പള്ളികളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ഇമാമുമാര്‍ക്കെതിരെ നടപടി
ജിദ്ദ: സഊദിയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പള്ളികളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ഇമാമുര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക നിരീക്ഷകരെ നിയമിച്ചിരിക്കുകയാണ് മന്ത്രാലയം.
പള്ളികളില്‍ കൊവിഡ് പ്രോട്ടോക്കോളുകളും മുന്‍കരുതല്‍ നടപടികളും പാലിക്കപ്പെടുന്നതില്‍ വ്യാപകമായ വീഴ്ച ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നിയന്ത്രണം കര്‍ക്കശമാക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളമുള്ള മുഴുവന്‍ പള്ളികളിലെയും ഇമാമുമാര്‍ക്ക് പ്രത്യേക സര്‍ക്കുലര്‍ നല്‍കിയിരിക്കുകയാണ് ഇസ്ലാമിക കാര്യമന്ത്രി ശെയ്ഖ് അബ്ദുല്ലത്തീഫ് അല്‍-ശെയ്ഖ്. നിലവിലുള്ള കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കുന്നതോടൊപ്പം പള്ളികള്‍ക്ക് പ്രത്യേകമായി നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കി. പ്രാര്‍ഥനയ്‌ക്കെത്തുന്നവര്‍ക്കു പറമെ, പള്ളിയിലെ ഇമാമുമാര്‍, പ്രഭാഷകര്‍, മുഅദ്ദിനുകള്‍ തുടങ്ങിയവരില്‍ ചിലരും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുന്നില്ലെന്ന ആക്ഷേപവും മന്ത്രാലയത്തിനുണ്ട്.
അതേസമയം അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തോടനുബന്ധിച്ച ഉദ്‌ബോധന പ്രസംഗം കൊറോണക്കെതിരായ മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഉണർത്താനും ബോധവൽക്കരിക്കാനും വേണ്ടി പ്രത്യേകം നീക്കിവെക്കാൻ ഇസ്‌ലാമികകാര്യ മന്ത്രിയുടെ നിർദ്ദേശത്തിൽ പ്രത്യേകമായി പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."