ഇനി പത്മശ്രീ റാബിയ
നിങ്ങളുടെ ഒരു കാല്‍ നഷ്ടപ്പെട്ടാല്‍ മറ്റേ കാലില്‍ നിവര്‍ന്നുനില്‍ക്കുക. രണ്ട് കാലുകളും നഷ്ടപ്പെട്ടാല്‍ രണ്ട് കൈകളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുക. വിധി അതും തട്ടിയെടുത്താല്‍ തലച്ചോറിന്റെ ശക്തിയില്‍ ജീവിക്കണം.'' ഈ മഹദ് വചനങ്ങള്‍ മറ്റാരുടേതുമല്ല; പത്ത് വര്‍ഷമായി വീല്‍ചെയറില്‍ കര്‍മനിരതയായ അക്ഷരപുത്രി കെ.വി റാബിയയുടെ ഉറച്ച വാക്കുകളാണിവ.
അരയ്ക്കു താഴെ തളര്‍ന്ന് ശരീരത്തിന്റെ ഒരുഭാഗം കാന്‍സറിന് മുറിച്ചുനല്‍കി നട്ടെല്ല് തകര്‍ന്ന് രോഗങ്ങളുമായി മല്ലിടുമ്പോഴും തളരാന്‍ അവര്‍ ഒരുക്കമല്ല. കേരളത്തിലെ എല്ലാ ജില്ലകളിലും റാബിയ വീല്‍ചെയറിലേറി സഞ്ചരിച്ചിട്ടുണ്ട്. കഴിഞ്ഞമാസം 25ന് ഉച്ചഭക്ഷണം കഴിക്കാനായി ഒരുങ്ങുമ്പോഴാണ് പത്മശ്രീ പുരസ്‌കാര വാര്‍ത്ത അറിയിച്ചുകൊണ്ട് ഡല്‍ഹിയില്‍ നിന്നും വിളി വന്നത്. ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ നിമിഷമായിരുന്നു അത്. എന്നാല്‍ ന്യൂഡല്‍ഹിയില്‍ തണുപ്പുള്ള കാലാവസ്ഥയിലാണ് അവാര്‍ഡ് ദാന ചടങ്ങ് നടക്കുന്നതെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ പോകുന്നത് പ്രയാസമാവുമെന്ന് സങ്കടത്തോടെ റാബിയ പറയുന്നു.
ബാല്യകാലം
മലപ്പുറം ജില്ലയിലെ വെള്ളിലക്കാട് ഗ്രാമത്തിലാണ് 1966 ഫെബ്രുവരി 25ന് കെ.വി റാബിയ ജനിച്ചത്. കരിവേപ്പില്‍ മൂസക്കുട്ടി ഹാജിയും അല്ലിപ്പറ ബിയ്യാച്ചുട്ടിയുമാണ് മാതാപിതാക്കള്‍. ഒമ്പത് മക്കളെ പ്രസവിച്ചുവെങ്കിലും മൂന്നുപേര്‍ ജനിച്ച ഉടനെയും ചെറുപ്രായത്തിലുമായി ഈ ലോകത്തോട് വിടപറഞ്ഞു. ശേഷിക്കുന്ന ആറു പെണ്‍കുട്ടികളില്‍ രണ്ടാമത്തവളായ റാബിയയ്ക്ക് ജന്മനാ കാലിന് വൈകല്യമുണ്ടായിരുന്നു. എങ്കിലും അവള്‍ മറ്റ് കുട്ടികള്‍ക്കൊപ്പം ഊര്‍ജസ്വലയായി പുഴയില്‍ നീന്തിക്കളിക്കുമായിരുന്നു.
റാബിയയുടെ ആദ്യ വിദ്യാലയം പള്ളിപ്പറമ്പ് നൂറുല്‍ ഹുദ മദ്‌റസയാണ്. ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നത് ചന്തപ്പടി ഗവ. എല്‍.പി സ്‌കൂളിലാണ്. പഠനത്തില്‍ മിടുക്കിയായിരുന്നു അവള്‍.
