സി.പി.എം എതിർത്തു ; ഏക സിവിൽ കോഡ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുന്നതിൽനിന്ന് ബി.ജെ.പി പിൻമാറി
ന്യൂഡൽഹി
സി.പി.എം അംഗത്തിന്റെ എതിർപ്പിനെ തുടർന്ന് ഏകസിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സ്വകാര്യ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുന്നതിൽ നിന്ന് ബി.ജെ.പി അംഗം പിൻമാറി. ബി.ജെ.പി അംഗം ഡോ. കിറോഡി ലാൽ മീണയാണ് രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കമ്മിറ്റിക്കായി നിയമനിർമാണം നടത്താൻ സ്വകാര്യ ബില്ല് കൊണ്ടുവന്നത്. ഇന്നലെ രാജ്യസഭയുടെ പരിഗണനാ വിഷയങ്ങളിൽ ബില്ല് അവതരിപ്പിക്കുന്നത് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ, ഈ സ്വകാര്യബില്ലിന് രാജ്യസഭയിൽ അവതരണാനുമതി നൽകരുതെവന്നാവശ്യപ്പെട്ട് സി.പി.എം കക്ഷി നേതാവ് എളമരം കരീം രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന് സഭാ ചട്ടം 67 പ്രകാരം കത്ത് നൽകി. ഇതിന് പിന്നാലെ ബില്ല് അവതരണത്തിൽ നിന്ന് പിൻമാറുകയായിരുന്നു.
മുൻപ് മൂന്നു തവണ ഇതേ ബില്ല് പരിഗണിച്ചപ്പോഴും സി.പി.എം അംഗങ്ങൾ നോട്ടീസ് നൽകിയതിനെത്തുടർന്ന് കിറോഡി ലാൽ മീണ പിന്മാറിയിരുന്നു. രാജ്യത്തെ മതസൗഹാർദവും സാമൂഹിക ഐക്യവും തകർക്കുന്ന ഇത്തരം നീക്കങ്ങളെ ഇനിയും സി.പി.എം ശക്തമായി പ്രതിരോധിക്കുമെന്ന് എളമരം കരീം പറഞ്ഞു.
ലോക്‌സഭയിൽ ബി.ജെ.പി അംഗം സുശീൽകുമാർ സിങും സമാനമായ ബില്ലിന് അവതരണാനുമതി തേടിയിരുന്നു.
അവതരണാനുമതി നൽകരുതെന്നാവശ്യപ്പെട്ട് എ.എം ആരിഫ് ലോക്‌സഭാ സ്പീക്കർക്ക് കത്തു നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."