സാധാരണക്കാരനെ കാണാത്ത കോർപറേറ്റുകൾക്കായുള്ള ബജറ്റ്
കെ.പി ആഷിക്ക്
150 ൽ താഴെവരുന്ന അതിസമ്പന്നരുടെ അമിത ലാഭത്തിന് 140 കോടി ജനങ്ങളെ നിരാശരാക്കുന്ന ഒരു ബജറ്റ് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ആകെയുള്ള ആശ്വാസം പതിവു ബജറ്റ് അവതരണത്തിൽനിന്ന് വ്യത്യസ്തമായി ഒരു മണിക്കൂറിൽ താഴെ മാത്രമേ സമയം എടുത്തുള്ളൂ എന്നതാണ്. ഒരു മഹാമാരി സൃഷ്ടിച്ച ആഘാതം എല്ലാ മേഖലകളെയും തകർത്തുകൊണ്ടിരിക്കുമ്പോൾ ഓരോ ഇന്ത്യക്കാരനും പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റ് വർത്തമാന കാലത്തെ ജനതയെയും അവരുടെ ജീവിതോപാധികളെയും ഒന്നും പരാമർശിക്കാതെ ഇരുപത്തി അഞ്ചു വർഷം കഴിഞ്ഞുള്ള നേട്ടങ്ങളെ വിലയിരുത്തി എന്നതാണ് ഏറെ സങ്കടകരം. ആഗോള ദാരിദ്ര്യ ഇൻഡക്‌സ് പ്രകാരം 116ൽ 101ാം സ്ഥാനത്തുള്ള ഒരു നാടിന്റെ ബജറ്റിൽ ദരിദ്രൻ എന്നത് രണ്ടു പ്രാവശ്യം മാത്രമാണ് എഴുതിയത്. എന്നാൽ കുത്തകകൾക്കുവേണ്ടി ഡിജിറ്റൽ ഇക്കോണമി, ഗ്ലോബൽ ഇക്കോണമി തുടങ്ങിയ പദങ്ങൾ പല ആവൃത്തി എഴുതുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു ബജറ്റിൽ നിലവിലെ എല്ലാ സബ്‌സിഡികളെയും കുത്തനെ കുറച്ചു എന്നതിൽ അതിശയമില്ല.
പെട്രോളിയം സബ്‌സിഡി 2021-22ൽ 6517 കോടിയിൽനിന്ന് 5813 കോടിയിലേക്കും കർഷകരുടെ സാമ്പത്തിക തകർച്ചയ്ക്ക് ഇരുട്ടടി കൊടുത്തുകൊണ്ട് 2021-22 ലെ സബ്‌സിഡി 140000കോടിയിൽ നിന്ന് 105000 കോടിയിലേക്കും ഭക്ഷ്യ സബ്‌സിഡി 286219ൽ നിന്ന് 206481 കോടിയിലേക്കും വെട്ടിക്കുറച്ചു.
2021-22 ൽ കാർഷിക മേഖലയിലെ സബ്‌സിഡി ജി.ഡി.പിയുടെ 4.3% ആണെങ്കിൽ ഇപ്പോൾ 3.8 ശതനമാക്കി കുറച്ചു. വിളകളുടെ സബ്‌സിഡിയും 15983 കോടിയിൽനിന്ന് 15500 കോടി കുറച്ചാണ് അവതരിപ്പിച്ചത്.
ധനകാര്യ മന്ത്രി ബജറ്റ് അവതരിപ്പിക്കുമ്പോൾ നിലവിൽ രാജ്യത്തെ സാമ്പത്തിക അവസ്ഥ കൊവിഡ് മഹമാരി സൃഷ്ടിച്ച വലിയ ആഘാതത്തിലായിരുന്നു എന്നതൊന്നും പരിഗണനയ്ക്ക് വന്നില്ല എന്നതാണ് യാഥാർഥ്യം. അറുപതു ലക്ഷത്തിന് മുകളിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ ഇതിനോടകം പൂട്ടേണ്ടിവന്നു. ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടമായി. 84% ത്തോളം കുടുംബങ്ങൾ വരുമാന നഷ്ടംകൊണ്ട് നട്ടം തിരിയുന്നു.