കൂട്ടിലടച്ച കിളി
ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബലക്ഷയമുള്ള കാലുകള്‍ കടുത്ത പ്രയാസം സൃഷ്ടിക്കാന്‍ തുടങ്ങിയത്. ''14 വയസ് കഴിഞ്ഞാല്‍ ഈ കുട്ടിക്ക് നടക്കാനേ കഴിയില്ല''- ചില ഡോക്ടര്‍മാര്‍ പറഞ്ഞു. ''ഈ കുട്ടിക്ക് വേണ്ടി നിങ്ങള്‍ എന്ത് ചികിത്സ ചെയ്തിട്ടും കാര്യമില്ല, ചികിത്സിച്ചില്ല എന്ന് കരുതി അസുഖം കൂടുകയും ഇല്ല''- പ്രസിദ്ധനായ മറ്റൊരു ഡോക്ടറുടെ പ്രവചനം. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അസുഖം കൂടി. ഹോമിയോ, ആയുര്‍വേദം, അലോപ്പതി തുടങ്ങിയ ചികിത്സകളെല്ലാം വൈകല്യം മുര്‍ച്ഛിക്കാതിരിക്കാന്‍ വേണ്ടി നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
തിരൂരങ്ങാടി ഗവ. ഹൈസ്‌കൂളിലാണ് ആറാംക്ലാസ് മുതല്‍ റാബിയ പഠനം നടത്തിയത്. വെള്ളിലക്കാട് ഗ്രാമത്തിലേക്ക് അന്ന് റോഡില്ലായിരുന്നു. സ്‌കൂളിലേക്ക് രണ്ട് കിലോമീറ്റര്‍ നടക്കണം. കാലിന്റെ വൈകല്യം കാരണം പഠനം റാബിയയുടെ മുന്നില്‍ വഴിമുട്ടി നിന്നു. നിസ്സഹായാവസ്ഥയില്‍ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി പറഞ്ഞറിയിക്കാനാവാത്ത വിഷമത്തോടെ മറ്റ് കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്നതും മടങ്ങിവരുന്നതും നോക്കി നെടുവീര്‍പ്പിട്ട് കൂട്ടിലടച്ച കിളിയെപ്പോലെ വീട്ടില്‍ കഴിഞ്ഞു.
പാടവരമ്പിലൂടെ സ്‌കൂളിലേക്ക്
എന്നാല്‍ വിധിയെ പഴിച്ചു വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ നിരാശയായി കഴിയാന്‍ റാബിയ തയാറായിരുന്നില്ല. അക്ഷരങ്ങളുടെ താരാപഥങ്ങള്‍ തേടിയുള്ള യാത്ര തുടരാന്‍ ആ പെണ്‍കുട്ടി ദൃഢനിശ്ചയം ചെയ്തു. പിതാവിന്റെ അനുജന്‍ അബ്ദുറഹിമാന്റെ കൂടെ സൈക്കിളില്‍ പാടവരമ്പിലൂടെ സ്‌കൂളിലേക്ക് പോകുമ്പോള്‍ വീഴുക പതിവായി. എന്നാല്‍ അതൊന്നും റാബിയയെ തളര്‍ത്തിയില്ല.
ആദ്യമായി എസ്.എസ്.എല്‍.സി ക്ലാസിലേക്ക് പുറപ്പെട്ട ദിനം റാബിയക്കു മറക്കാനാവില്ല. സ്‌കൂളിലേക്ക് പുറപ്പെട്ടു തൊട്ടടുത്ത പറമ്പില്‍ എത്തിയപ്പോഴേക്കും കാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി. അടുത്ത വീട്ടിലെ സ്ത്രീയുടെ സഹായത്താല്‍ തളര്‍ച്ച മാറ്റി യാത്ര തുടര്‍ന്നു. അല്‍പം നടന്നപ്പോള്‍ വീണ്ടും വേദനയും വിറയലും. മറ്റൊരു വീട്ടില്‍ കയറി വിശ്രമിച്ചു. പഴയ അനുഭവങ്ങള്‍ പലതവണ ആവര്‍ത്തിച്ചു. ലക്ഷ്യം സ്‌കൂളാണ്. എന്തു തന്നെയായാലും മടങ്ങുന്ന പ്രശ്‌നമില്ല. അല്‍പം നടന്നും ഇരുന്നും ജൂണ്‍ മാസത്തിലെ മഴ നനഞ്ഞ് ഏറെ വൈകി സ്‌കൂളിലെത്തി.
