്റെ ഒരു തുള്ളി കണ്ണീരിന്റെ നൂറിലൊന്ന് പ്രതികരണം മറുഭാഗത്തുണ്ടാക്കാന്‍ നരേന്ദ്ര മോദിക്കും അമിത് ഷായുടെയും വാഗ്ദാനങ്ങള്‍ക്ക് കഴിഞ്ഞോ? ഇല്ല എന്നാണ് സത്യസന്ധമായ ഉത്തരം. ഗാസിപ്പൂരിലെ കര്‍ഷക സമരം റിപ്പബ്ലിക്ക് ദിന സംഭവങ്ങള്‍ക്കുശേഷം ഒരു രാത്രിയിലധികം മുന്നോട്ടുപോവില്ലെന്ന് തീര്‍ത്തു പറഞ്ഞ ദേശീയ മാധ്യമങ്ങള്‍ വരെ ഇന്ത്യയിലുണ്ട്. ചെങ്കോട്ടയില്‍ 'ഖലിസ്ഥാനി പതാക' ഉയര്‍ത്തിയതിലൂടെ കര്‍ഷക സമരത്തെ രാജ്യദ്രോഹപരമെന്ന് താറടിച്ച് അവസാനിപ്പിക്കാനാവുമെന്നായിരുന്നു ബി.ജെ.പി കൂലിക്കെടുത്ത ഈ മാധ്യമങ്ങള്‍ കണക്കു കൂട്ടിയത്. മോദിയും കൂട്ടരും വെച്ചു നീട്ടുന്ന പാനപാത്രത്തില്‍ നിന്നും രാജ്യസ്‌നേഹം മോന്തിക്കുടിച്ച് ടിക്കായത്തിനെയും കൂട്ടരെയും പുറംകാലു കൊണ്ട് പൗരന്‍മാര്‍ തൊഴിച്ചെറിയുന്നതല്ല പക്ഷേ രാജ്യം കണ്ടത്. ഇതുവരെ ഉണ്ടായിരുന്നതിനേക്കാളും പലമടങ്ങ് അധികമുള്ള ജനക്കൂട്ടമാണ് നിലവില്‍ ഗാസിപ്പൂരിലേക്കെത്തുന്നത്. നരേന്ദ്ര മോദി എന്ന കപടവിഗ്രഹത്തിന് ജനങ്ങളെ ഒന്നിപ്പിക്കാന്‍ കഴിയുന്നത് തികച്ചും പ്രതിലോമകരമായ വിഷയങ്ങളില്‍ മാത്രമായി ചുരുങ്ങുകയാണ് എന്നതിന് ഇതിലപ്പുറം തെളിവെന്ത്.
ദുരഭിമാനമാണ് മോദി സര്‍ക്കാരിന്റെ യഥാര്‍ഥ പ്രശ്‌നം. താനെടുക്കുന്ന തീരുമാനങ്ങളെ കുറിച്ച് പ്രധാനമന്ത്രി ജനങ്ങളുമായി പ്രത്യേകിച്ച് എന്തെങ്കിലും ചര്‍ച്ച ചെയ്യുകയോ അദ്ദേഹത്തെ പോലുള്ള 'അതിമാനുഷനായ' ഭരണാധികാരി 'പീറ' കര്‍ഷകരുടെ മുന്നില്‍ മുട്ടുമടക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്. ജനങ്ങള്‍ കേന്ദ്രസര്‍ക്കാരിനൊപ്പമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള പരിഹാസ്യമായ ചില നാടകങ്ങളും പാര്‍ട്ടി ഏറ്റുപിടിക്കുന്നുണ്ട്. സിന്‍ഗു അതിര്‍ത്തിയില്‍ മുഖംമൂടിയിട്ടെത്തിയ ഏതാനും ഗുണ്ടകള്‍ കര്‍ഷക സമരത്തിനെതിരേ നടത്തിയ ആക്രമണം ഉദാഹരണം. ഭൂരിപക്ഷം ജനങ്ങളുടെയും മുഖമായിരുന്നു അതെങ്കില്‍ ഈ 'രാജ്യസ്‌നേഹി'കള്‍ക്ക് എന്തുകൊണ്ട് മുഖംമൂടി അണിയേണ്ടി വന്നു? 