2019-20ൽ വ്യക്തിഗത വരുമാനം 108645 രൂപയിൽ നിന്ന് 2011ൽ 107081ലേക്ക് താഴുകയും വ്യക്തിഗത വിനിമയം 62056ൽ നിന്ന് 59043 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു. 4.6 കോടി പാവങ്ങൾ അതി ദരിദ്രരായി മാറി. സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികളുടെ വരവിൽ ഗണ്യമായ കുറവുണ്ടായി. 9 ശതമാനമാണ് തൊഴിലില്ലായ്മ വർധിച്ചത്. പണപ്പെരുപ്പം 12 ശതമാനമായി മാറി. ഈ സാഹചര്യത്തിൽ ഇതൊന്നും വിഷയമായി കാണാതെ ഇരുപത്തി അഞ്ചു വർഷം അപ്പുറത്തേക്ക് അമൃത് കൽ പദ്ധതി അവതരിപ്പിക്കുന്നതും റിസർവ് ബാങ്കുപോലും ഇപ്പോഴും കൃത്യമായ രൂപ രേഖ തയാറാകാത്ത ഡിജിറ്റൽ കറൻസിയെ കുറിച്ചു പ്രതിപാദിക്കുന്നതും ഏറെ അത്ഭുതത്തോടെയാണ് വിലയിരുത്താൻ കഴിയുക.
പാവപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകുമെന്ന് ചിന്തിക്കാതെ, കൊവിഡ് ദുരന്തം പേറുന്നവർക്കു ആശ്വാസ പദ്ധതികളില്ലാതെ, കൊഴിഞ്ഞുപോകുന്ന കുട്ടികളെ സ്‌കൂളിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള മാർഗങ്ങൾ കാണിക്കാതെ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെ പുനരുദ്ധരിക്കാൻ പദ്ധതി യൊന്നുമില്ലാതെ, പണപെരുപ്പമോ ദാരിദ്ര്യ നിർമാർജനമോ കുറയ്ക്കാനുള്ള ഒരു പദ്ധതിയുമില്ലാതെ, സാധാരണക്കാരൻ്റെയും ഇടത്തരം ശമ്പളക്കാരന്റെയും ആദായ നികുതി ഒന്നും ചെയ്യാതെ കോർപറേറ്റുകളിലൂടെ നാടിനെ ഉയർത്താൻ ശ്രമിക്കുന്ന ബജറ്റ് എന്തു നേട്ടമാണ് ഉണ്ടാക്കുക.
രാജ്യത്തിന്റെ 70 ശതമാനം ധനക്കമ്മി വീണ്ടെടുക്കാൻ മാർക്കറ്റ് ഇടപാട് എന്നത് സ്വകാര്യ കുത്തകകളെ എത്ര ശക്തരാക്കും എന്ന് മനസ്സിലാക്കാം. എല്ലാ സബ്‌സിഡികളും കൂടി വെട്ടിക്കുറച്ചത് 27 ശതമാനമാണ്. വരുമാന വർധനയ്ക്ക് കൈക്കൊള്ളുന്ന മാർഗം 85000 കോടി കോർപറേറ്റ് നികുതിയും 85000 കോടി ആദായ നികുതിയും 105000 കോടി ജി.എസ്.ടിയുമാണ് എന്നാണ് ബജറ്റിലുള്ളത്. കോർപറേറ്റ് നികുതി വർധിപ്പിക്കുമ്പോൾ അതിന്റെ വരുമാനത്തിൽ 75 ശതമാനം വൻകിട കോർപറേറ്റുകൾക്കും 25 ശതമാനം സർക്കാരിലേക്കുമാണ് പോവുക. ഇതുകൊണ്ട് ആർക്കാണ് നേട്ടമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലെ 150ൽ താഴെയുള്ള അതിസമ്പന്നരുടെ വരുമാനം 23 ലക്ഷം കോടിയിൽനിന്ന് 53 ലക്ഷം കോടി ഉയർന്നു എന്നത് കൂട്ടിവായിക്കാവുന്നതാണ്. 99 ശതമാനം ജനങ്ങളെ, അവരുടെ പ്രശ്‌നങ്ങളെ, ദൈനംദിന ജീവിത മാർഗത്തെ പരിഗണിക്കാതെ ഒരു ഡിജിറ്റൽ ഇന്ത്യ സ്വപ്നം കണ്ടുള്ള ആത്മനിർഭരമായ ബജറ്റാണ് 2022-23.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."