വൈകുന്നേരം വീട്ടിലേക്ക് എങ്ങനെ തിരിച്ചുപോകുമെന്ന ആധിയോടെ അവള്‍ ക്ലാസിലിരുന്നു. സ്‌കൂള്‍ വിട്ടു. ഭയപ്പെട്ടത് പോലെ തന്നെ സംഭവിച്ചിരിക്കുന്നു. കാലുകള്‍ രണ്ടും മുട്ടിന് താഴെവെച്ച് നിലത്ത് ഊന്നാന്‍ കഴിയാത്തവിധം വളഞ്ഞിരിക്കുന്നു. അവസാനം അനിയത്തിമാരുടെയും കൂട്ടുകാരികളുടെയും ചുമലില്‍ ഇരുകൈകളുമിട്ട് ബലമായി പിടിച്ചു കാലുകള്‍ നിലത്ത് തൊടാതെ രണ്ട് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു. തളരുമ്പോള്‍ വഴിയില്‍ കാണുന്ന വീടുകളില്‍ വിശ്രമിച്ചു.
വീട്ടിലെത്തിയപ്പോള്‍ മകളുടെ ഇരുളടഞ്ഞ ഭാവിയിലേക്ക് നോക്കി ഒരക്ഷരം ഉരിയാടാനാവാതെ നെടുവീര്‍പ്പിടുന്ന മാതാപിതാക്കള്‍. അചഞ്ചലമായ ദൈവവിശ്വാസികളായിരുന്നു അവര്‍. കാലിന് ശേഷിക്കുറവുള്ള റാബിയയെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന വാക്കുകള്‍ പലരില്‍നിന്നുമുണ്ടായെങ്കിലും അവര്‍ നിരാശരായില്ല. പരിമിതികള്‍ മറികടക്കാന്‍ മകളെ തുണയ്ക്കണേയെന്ന് ഇരുകൈകളും ഉയര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വന്നു. റാബിയ നല്ല മാര്‍ക്കോടെ വിജയിച്ചിരിക്കുന്നു.
ഉമ്മയുടെ സ്വപ്‌നം
തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ പ്രീഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പ് എടുത്ത് പഠിക്കാനുള്ള മോഹം ആദ്യഘട്ടത്തില്‍ തന്നെ ഉപേക്ഷിക്കേണ്ടി വന്നു. കാലിന്റെ വൈകല്യം കാരണം ഉയരമുള്ള ഡെസ്‌കുകളില്‍ കയറിനിന്ന് ലാബിലെ പരീക്ഷണങ്ങള്‍ അസാധ്യമായതിനാല്‍ തേര്‍ഡ് ഗ്രൂപ്പ് എടുത്ത് പഠനമാരംഭിച്ചു. ഒന്നാം നിലയിലായിരുന്ന ക്ലാസ് റാബിയയുടെ സൗകര്യാര്‍ഥം താഴെ നിലയിലാക്കി. വീട്ടില്‍ നിന്നും വളരെ ദൂരം സൈക്കിളുരുട്ടി റോഡിലൂടെ പോകാനുള്ള പ്രയാസം കാരണം പിതൃസഹോദരന്‍ അബൂബക്കറിന്റെ വീട്ടില്‍ താമസമാക്കി. കോളജ് വരാന്തയുടെ തിണ്ണകളില്‍ പൊരിവെയിലിലും പെരുമഴയത്തും എളാപ്പയെ കാത്തിരുന്ന ചിത്രം ഇന്നും റാബിയയുടെ മനസിലുണ്ട്.