'ഗോലി മാരോ ഗദ്ദാരോം കോ' എന്ന മുദ്രാവാക്യം ഒരു ചെറിയ ഇടവേളക്കു ശേഷം ഡല്‍ഹിയില്‍ വീണ്ടും മുഴങ്ങിയതും സിന്‍ഗുവിലെ ഈ ആക്രമണത്തിനിടെയായിരുന്നു. രാജ്യസ്‌നേഹം തെളിയിക്കാന്‍ ഒരു ഭാഗത്ത് ജയ്ശ്രീറാം വിളിക്കുകയും മറുഭാഗത്ത് മൂവര്‍ണ പതാകയെ സിഖുകാര്‍ അപമാനിച്ചുവെന്ന് കുറ്റപ്പെടുത്തുകയുമായിരുന്നു ഊരും പേരുമില്ലാത്ത ഈ 'ജനക്കൂട്ടം'. ഇതും രണ്ടും കൂടെ എങ്ങനെയാണ് ഒരേസമയം ശരിയാകുക? ആര്‍.എസ്.എസ് പോറ്റി വളര്‍ത്തുന്ന എണ്ണമറ്റ പരിവാര്‍ പട്ടാളങ്ങള്‍ക്കകത്തു മാത്രമാണ് 'ജയ്ശ്രീറാം' എന്നത് രാജ്യസ്‌നേഹത്തിന്റെ മുദ്രാവാക്യമാകുന്നത്. അവര്‍ക്കു മാത്രമാണ് മറ്റു മതങ്ങളുടെ അടയാളങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ളതും. ബാക്കിയുള്ള ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സിഖു മതം ഉള്‍പ്പെടെയുള്ള മുഴുവന്‍ മതങ്ങളുടെയും സംസ്‌കാരങ്ങളും അടയാളങ്ങളുമൊക്കെ രാജ്യത്തിന്റെ ഭാഗവുമാണ്. ജനകീയ സമരങ്ങള്‍ക്കെതിരേ ഗുണ്ടകളെ കെട്ടിയിറക്കുന്ന ഈ ഏര്‍പ്പാട് 'ശാഹീന്‍ബാഗ്' സമരകാലത്താണ് രാജ്യം ഏറ്റവും കൂടുതല്‍ കണ്ടത്. പഴകി പുളിച്ച അതേ തിരക്കഥയനുസരിച്ചാണ് ബി.ജെ.പിയുടെ 'ഗോദി' മാധ്യമങ്ങള്‍ കര്‍ഷക സമരത്തെയും നേരിടുന്നത്. ശഹീന്‍ബാഗിനെതിരായ ഈ വിഷ പ്രചാരണം ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ കെട്ടുകെട്ടിച്ചതിനു ശേഷം കപില്‍ മിശ്രയും കൂട്ടരും പിന്നീട് വോട്ടര്‍മാരോട് എങ്ങനെയാണ് കണക്കു തീര്‍ത്തതെന്നും ഇവിടെ ചേര്‍ത്തുവായിക്കുക.
