ഹൈദരാബാദ്: തെലങ്കാന സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി മോദിയെ പൂർണമായി ഒഴിവാക്കി മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. സമത്വ പ്രതിമ രാഷ്ട്രത്തിന് സമർപ്പിക്കുന്നത് ഉൾപ്പെടയുള്ള പരിപാടികൾക്കായി ഹൈദരാബാദിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു വിമാനത്താവളത്തിൽ സ്വീകരിച്ചില്ല. മാസങ്ങൾക്കിടെ ഇതു രണ്ടാം തവണയാണ് കെ.സി.ആര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിക്കാതിരിക്കുന്നത്. ഇതോടൊപ്പം മോദി പങ്കെടുക്കുന്ന എല്ലാ പരിപാടികളും മുഖ്യമന്ത്രി ഒഴിവാക്കിയിട്ടുണ്ട്. പനിയുള്ളതിനാൽ പ്രധാനമന്ത്രിയുടെ പരിപാടികളിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
കെ.സി.ആറിന്റെ നടപടിയെ വിമർശിച്ച് തെലങ്കാന ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രി ഭരണഘടനയെ നിരന്തരം അപമാനിക്കുകയാണെന്ന് പാർട്ടി ആരോപിച്ചു. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷൻ റെഡ്ഡി, തെലങ്കാന മന്ത്രി തലസാനി ശ്രീനിവാസ് യാദവ് എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
നേരത്തേ മോദിയുടെ ഡ്രസ് കോഡിനെ പരിഹസിച്ച് കെ.സി.ആർ രംഗത്ത് എത്തിയിരുന്നു. കേന്ദ്ര ബജറ്റിനെയും അദ്ദേഹം വിമർശിച്ചു. ദാരുണവും കുഴപ്പം നിറഞ്ഞതുമായ ബജറ്റാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സമൂഹമാധ്യമങ്ങള്‍ വിദഗ്ധമായി ഉപയോഗിച്ചുകൊണ്ട് നുണകൾ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് ആളുകളെ ഇതുവരെ വിഡ്ഢികളാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം വെളിച്ചത്തായിരിക്കുകയാണെന്നും കെ.സി.ആർ വിമർശിച്ചിരുന്നു.