പ്രീഡിഗ്രി അവസാനമായപ്പോഴെക്കും ക്ലാസില്‍ ഇരിക്കാന്‍ കഴിയാത്തവിധത്തില്‍ ആരോഗ്യം ക്ഷയിച്ചു. എല്ലാവരും ഉറങ്ങുമ്പോള്‍ വേദന സഹിക്കാന്‍ കഴിയാത്ത കാലുകളുമായി അസ്വസ്ഥപൂര്‍ണമായ മനസുമായി ഉണര്‍ന്നിരുന്ന രാത്രികളില്‍ ഔപചാരിക വിദ്യാഭ്യാസം അസ്തമിക്കുകയാണെന്ന് റാബിയക്ക് ബോധ്യപ്പെട്ടു. പ്രീഡിഗ്രി വിജയിച്ചെങ്കിലും തുടര്‍പഠനം പ്രയാസകരമായി. മകള്‍ ഡിഗ്രിക്ക് പഠിക്കണമെന്ന് ഉമ്മയ്ക്ക് നിര്‍ബന്ധം. എന്നാല്‍ ക്ലാസിലിരിക്കാനുള്ള പ്രയാസം തുറന്നുപറഞ്ഞപ്പോള്‍ മകള്‍ ഉയര്‍ന്ന ബിരുദങ്ങള്‍ നേടുന്നത് സ്വപ്‌നംകണ്ട ആ മാതാവിന് തേങ്ങലടക്കാന്‍ കഴിഞ്ഞില്ല.
അനൗപചാരിക വിദ്യാഭ്യാസം
അപ്പോഴും പഠനത്തില്‍ നിന്നും പിന്‍മാറാന്‍ റാബിയ തയാറായില്ല. കൈയില്‍ കിട്ടിയ പുസ്തകങ്ങളെല്ലാം ആര്‍ത്തിയോടെ വായിച്ചു. ഭൗതികവും ആത്മീയവുമായ അറിവുകള്‍ സ്വായത്തമാക്കാന്‍ കഠിനമായി പരിശ്രമിച്ചു. 15 സംവത്സരങ്ങള്‍ നിരന്തരമായ വായന തുടര്‍ന്നു. മതഗ്രന്ഥങ്ങളാണ് കൂടുതലും വായിച്ചത്. ഈ കാലമാണ് ജീവിതത്തിലെ വഴിത്തിരിവ് എന്ന് റാബിയ സാക്ഷ്യപ്പെടുത്തുന്നു.
കോളജധ്യാപകരുടെ മുന്നിലിരുന്നു ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും കരസ്ഥമാക്കാന്‍ സഹപാഠികള്‍ വിശ്രമമില്ലാതെ ശ്രമിച്ചപ്പോള്‍ വീട്ടിലിരുന്നു പരീക്ഷാപ്പേടിയില്ലാതെ റാബിയ പുസ്തകങ്ങളെടുത്ത് പഠിച്ചു. അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ ബിരുദവും ബിരുദാനന്തരബിരുദവും സമ്പാദിച്ചു.
പ്രീഡിഗ്രി മാത്രം യോഗ്യതയുണ്ടായിരുന്ന കാലത്ത് റാബിയ ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കിയിരുന്നു. തുടക്കത്തില്‍ പലരും പരിഹസിച്ചെങ്കിലും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുന്നോട്ടേക്ക് നയിച്ചപ്പോള്‍ റാബിയയുടെ അധ്യാപനകഴിവിനെ എല്ലാവരും അഭിനന്ദിച്ചു.
