പ്രിയപ്പെട്ട വാനമ്പാടിക്ക് വിട നൽകി രാജ്യം
മുംബൈ: ഇന്ത്യയുടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്കറുടെ ഭൗതിക ശരീരം മുംബൈ ദാദറിലെ ശിവാജി പാർക്കിൽ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരചടങ്ങുകൾ. മുംബൈയിലെ ശിവാജി പാർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടക്കം പ്രമുഖരുടെ നേതൃത്വത്തില്‍ രാജ്യം ലതയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു. നിറകണ്ണുകളോടെ ആയിരങ്ങൾ പ്രിയഗായികയ്ക്ക് യാത്രാമൊഴി നൽകി.
ഇതിഹാസ ഗായികയുടെ വിയോഗത്തിൽ രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
അന്ത്യം സംഭവിച്ച മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽനിന്ന് വൈകീട്ട് അഞ്ചോടെയാണ് മൃതദേഹം വിലാപയാത്രയായി ശിവാജി പാർക്കിലെത്തിച്ചത്. സഹോദരിയും ഗായികയുമായ ആശാ ഭോസ്‌ലെ, ഷാറൂഖ് ഖാൻ, സച്ചിൻ ടെണ്ടുൽക്കർ, ശരദ് പവാർ, ആദിത്യ താക്കറെ, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങി വിവിധ തുറകളിലുള്ള പ്രമുഖരും സംസ്‌കാരചടങ്ങിനു സാക്ഷിയാകാനെത്തി. നേരത്തെ ലതാ മങ്കേഷ്‌കറുടെ വസതിയിലും അമിതാഭ് ബച്ചൻ, അനുപം ഖേർ, ജാവേദ് അക്തർ, സഞ്ജയ് ലീല ബൻസാലി അടക്കം പ്രമുഖർ അന്തിമോപചാരമർപ്പിച്ചു. ഇന്നു രാവിലെയായിരുന്നു സ്വകാര്യ ആശുപത്രിയിൽ ലതാ മങ്കേഷ്‌ക്കറുടെ അന്ത്യം.
92 വയസായിരുന്നു. ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്‌കറെ കോവിഡ് ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ മാറ്റം വന്നതോടെ ദിവസങ്ങൾക്ക് മുമ്പാണ് ഐസിയുവിൽനിന്ന് മാറ്റിയത്. എന്നാൽ, ഇന്നലെ വീണ്ടും ആരോഗ്യനില വഷളാകുകയായിരുന്നു. ഏഴ് പതിറ്റാണ്ട് കാലം നിരവധി തലമുറകളെ ലതാ മങ്കേഷ്‌കർ തൻറെ മാസ്മര ശബ്ദത്തിലൂടെ ആനന്ദിപ്പിച്ചു. മധുബാല മുതൽ ദീപിക പദുകോൺ വരെയുള്ളവർക്ക് വേണ്ടി പാടിയ ലതാ ലോകത്ത് ഏറ്റവുമധികം ഗാനങ്ങൾ ആലപിച്ച ഗായികയായും മാറി.
36 ഭാഷകളിലായി 50,000ത്തിലധികം പാട്ടുകൾ പാടി ഗിന്നസിൽ ഇടംപിടിച്ചു. സംഗീതയാത്രയിൽ പല പുരസ്‌കാരങ്ങളും സ്വന്തമാക്കി. പദ്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്‌നം തുടങ്ങിയ ദേശീയ ബഹുമതികളും ദാദാ സാഹബ് ഫാൽക്കെ പുരസ്‌കാരവും തേടിയെത്തി. ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ പുരസ്‌കാരവും നേടി. 1999ൽ രാജ്യസഭാംഗവുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."