മറ്റേത് സര്‍ക്കാരിനേക്കാളും എന്‍.ഡി.എ കാലഘട്ടങ്ങളാണ് ഇന്ത്യയില്‍ കര്‍ഷക വിരുദ്ധമായി മാറുന്നത്. വാജ്‌പേയി സര്‍ക്കാരിന്റെ നയങ്ങളുടെ സൃഷ്ടിയായിരുന്ന വിദര്‍ഭ കര്‍ഷക ദുരന്തം ഇന്നും രാജ്യത്തിന് മറക്കാനായിട്ടില്ല. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങളും തൊഴിലുറപ്പ് പദ്ധതിയുമൊക്കെ ഒരര്‍ഥത്തില്‍ ആ ദുരന്തത്തിന്റെ ബാക്കിപത്രമായ പരിഹാരക്രിയകളായിരുന്നു. എന്നാല്‍ മോദിയുടെ പ്രഥമ സര്‍ക്കാരിന്റെ കാലത്ത് വിണ്ടുകീറിയ കാലുകളായി അതേ മഹാരാഷ്ട്രയില്‍ നിന്നും ഡല്‍ഹിയിലേക്ക് വീണ്ടും കര്‍ഷകര്‍ക്ക് പദയാത്ര നടത്തേണ്ടി വന്നില്ലേ. അവരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഏതെങ്കിലും ചര്‍ച്ചയിലെ വാഗ്ദാനങ്ങള്‍ പിന്നീട് പാലിക്കപ്പെട്ടിരുന്നോ? സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പറഞ്ഞായിരുന്നില്ലേ 2014ല്‍ മോദി അധികാരത്തിലേറിയത്. ഉല്‍പദാന ചെലവിന്റെ ഇരട്ടി പോകട്ടെ പകുതിയെങ്കിലും വരുമാനം ഉറപ്പുവരുത്താന്‍ മോദിക്കു കഴിഞ്ഞോ? ഇല്ലല്ലോ. 1970ല്‍ രാജ്യത്തെ നാലില്‍ മൂന്ന് വീടുകളുടെയും വരുമാനം കാര്‍ഷിക മേഖലയെ ആശ്രയിച്ചായിരുന്നുവെങ്കില്‍ 45 വര്‍ഷങ്ങള്‍ക്കു ശേഷം അത് മൂന്നിലൊന്നായി ചുരുങ്ങിയിരിക്കുന്നു. കാര്‍ഷിക മേഖലയിലുള്ള കുടുംബങ്ങളില്‍ പോലും നിത്യജീവിതത്തിന് വഴി കണ്ടെത്തുന്നത് മറ്റു മാര്‍ഗങ്ങളിലൂടെയാണ്. ഒരു ഹെക്ടറില്‍ കൃഷി നടത്തുന്നതിന്റെ ചെലവ് 35,000 മുതല്‍ 42,000 രൂപ വരെയായാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിലയിരുത്തപ്പെടുന്നത്. ചെലവ് കഴിഞ്ഞതിനു ശേഷമുള്ള വരുമാനമാകട്ടെ 6000 മുതല്‍ 8000 വരെ രൂപ മാത്രവും. 2020ല്‍ മാത്രം 22 സംസ്ഥാനങ്ങളിലായി 71 കര്‍ഷക പ്രക്ഷോഭങ്ങള്‍ ഇന്ത്യയില്‍ നടന്നിട്ടുണ്ട്. 2019ലെ കണക്കുകള്‍ പ്രകാരം ഓരോ മണിക്കൂറിലും രാജ്യത്ത് എവിടെയെങ്കിലുമായി ശരാശരി രണ്ട് കര്‍ഷകര്‍ വീതം ആത്മഹത്യ ചെയ്തിട്ടുണ്ട്. കത്തുന്ന പുരയില്‍ നിന്നും കഴുക്കോലൂരുന്ന രീതിയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊവിഡിന്റെ മറപിടിച്ച് നടപ്പാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ ഈ ദുരവസ്ഥയുടെ ആക്കം കൂട്ടുക മാത്രമാണ് ചെയ്യുന്നത്. കര്‍ഷകര്‍ ഒരു വോട്ടുബാങ്കായി മാറാത്തത് മോദിയുടെ ഭാഗ്യം. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ രണ്ടാം യു.പി.എ സര്‍ക്കാരിനേറ്റ തിരിച്ചടിയേക്കാള്‍ മോശപ്പെട്ട ഒന്ന് മോദിയെ കാത്തിരിക്കുന്നുണ്ട്. അര്‍ണബുമാരുടെ ചാനലുകള്‍ക്ക് നുണയുടെ മിസൈലുകള്‍ തൊടുക്കാനുള്ള വിശ്വാസ്യത ബാക്കിയുണ്ടാവട്ടെയെന്ന് ബി.ജെ.പിക്ക് ആശിക്കുകയേ നിവൃത്തിയുണ്ടാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."