സാക്ഷരതാ പ്രവര്‍ത്തനത്തിലേക്ക്
റാബിയയുടെ പ്രവര്‍ത്തനമേഖല വിപുലമാണെങ്കിലും വെള്ളിലക്കാടിന്റെയും അവരുടെയും ചരിത്രം തിരുത്തിക്കുറിച്ചത് സാക്ഷരതാ യജ്ഞമാണ്. നിരക്ഷരരായ ഒരുപറ്റം ജനതയെ സാക്ഷരതയുടെ വെളിച്ചത്തിലേക്ക് നയിക്കാനുള്ള ദൈവനിയോഗം അവര്‍ ഏറ്റെടുത്തു. റാബിയയ്ക്ക് യാദൃശ്ചികമായാണ് സാക്ഷരതായജ്ഞത്തില്‍ പങ്കാളിയാവാനുള്ള അവസരം ലഭിച്ചത്. 1990 ജൂണ്‍ 17ന് ക്ലാസ് ആരംഭിച്ചു. മനശ്ശാസ്ത്രപരമായി ക്ലാസ് നടത്തിയ അവര്‍ക്ക് നൂറിലേറെ പഠിതാക്കളുണ്ടായിരുന്നു. നിരക്ഷരത പകല്‍വെളിച്ചത്തില്‍ വെളിപ്പെടുത്താന്‍ മടിയുള്ള ചിലര്‍ രാത്രികാലങ്ങളില്‍ പഠിക്കാന്‍ വന്നു.
പഠിതാക്കളില്‍ ഭൂരിഭാഗവും കുശവകോളനിയിലെ സ്ത്രീകളായിരുന്നു. ജോലി കഴിഞ്ഞ് പലരും പല സമയത്താണ് ക്ലാസില്‍ വരുക. ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കാന്‍ വിശ്രമമില്ലാതെ പരിശ്രമിച്ചു. തുടര്‍ച്ചയായ ഇരുത്തം തരിപ്പും അസ്വസ്ഥതയുമുണ്ടാക്കി. കാലുകള്‍ 90 ഡിഗ്രി വരെ വളഞ്ഞുപോയി. ഫലപ്രദമായ ചികിത്സ വേണം. ഉഴിച്ചിലും പിഴിച്ചിലുമടങ്ങുന്ന പഞ്ചകര്‍മാദി ചികിത്സ. അതോടൊപ്പം ഉള്ളിലേക്ക് മടങ്ങിപ്പോയ കാല്‍ നിവര്‍ത്താന്‍ ദിനംപ്രതി പലതവണ മണല്‍ക്കിഴി കെട്ടിവലിക്കണം. കൂടാതെ ഫിസിയോ തെറാപ്പിയും.
നാടിനൊരു റോഡ്
വെള്ളിലക്കാട്ടിലേക്ക് റോഡുണ്ടാവാനും റാബിയ നിമിത്തമായി. തിരൂരങ്ങാടിയിലെ പല സെന്ററുകളിലും സാക്ഷരതാ ക്ലാസ് പരിശോധിക്കാനെത്തിയ അന്നത്തെ ജില്ലാ കലക്ടര്‍ കുരുവിള ജോണ്‍ നിരാശനായി. ഇതു മനസ്സിലാക്കിയ സംഘാടകര്‍ റാബിയയുടെ ക്ലാസ് കാണിക്കാന്‍ തീരുമാനിച്ചു. സന്ദര്‍ശക ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരുന്ന ക്ലാസ് കാണാന്‍ കലക്ടര്‍ ആദ്യം വൈമനസ്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. വീടിന് മുന്നില്‍ കാര്‍ നിര്‍ത്തി നേരെ കയറിച്ചെല്ലാമെന്ന് കലക്ടര്‍ കരുതിയിരുന്നുവോ എന്നറിയില്ല. റോഡില്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ക്കിപ്പുറത്ത് വണ്ടി നിര്‍ത്തി നടന്നാണ് കലക്ടറും സംഘവും റാബിയയുടെ വീട്ടിലെത്തിയത്. പരിശോധന കഴിഞ്ഞപ്പോള്‍ രാത്രി എട്ട് മണിയായി.
