നിലച്ചു ആ മധുര നാദം; ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌ക്കര്‍ അന്തരിച്ചു
മുംബൈ: നീണ്ട എട്ടു പതിറ്റാണ്ടു കാലം ലോകമെങ്ങുമുള്ള സംഗീത പ്രേമികളുടെ മനസ്സില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌ക്കര്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈ ബീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ലത മങ്കേഷ്‌കറെ ജനുവരി എട്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് മുക്തയായെങ്കിലും അവരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടര്‍ന്നു. ന്യൂമോണിയ ബാധിച്ച അവരെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നീട് ആരോഗ്യനിലയില്‍ പുരോഗതി കാണിച്ചെങ്കിലും ഗുരുതരമായതിനെ തുടര്‍ന്ന് വീണ്ടും വെന്റിലേറ്ററിലാക്കിയിരുന്നു.
സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും അഞ്ചുമക്കളില്‍ മൂത്തവളായി മധ്യപ്രദേശിലെ ഇന്ദോറില്‍ 1929 സെപ്തംബര്‍ 28നാണ് ലത മങ്കേഷ്‌കര്‍ ജനിച്ചത്.
ബോളിവുഡ് ഗായിക ആശാ ഭോസ്‌ലേ ലതയുടെ ഇളയ സഹോദരിയാണ്. ആദ്യ പേര് ഹേമ എന്നായിരുന്നെങ്കിലും പിന്നീട് തന്റെ നാടകത്തിലെ കഥാപാത്രത്തോടുള്ള ഇഷ്ടം മൂലം അച്ഛന്‍ ലത എന്ന് പുനര്‍നാമകരണം ചെയ്തു, അച്ഛനില്‍ നിന്ന് ശാസ്ത്രീയ സംഗീതം പഠിച്ച ലത അഞ്ചാം വയസ്സു മുതല്‍ പിതാവിന്റെ സംഗീത നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. അമാനത്ത് ഖാന്‍, പണ്ഡിറ്റ് തുളസിദാസ് ശര്‍മ, ഉസ്താദ് അമാന്‍ അലി ഖാന്‍ തുടങ്ങിയവരില്‍ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു.
1942ല്‍ മറാത്തി, ഹിന്ദി സിനിമകളില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് ഗായികയായി മാറി. ആദ്യമായി പാടിയ 'കിതി ഹസാല്‍' എന്ന മറാത്തി ചിത്രത്തിലെ 'നാച്ചുയാഗഡേ, കേലു സാരി' എന്ന ആദ്യഗാനം സിനിമയില്‍ നിന്ന് ഒഴിവാക്കി. 1943 ല്‍ 'ഗജാഭാവു' എന്ന സിനിമയിലെ 'മാതാ ഏക് സപൂത്ത് കി ദുനിയ ബാദല്‍ ദേ തൂ..' എന്ന ഗാനമാലപിച്ചാണ് ഹിന്ദി സിനിമ പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നത്.
ലതയെ ആദ്യകാലത്ത് പ്രോത്സാഹിപ്പിച്ചത് മറാത്തി സംഗീത സംവിധായകന്‍ വിനായകായിരുന്നു. 1945ല്‍ വിനായകിന്റെ കൂടെ ബോംബെയില്‍ എത്തിയ അദ്ദേഹത്തിന്റെ മരണശേഷം ഗുലാം ഹൈദറെ മാര്‍ഗദര്‍ശിയായി സ്വീകരിച്ചു. 1948ല്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'മജ്ബൂര്‍' എന്ന സിനിമയിലെ 'ദില്‍ മേര ധോഡ, മുഛെ കഹിന്‍ കാ നാ ചോര' എന്ന ഗാനം ലതയുടെ സംഗീത ജീവിതത്തിലെ വഴിത്തിരിവായി. 1949ല്‍ 'മഹല്‍' എന്ന സിനിമയിലെ 'ആയേഗ ആനേവാല' എന്ന ഗാനമാണ് ലതയുടെ ആദ്യ ഹിറ്റ്.
സച്ചിന്‍ ദേവ് ബര്‍മന്‍, സലീല്‍ ചൗധരി, ശങ്കര്‍ ജയ്കിഷന്‍, മദന്‍ മോഹന്‍, ഖയ്യാം, പണ്ഡിറ്റ് അമര്‍നാഥ്, ഹുസന്‍ലാല്‍ ഭഗത് റാം തുടങ്ങി അക്കാലത്തെ പ്രശസ്ത സംഗീത സംവിധായകര്‍ക്കെല്ലാം വേണ്ടി അവര്‍ പിന്നീട് പാടി. മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍, മുകേഷ്, ഹേമന്ത് കുമാര്‍, മഹേന്ദ്ര കപൂര്‍, മന്ന ഡേ തുടങ്ങിയ പ്രശസ്തരായ ഗായകര്‍ക്കൊപ്പവും ലതയുടെ ശബ്ദം മുഴങ്ങി.
