അലിഗഢിൽ ചിതറുന്ന പ്രതിപക്ഷ വോട്ടിൽ പ്രതീക്ഷയർപ്പിച്ച് ബി.ജെ.പി ഒരു മണ്ഡലത്തിൽ ഉവൈസിയുടെ സ്ഥാനാർഥിയും
പ്രത്യേക ലേഖകൻ
അലിഗഢ്
കർഷക സമൂഹത്തിന്റെ പ്രതിഷേധത്തിനും ദലിത്, മുസ്‌ലിം സമുദായങ്ങളുടെ അതൃപ്തിക്കുമിടയിലും അലിഗഢ് ജില്ലയിൽ 2017 ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ ബി.ജെ.പി. ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണെന്ന കണക്കുകൂട്ടലിലാണ് ജില്ലാ നേതൃത്വം. തെരഞ്ഞെടുപ്പ് ഗോദയിലെ പോരാട്ടചിത്രം ആ പ്രതീക്ഷയ്ക്ക് ബലം നൽകുന്നുമുണ്ട്.
2017ൽ ജില്ലയിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും വിജയം നേടിയത് ബി.ജെ.പിയാണ്, അതും മികച്ച ഭൂരിപക്ഷത്തോടെ. ഏറ്റവും വലിയ ഭൂരിപക്ഷം ഇഗ് ലാസ് മണ്ഡലത്തിലാണ്, 74,800. അലിഗഢ് മണ്ഡലത്തിൽ നേടിയ 15,440 ആണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം.
49.9 ശതമാനം വോട്ട് നേടിയാണ് ജില്ലയിൽ ഈ വിജയം കൊയ്തത്. മറ്റു കക്ഷികളുടെ വോട്ട് ശതമാനം ബി.എസ്.പി- 21.9, എസ്.പി- 16.4, കോൺഗ്രസ് 4.7, ആർ.എൽ.ഡി- 4.6 എന്നിങ്ങനെയാണ്. അതായത്, പ്രതിപക്ഷ കക്ഷികൾക്കെല്ലാംകൂടി ലഭിച്ച വോട്ട് ബി.ജെ.പിയുടേതിനു താഴെയാണ്. ആ വോട്ട് ശതമാനം ഇത്തവണ നിലനിർത്താനാവുമെന്ന് ബി.ജെ.പി നേതാക്കൾ പോലും കരുതുന്നില്ലെങ്കിലും അവർക്കു വിജയപ്രതീക്ഷ ഒട്ടും കുറവല്ല. എല്ലാ മണ്ഡലങ്ങളിലും പ്രതിപക്ഷ കക്ഷികളെല്ലാം ഒറ്റയ്ക്ക് മത്സരിക്കുന്നതിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
ഏഴു മണ്ഡലങ്ങളിലും ബി.ജെ.പിക്കു പുറമെ ബി.എസ്.പി, എസ്.പി- ആർ.എൽ.ഡി സഖ്യം, കോൺഗ്രസ് എന്നിവർക്കെല്ലാം സ്ഥാനാർഥികളുണ്ട്. കൂടാതെ ഗണ്യമായ മുസ്‌ലിം ജനസംഖ്യയുള്ള ബറൗലിയിൽ അസദുദ്ദീൻ ഉവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എമ്മും സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. പ്രതിപക്ഷ വോട്ടുകൾ പലവഴിക്ക് ചിതറിപ്പോകുന്ന അവസ്ഥയാണ് എല്ലാ മണ്ഡലങ്ങളിലും.
ജില്ലയിൽ ഹിന്ദു ജനസംഖ്യ 79.05 ശതമാനമാണ്. 21 ശതമാനം വരുന്ന ദലിതരടക്കമാണിത്. മുസ്‌ലിംകൾ 19.85 ശതമാനം വരും. ബാക്കി സിഖുകാരും ക്രിസ്ത്യാനികളുമടക്കമുള്ളവരാണ്.
ഇക്കൂട്ടത്തിൽ സവർണ വിഭാഗങ്ങളുടെയും കുറച്ച് പിന്നോക്ക വിഭാഗം ഹിന്ദുക്കളുടെയും വോട്ട് ലഭിച്ചാൽ വിജയം ഉറപ്പാണെന്നാണ് ബി.ജെ.പി നേതാക്കളുടെ കണക്കുകൂട്ടൽ. എന്നാൽ ആ കണക്കുകൂട്ടൽ പിഴയ്ക്കുമെന്ന് മഹിളാ കോൺഗ്രസ് ജില്ലാ അധ്യക്ഷ വിജയലക്ഷ്മി സിങ് പറയുന്നു. കർഷകരിലും ദലിതരടക്കമുള്ള പിന്നോക്ക ഹിന്ദുക്കളിലും രൂപംകൊണ്ട ബി.ജെ.പി വിരുദ്ധ വികാരം അവർക്കു വലിയ തോതിൽ ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുത്തുമെന്നാണ് വിജയലക്ഷ്മിയുടെ വിലയിരുത്തൽ. ഈ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ചിതറിപ്പോകുമെന്ന ആശങ്കയും അവർ പങ്കുവയ്ക്കുന്നു.
കഴിഞ്ഞ തവണ നേടിയ വോട്ടുകളിൽ ചെറിയ തോതിൽ ചോർച്ചയുണ്ടായേക്കാമെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ബി.ജെ.പി ജില്ലാ നേതാവ് പറഞ്ഞു. എന്നാൽ വിജയത്തിൽ ഒട്ടും സംശയമില്ല. അലിഗഢ് മണ്ഡലത്തിൽ മാത്രമാണ് പാർട്ടി കടുത്ത മത്സരം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."