കലക്ടറുടെ നിര്‍ദേശപ്രകാരം അപ്പോള്‍തന്നെ അവിടെ ഒരു പൊതുയോഗം സംഘടിപ്പിച്ചു. ''ഞാന്‍ പല സാക്ഷരതാപ്രവര്‍ത്തനങ്ങള്‍ കാണാന്‍ പോയെങ്കിലും എന്റെ മനസിന് തൃപ്തിയായിരുന്നില്ല. യാദൃശ്ചികമായി ഇവിടെ എത്തിയപ്പോള്‍ തേടിയ വള്ളി കാലില്‍ ചുറ്റി. ഞാന്‍ ആഗ്രഹിച്ച, സ്വപ്‌നം കണ്ട സാക്ഷരതാ പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്''- റാബിയയുടെ സേവനങ്ങളെ കലക്ടര്‍ വാനോളം പുകഴ്ത്തി.
ഓഫിസിലെത്തിയ കലക്ടര്‍ ആദ്യം ചെയ്തത് വെള്ളിലക്കാട്ടിലേക്ക് റോഡ് നിര്‍മിക്കുന്നതിനുള്ള നടപടികളെടുക്കുകയായിരുന്നു. റോഡിന് 'റാബിയ റോഡ്' എന്ന പേരും അദ്ദേഹം നിര്‍ദേശിച്ചു. എന്നാല്‍ ആ പേര് വിനയപൂര്‍വം നിരസിച്ച റാബിയ മുന്നോട്ടുവെച്ചത് എല്ലാവര്‍ക്കും സ്വീകാര്യമായ 'അക്ഷര റോഡ്' എന്നായിരുന്നു. അന്ധകാരം മൂടിയ വെള്ളിലക്കാടിനെ പ്രകാശപൂരിതമാക്കാനുള്ള റാബിയയുടെ ശ്രമഫലമായിട്ടാണ് അവിടെ വൈദ്യുതിയെത്തിയത്. റാബിയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ത്താപ്രാധാന്യം വന്നതോടെ ആളുകള്‍ ആ ഗ്രാമത്തിലേക്ക് പ്രവഹിച്ചു.
ഗ്രാമത്തെ ചലിപ്പിച്ച 'ചലനം'
ജീവിതത്തിന്റെ തുരുത്തില്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന ഹതഭാഗ്യരായ വികലാംഗര്‍ക്ക് അത്താണിയായി ചലനമില്ലാത്ത റാബിയ 'ചലനം' എന്ന സംഘടന രൂപീകരിച്ചു. വികലാംഗരുടെ പുനരധിവാസത്തിനും ക്ഷേമപ്രവര്‍ത്തനത്തിനും വേണ്ടിയുള്ള ഈ സംഘടനയ്ക്ക് തുടക്കമിടാന്‍ അവരെ പ്രേരിപ്പിച്ച ഘടകം അവരനുഭവിച്ച വേദന തന്നെയായിരുന്നു. അനൗപചാരിക വിദ്യാകേന്ദ്രങ്ങള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍, ഗ്രാമീണ സ്ത്രീകള്‍ക്കുള്ള തൊഴില്‍ പരിശീലന പദ്ധതി, ലഘുനിക്ഷേപ പദ്ധതികള്‍, ഗ്രാമീണ വായനശാലകള്‍, രക്തദാന സേന, വെക്കേഷന്‍ മോറല്‍ സ്‌കൂള്‍, ആരോഗ്യ ബോധവല്‍ക്കരണ പരിപാടി, കുടുംബാധിഷ്ഠിത പുനരധിവാസ പദ്ധതി തുടങ്ങിയ നിരവധി ആശയങ്ങളുടെ സാക്ഷാത്കാരമാണ് ചലനം എന്ന സംഘടന.
