നെഹ്‌റുവിനെ ഈറനണിയിച്ച ലതയുടെ 'യേ മേരേ വതന്‍ കേ ലോഗോം'
1963 ജനുവരി 27. ഡല്‍ഹിയിലെ സെന്‍ട്രല്‍ സ്റ്റേഡിയം. ഇന്ത്യ ചൈന യുദ്ധത്തിന്റെ തൊട്ടുപിന്നാലെ നടന്ന ചടങ്ങ്. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള പ്രമുഖരുടെ നീണ്ട നിരയടങ്ങുന്ന ജനസാഗരം സന്നിഹിതമാണ് ചടങ്ങില്‍. ആ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ലത പാടിത്തുടങ്ങി. ഒരു വലിയ യുദ്ധത്തിന്റെ തോല്‍വിയുടെ ചിതയില്‍നിന്ന് ആ മൃദുസ്വരം പതിയെ അലയടിച്ചുയര്‍ന്നു. 'യേ മേരേ വതന്‍ കേ ലോഗോം'...
വേദിയിലും സദസ്സിലും എല്ലാവരും നിശബ്ദരായി. ഈരടികള്‍ മനസ്സില്‍ കുത്തിക്കയറി. ഒടുവില്‍ ഭേദിക്കാനാവാത്ത ആരവമായി. സദസ് നിര്‍നിമേഷരായി ആ ഗാനധാരയില്‍ അലിഞ്ഞു. മറ്റെല്ലാ ഗാനങ്ങളും ഉപകരണ സംഗീതത്തിന്റെ അതിശക്തമായ അകമ്പടിയോടെ ഉണര്‍ത്തുപാട്ടായപ്പോള്‍ രാമചന്ദ്രയുടെ മനസ്സിലെ ദേശഭക്തി അടിത്തറയിട്ടത് അതിര്‍ത്തിയില്‍ പിടഞ്ഞു മരിച്ചവരുടെ വേദനയായിരുന്നു.
പാടിക്കഴിഞ്ഞയുടന്‍ നെഹ്‌റു ലതയെ അരികിലേക്കു വിളിപ്പിച്ചു. പാടിയതിലെന്തെങ്കിലും തെറ്റു പറ്റിയോ എന്ന ഭയത്തോടെ അരികിലെത്തിയ ലതയോടു നിറഞ്ഞ കണ്ണുകളുമായി നെഹ്‌റു പറഞ്ഞു: ലതാ... നീയെന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ.
ആകാശവാണിയിലൂടെ അക്കാലത്ത് നിരന്തരം ഏയ് വതന്‍ കേ ലോഗോം ഒഴുകിയെത്തി. ഓരോ വാക്കും സാധാരണക്കാര്‍ക്കുപോലും ഹൃദിസ്ഥമായി. പിന്നീട് ലത നടത്തിയ ഓരോ സംഗീതമേളയിലും ആയിരങ്ങള്‍ ഈ പാട്ട് പാടാന്‍ അവരോട് ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു. പലപ്പോഴും ഒന്നിലധികം തവണ ലത പല വേദികളിലും ഈ പാട്ട് പാടി.
ലതയെ ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിച്ചതും നെഹ്‌റുവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."