സർക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കി സ്വപ്‌ന എല്ലാം ശിവശങ്കർ അറിഞ്ഞെന്ന് വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം
ഇടവേളയ്ക്കുശേഷം സർക്കാരിനെ പ്രതിസന്ധിയിലാക്കി സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ്. ശിവശങ്കറിന്റെ ആത്മകഥയിലെ വെളിപ്പെടുത്തലിനു പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുമായി സ്വപ്‌ന മാധ്യമങ്ങൾക്കു മുന്നിലെത്തിയത്.
സ്വർണക്കടത്തിൽ ശിവശങ്കറിന് ബന്ധം ഉണ്ടന്ന വെളിപ്പെടുത്തലാണ് സ്വപ്ന ഇന്നലെ നടത്തിയത്. യു.എ.ഇ കോൺസുലേറ്റിലെ എല്ലാ അവിഹിത ഇടപാടുകളെക്കുറിച്ചും ശിവശങ്കറിന് അറിയാം. നയതന്ത്ര ബാഗുകൾ കസ്റ്റംസ് തടഞ്ഞപ്പോൾ ശിവശങ്കറിനെ ബന്ധപ്പെട്ട് ആവശ്യമായ ഇടപെടൽ നടത്തി. ബാഗേജിൽ എന്താണ് എന്നറിഞ്ഞുതന്നെയാണ് ശിവശങ്കർ ഇടപെട്ടതെന്നും സ്വപ്‌ന പറഞ്ഞു.
സ്വർണം പിടികൂടുന്നതിന്റെ തലേ ദിവസം ഫഌറ്റിൽ പ്രതികൾക്കൊപ്പം ശിവശങ്കറും ചർച്ചയിൽ പങ്കെടുത്തിരുന്നു. തന്റെ എല്ലാ കാര്യങ്ങളെക്കുറിച്ചും ശിവശങ്കറിന് അറിയാമായിരുന്നു. സരിത്തിനെയാണ് കസ്റ്റംസ് ആദ്യം കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
ജൂലൈ അഞ്ചിനായിരുന്നു അത്. അന്നുച്ചയ്ക്കു ശേഷം ഒരാളുമായും ഞാൻ ബന്ധപ്പെട്ടിട്ടില്ല. അവസാനമായി സംസാരിച്ചത് ശിവശങ്കറുമായിട്ടാണ്. സരിത്തിനെ അറസ്റ്റ് ചെയ്തതിനു ശേഷം അയാളുടെ വീട്ടിലേക്ക് ഞാൻ പോയിരുന്നു. ഈ സമയം കസ്റ്റംസ് എന്നോട് ഹാജരാകാൻ ആവശ്യപ്പെട്ടു. അതിനു പിന്നാലെയാണ് ശിവശങ്കർ വിളിച്ച് പോകരുതെന്ന് പറഞ്ഞത്. ആദ്യം മുൻകൂർ ജാമ്യം എടുക്കണം. അവർ സമൻസ് അയയ്ക്കാതെ പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കെച്ചിയിലേക്ക് പോയി. പോകുന്ന വഴിക്ക് എന്റെ ഫോണുകൾ എല്ലാം സന്ദീപ് എടുത്തു. തുടർന്ന് സന്ദീപും ശിവശങ്കറും എന്റെ ഭർത്താവായിരുന്ന ജയശങ്കറും നൽകുന്ന നിർദേശമനുസരിച്ചാണ് ഞാൻ ബംഗളൂരുവരിൽ എത്തിയത്- സ്വപ്‌ന പറഞ്ഞു. വിമാനത്താവളത്തിൽ ബാഗേജുകൾ വിട്ടുകിട്ടുന്നതിനായി ശിവശങ്കർ പല തവണ സഹായിച്ചിട്ടുണ്ട്. ഊട്ടിയിലെ കുതിരയെപ്പോലെയായിരുന്നു താൻ.
എല്ലാ നിർദേശങ്ങളും തന്ന് നയിക്കാൻ ആളുണ്ടായിരുന്നു. താനവരെ കണ്ണടച്ച് പിന്താങ്ങി. വശങ്ങളിലെ കാഴ്ചകൾ മറയ്ക്കപ്പെട്ട നിലയിലായിരുന്നു. ശിവശങ്കർ അടക്കമുള്ളവർ പറഞ്ഞത് അനുസരിക്കുക മാത്രമായിരുന്നു. ബാങ്ക് ലോക്കറിൽ ഉണ്ടായിരുന്നതെല്ലാം കമ്മിഷൻ പണമായിരുന്നു. ലോക്കറിലെ പണം തന്റേതു മാത്രമല്ലെന്നും അതിൽ ശിവശങ്കറിനു പങ്കുണ്ടെന്നുമാണ് സ്വപ്ന പറയുന്നത്. സ്വപ്ന തന്നെ വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിൽ പണമിടപാടുകളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ കൂടുതൽ വിവരം ശേഖരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ശിവശങ്കറിനെതിരേ തന്റെ പക്കൽ തെളിവുകളുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലും കേന്ദ്ര ഏജൻസികൾ ഗൗരവത്തോടെയാണ് കാണുന്നത്.
സ്വപ്നയെ സ്‌പേസ് പാർക്കിൽ നിയമിച്ചതിൽ തനിക്കു പങ്കില്ലെന്നായിരുന്നു ശിവശങ്കറിന്റെ നിലപാട്. എന്നാൽ ശിവശങ്കർ നിർദേശിച്ചത് അനുസരിച്ചാണ് തനിക്കു ജോലി ലഭിച്ചതെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ഇതിനായി ഏജൻസിയെ തന്നെ ശിവശങ്കർ മാറ്റിയെന്ന ഗുരുതര ആരോപണവും സ്വപ്ന നടത്തി. ലൈഫ് മിഷനിൽ യൂനിടാക് കമ്പനിയെ കൊണ്ടുവന്നത് ശിവശങ്കറിന്റെ അറിവോടെയാണെന്നും സ്വപ്ന പറയുന്നു. നിയമസഭാ സമ്മേളനം ചേരാനിരിക്കേ സ്വപ്നയുടെ വെളിപ്പെടുത്തലുകൾ സർക്കാരിനു കനത്ത തിരിച്ചടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."