രാമക്ഷേത്ര ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്ത് കോണ്‍ഗ്രസ് നേതാവ്; വനിതാ നേതാവും കുരുങ്ങിയതോടെ വെട്ടിലായി സി.പി.എമ്മും
ആലപ്പുഴ: ആര്‍.എസ്.എസിന്റെ രാമ ക്ഷേത്ര നിര്‍മാണ ഫണ്ട് പിരിവ് കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തത് വിവാദത്തില്‍. ആലപ്പുഴ ഡി.സി.സി ഉപാധ്യക്ഷന്‍ രഘുനാഥ പിള്ളയാണ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്. രഘുനാഥപിള്ള പട്ടാര്യ സമാജത്തിന്റെ പ്രസിഡന്റും ചേര്‍ത്തല പള്ളിപ്പുറം കടവില്‍ മഹാലക്ഷ്മി ക്ഷേത്ര ദേവസ്വം പ്രസിഡന്റുമാണ്.
ഇവിടെ വച്ച് രാമക്ഷേത്ര ഫണ്ട് ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രം വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഡി.സി.സി ഉപാധ്യക്ഷനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
ക്ഷേത്രഭാരവാഹി എന്ന നിലയിലാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തതെന്നാണ് രഘുനാഥപിള്ളയുടെ വിശദീകരണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിമര്‍ശനമുയര്‍ത്തിയതോടെ ഡിസി.സി പ്രസിഡന്റ് എം. ലിജുവും വിശദീകരണവുമായി രംഗത്തെത്തി. സി.പി.എം വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണ്. ക്ഷേത്ര ഭരണസമിതി അംഗങ്ങളായ നാലു ചെറുപ്പക്കാര്‍ രാമക്ഷേത്ര നിര്‍മാണ ഫണ്ട് ശേഖരിക്കുന്നതിന് ക്ഷേത്രം മേല്‍ശാന്തിക്ക് കൂപ്പണ്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നാണ് രഘുനാഥ പിള്ള വിശദീകരിച്ചതെന്നും ഡി.സി.സി അധ്യക്ഷന്‍ പറഞ്ഞു. സംഭവം വിവാദമായതോടെ സി.പി.എമ്മും രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
എന്നാല്‍ പിന്നാലെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഫണ്ട് പിരിവില്‍ തങ്ങളുടെ വനിതാ നേതാവും കുരുങ്ങിയതോടെ സി.പി.എമ്മും വെട്ടിലായി. സി.പി.എം കുമാരപുരം ബ്രാഞ്ച് സെക്രട്ടറി എല്‍.തങ്കമ്മാളാണ് വിവാദത്തിലായത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവും മുന്‍ പഞ്ചായത്ത് അംഗവുമായിരുന്ന തങ്കമ്മാള്‍ കുമാരപുരം മണ്ഡലം തല ഫണ്ടുശേഖരണത്തിലാണ് പങ്കാളിയായത്.
തങ്കമ്മാളിന്റെ മകന്‍ പ്രദീപ് കുമാരപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. വിശ്വാസിയായതുകൊണ്ടാണ് ആര്‍.എസ്.എസ് പരിപാടിയുടെ ഭാഗമാകേണ്ടി വന്നതെന്ന് തങ്കമ്മാള്‍ പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് നേതാവിനെതിരേ വിമര്‍ശനവുമായി രംഗത്ത് വന്ന സി.പി.എം നേതൃത്വം പ്രതിരോധത്തിലായി. വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."