ചുരുങ്ങിയ കാലംകൊണ്ട് ഒരു ഗ്രാമത്തിന്റെ ആത്മാവായി മാറിയ സംഘടനയുടെ അമരക്കാരി എഴുന്നേറ്റ് നടക്കാന്‍ പോലുമാവാത്ത യുവതിയാണെന്നറിഞ്ഞതോടെ മാധ്യമങ്ങള്‍ വെള്ളിലക്കാട്ടിലേക്ക് തിരിഞ്ഞു. ജീവിതം ഇരുട്ടിലായിപ്പോയ നിരവധി പേരെ അവരവരുടെ വ്യത്യസ്തമായ കഴിവുകള്‍ പ്രയോജനപ്പെടുത്തി സ്വയംപര്യാപ്തരാക്കി 'ചലനം' വെളിച്ചത്തിലേക്ക് നയിച്ചു.
അര്‍ബുദവും വാട്ടര്‍ബെഡും
വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച നാളുകള്‍ക്കിടയില്‍ 34ാമത്തെ വയസില്‍ റാബിയയെ തേടി മറ്റൊരു അതിഥിയെത്തി-കാന്‍സര്‍. ആശുപത്രിവാസവും റേഡിയേഷനും കീമോതെറാപ്പിയുമെല്ലാം ശാരീരികമായ പരിമിതികള്‍ക്ക് ആക്കംകൂട്ടിയെങ്കിലും മാനസികമായി അവര്‍ തളര്‍ന്നില്ല. കര്‍മനിരതമായ കാലം തിരിച്ചുപിടിക്കാനുള്ള ഇച്ഛാശക്തിയോടെ മുന്നോട്ട് പോകുമ്പോള്‍ കുളിമുറിയില്‍വെച്ച് വീല്‍ചെയറില്‍ നിന്ന് തെന്നിവീണത് മൂലം സുഷുമ്‌നാ നാഡിക്കു തകരാറ് സംഭവിച്ച് കഴുത്തിന് താഴെ ചലനമില്ലാതെയായി. ജീവിതം വീല്‍ചെയറില്‍ നിന്ന് വാട്ടര്‍ബെഡിലേക്കു മാറിയെങ്കിലും റാബിയ തളര്‍ന്നില്ല.
ഹജ്ജ് യാത്ര
ശാരീരികമായി സുഖമില്ലാത്തവര്‍ക്ക് ഹജ്ജ് നിര്‍ബന്ധമില്ലല്ലോ. എന്നാല്‍ മക്കയുടെയും മദീനയുടെയും ചരിത്രമുറങ്ങുന്ന പുണ്യഭൂമി കാണാനുള്ള റാബിയയുടെ അടങ്ങാത്ത ആഗ്രഹസഫലീകരണത്തിന് അന്നത്തെ സര്‍ക്കാര്‍ സൗകര്യമൊരുക്കിക്കൊടുത്തു. ആരോഗ്യമില്ലാത്തതിനാല്‍ സഹായത്തിന് സഹോദരി ഖദീജയ്ക്കും 'മഹറം' ആയി ഉപ്പാക്കും ഹജ്ജിനുള്ള സൗകര്യം ലഭിച്ചു. അങ്ങനെ 2002ല്‍ തന്റെ 36ാമത്തെ വയസില്‍ പരിശുദ്ധ ഹജ്ജ്കര്‍മം നിര്‍വഹിക്കാനുള്ള ഭാഗ്യവും റാബിയയ്ക്ക് ലഭിച്ചു.
വിവാഹം
മലപ്പുറം ജില്ലയിലെ മോങ്ങം സ്വദേശി ബംഗാളത്ത് മുഹമ്മദാണ് റാബിയയുടെ ഭര്‍ത്താവ്. 74ാമത്തെ വയസില്‍ പിതാവ് മരണപ്പെട്ടു. ഉപ്പ തന്ന ധൈര്യത്തില്‍ മരണശേഷം ഉമ്മ അത്താണിയായി. രോഗങ്ങള്‍ നിരന്തരം ആക്രമിച്ചിരുന്ന തനിക്ക് കരുത്തേകിയത് ഉമ്മ പകര്‍ന്നുനല്‍കിയ ദൈവവിശ്വാസമായിരുന്നുവെന്ന് റാബിയ. തന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചിരുന്ന ഉമ്മ പെട്ടെന്ന് തന്നെക്കാള്‍ പരവശയായപ്പോള്‍ റാബിയയ്ക്ക് ജീവിതത്തില്‍ വല്ലാത്ത ശൂന്യത അനുഭവപ്പെട്ടു. രണ്ട് വര്‍ഷം മുമ്പ് ഉമ്മ ഈ ലോകത്തോട് വിടപറഞ്ഞപ്പോഴാണ് താന്‍ യഥാര്‍ഥത്തില്‍ തളര്‍ന്നുപോയതെന്ന് റാബിയ കണ്ണീരോടെ പറയുന്നു.