'നെല്ല്' എന്ന ചിത്രത്തില്‍ വയലാര്‍ എഴുതി സലില്‍ ചൗധരി ഈണം പകര്‍ന്ന കദളി കണ്‍കദളി ചെങ്കദളി പൂ വേണോ...' യാണ് അവരാലപിച്ച ഒരേ ഒരു മലയാള ഗാനം. എന്നാല്‍ ആ ഒരൊറ്റ ഗാനത്തിലൂടെ മലയാളത്തിനും ഏറെ പ്രിയപ്പെട്ടവളായി മാറി ലത.
ഹിന്ദി, മറാഠി, ബംഗാളി, മലയാളം തുടങ്ങി മുപ്പത്തിയാറോളം പ്രാദേശിക ഭാഷകളില്‍ പാടിയിട്ടുണ്ട്. നാല്‍പതിനായിരത്തോളം പാട്ടുകളാണ് ലതയുടെ ശബ്ദ സൗകുമാര്യമറിഞ്ഞത്.
അറുപതുകളില്‍ അഞ്ച് മറാഠി സിനിമകള്‍ക്ക് സംഗീതം സംവിധാനം നിര്‍വഹിച്ചു. 'സാധി മനസ്' എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധാനത്തിനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്.
1950കളില്‍ ബൈജു ബാവ്‌ര (1952), മദര്‍ ഇന്ത്യ (1957), ദേവദാസ് (1955), ചോരി ചോരി (1956), മധുമതി (1958) എന്നീ ചിത്രങ്ങളിലും ലത അഭിനയിച്ചു. ഹിന്ദിയിലും മറാഠിയിലുമായി നാലു ചിത്രങ്ങളും നിര്‍മിച്ചു. 1990ല്‍ ലത നിര്‍മിച്ച് പ്രശസ്ത ഗാനരചയിതാവായ ഗുല്‍സാര്‍ സംവിധാനം ചെയ്ത 'ലേക്കിന്‍' എന്ന ചിത്രത്തില്‍ അവര്‍ പാടിയ 'യാരാ സീലി സീലി' എന്ന ഗാനത്തിന് ദേശീയ അവാര്‍ഡും ലഭിച്ചു.
1958ല്‍ സലില്‍ ചൗധരിയുടെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ 'മധുമതി' എന്ന ചിത്രത്തിലെ 'ആജാ രെ പര്‍ദേസി' എന്ന ഗാനത്തിന് ആദ്യ ഫിലിംഫെയര്‍ അവാര്‍ഡ് നേടി. മികച്ച വനിത പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് പിന്നീട് അഞ്ച് തവണ (1962, 1965, 1969, 1993, 1994) കൂടി നേടി. ജയാ ബച്ചനും സഞ്ജീവ് കുമാറും അഭിനയിച്ച 'പരിചയ്' എന്ന ഹിന്ദി ചിത്രത്തിലെ 'ബീട്ടി നാ ബിട്ടായി രെഹ്നാ' എന്ന ഗാനത്തിലൂടെയാണ് ആദ്യ ദേശീയ അവാര്‍ഡ് നേടിയത്. മൂന്ന് തവണ (1972, 1974, 1990) മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹയായി. 2014ല്‍ പുറത്തിറങ്ങിയ 'ദുന്നോ വൈ 2' എന്ന സിനിമയിലെ 'ജീനാ ഹെ ക്യാ' എന്ന പാട്ടാണ് ഒടുവിലത്തെ ശ്രദ്ധേയമായ ഗാനം.
2001ല്‍ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ 'ഭാരതരത്‌നം' നല്‍കി രാജ്യം ലത മങ്കേഷ്‌കറെ ആദരിച്ചു. പത്മഭൂഷണ്‍ (1969), പത്മവിഭൂഷണ്‍ (1999), ദാദാസാഹബ് ഫാല്‍ക്കെ അവാര്‍ഡ് (1989) എന്നിവയും ലഭിച്ചിട്ടുണ്ട്. 1993ല്‍ ഫിലിംഫെയര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചു. 1999ല്‍ ലതയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു.
സജീവ പിന്നണി ഗാനരംഗത്തുനിന്ന് ലത പിന്മാറിയിട്ട് വര്‍ഷങ്ങളായി. എങ്കിലും സംഗീത പ്രേമികളുടെ ഉള്ളില്‍ അവരുടെ മധുര നാദം എന്നും കുളിര്‍ മഴ പെയ്യിച്ചു കൊണ്ടേയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."