ഫാമിലി കൗണ്‍സലിങ്
അകന്ന് കഴിയുന്ന കുടുംബബന്ധങ്ങളെ ഇണക്കിച്ചേര്‍ക്കുന്നതില്‍ റാബിയ വഹിക്കുന്ന പങ്ക് പലര്‍ക്കുമറിയില്ല. സ്വത്തുതര്‍ക്കം, അടിപിടിക്കേസ്, ദാമ്പത്യ-കുടുംബപ്രശ്‌നം... നേരം വെളുക്കുന്നതു മുതല്‍ രാത്രിയാകുന്നതുവരെ വീട്ടില്‍ നിറയെ ആളുകളാണ്. ജീവിതത്തിന്റെ നാനാതുറകളിലുമുള്ളവര്‍ വ്യത്യസ്ത പ്രശ്‌നങ്ങളുമായി തന്നെ സമീപിക്കുമ്പോള്‍ അവയ്‌ക്കൊക്കെ രമ്യമായ പരിഹാരമുണ്ടാക്കാന്‍ റാബിയയ്ക്ക് കഴിയുന്നു. നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടക്കയില്‍ വിശ്രമത്തിലായപ്പോള്‍ പോലും ഫാമിലി കൗണ്‍സലിങ്ങിലൂടെ നിരവധി കുടുംബങ്ങളെ കൂട്ടിയോജിപ്പിച്ചിട്ടുണ്ടെന്നു റാബിയ ചാരിതാര്‍ഥ്യത്തോടെ പറയുന്നു. റാബിയയുടെ ആത്മകഥയായ 'സ്വപ്‌നങ്ങള്‍ക്ക് ചിറകുകളുണ്ട് എന്ന പുസ്തകം പതിനായിരക്കണക്കിന് വായനക്കാര്‍ക്ക് ആത്മവിശ്വാസത്തിന്റെ തണലൊരുക്കിയിട്ടുണ്ട്.
പുരസ്‌കാരങ്ങള്‍
പത്മശ്രീക്കു മുമ്പേ റാബിയയെ തേടി ദേശീയ പുരസ്‌കാരമെത്തിയിട്ടുണ്ട്. 1994 ജനുവരി 4ന് എസ്.എസ്.എല്‍.സി കുട്ടികള്‍ക്ക് ക്ലാസ് എടുത്തുകൊണ്ടിരിക്കെയാണ് നാഷനല്‍ യൂത്ത് അവാര്‍ഡിന് റാബിയയെ തിരഞ്ഞെടുത്ത കമ്പിസന്ദേശം ലഭിക്കുന്നത്. വീല്‍ചെയറില്‍ ഇരുന്ന് അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി നാട്ടിലെത്തിയ അവര്‍ക്ക് പൗരാവലി ഊഷ്മളമായ സ്വീകരണം നല്‍കി. ഭാരത സര്‍ക്കാറിന്റെ കണ്ണകി സ്ത്രീശക്തി പുരസ്‌കാരം, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ് തുടങ്ങി യു.എന്‍ ഇന്റര്‍നാഷനല്‍ അവാര്‍ഡ് വരെ റാബിയയെ തേടിയെത്തുകയുണ്ടായി. തിരൂരിലെ വരം കൂട്ടായ്മയുടെ സംസ്ഥാനതല അവാര്‍ഡായ വരം എക്‌സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കിയതിന് തൊട്ടുപിന്നാലെയാണ് പത്മശ്രീ ലഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."