'വഹാബിസം, ലിബറലിസം, മതനിരാസം' എസ്.വൈ.എസ് കാംപയിന്‍ ആചരിക്കുന്നു
കോഴിക്കോട്
സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വഹാബിസം, ലിബറലിസം, മതനിരാസം എന്ന പേരില്‍ ആറുമാസം നീണ്ടുനില്‍ക്കുന്ന കാംപയിന്‍ ആചരിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
കേരളീയ മുസ് ലിം നവോത്ഥാനത്തിന്റെ യഥാര്‍ഥ അവകാശികളെ മറക്കു പിന്നില്‍നിര്‍ത്തി നടത്തുന്ന പ്രചാരണങ്ങളെ തടയിടാനും സ്വതന്ത്രചിന്തയുടെ മറവില്‍ സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കുന്ന ശ്രമങ്ങളെ തുറന്നുകാണിക്കാനും സമീപകാലത്തായി ഉയര്‍ന്നുവരുന്ന യുക്തിവാദ മതനിരാസ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനും വേണ്ടിയാണ് കാംപയിന്‍ ആചരിക്കുന്നത്.
ലോകത്തുതന്നെ മുസ് ലിം സമുദായത്തിനിടയില്‍ ഭിന്നത സൃഷ്ടിച്ച് കടന്നുവന്ന വഹാബിസത്തിന്റെ ചരിത്രപരമായ ക്രൂരകൃത്യങ്ങള്‍ കാംപയിൻ കാലയളവില്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തും.
ഇസ് ലാമിക ആശയങ്ങളെ ദുര്‍വ്യാഖ്യാനിച്ച് മത ധാര്‍മിക മൂല്യങ്ങളെയും സാമൂഹിക ചുറ്റുപാടുകളെയും പരിഗണിക്കാതെ ലിബറല്‍ ചിന്താഗതിക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ക്കെതിരേയും മതനിരാസ, യുക്തിവിവാദ ചിന്തകള്‍ക്കെതിരേയും ശക്തമായ പ്രതിരോധം തീര്‍ക്കാനും സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ആദ്യ മൂന്നുമാസം വഹാബിസത്തെക്കുറിച്ചും പിന്നീടുള്ള മൂന്നുമാസം ലിബറലിസം, മതനിരാസം എന്നിവയെക്കുറിച്ചുമാണ് കാംപയിന്‍ ചര്‍ച്ച ചെയ്യുക.
സംസ്ഥാനതല ഉദ്ഘാടനം ഈമാസം അവസാന വാരത്തില്‍ കോഴിക്കോട്ട് നടക്കും. മാര്‍ച്ച് 15നുള്ളില്‍ ജില്ലാതല ഉദ്ഘാടന സംഗമങ്ങളും നടക്കും. കാംപയിനിന്റെ ഭാഗമായി പ്രത്യേക റിസോഴ്‌സ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും. കാംപയിൻ വിജയത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രഗത്ഭ പണ്ഡിതന്മാരെ വിളിച്ചുചേര്‍ത്ത് പരിശീലന ക്ലാസുകളും സംഘടിപ്പിക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ നടക്കുന്ന കൈത്താങ്ങ് ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ യോഗം പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്ന ബില്ല് അടിയന്തിരമായി പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വിവാഹപ്രായം ഉയര്‍ത്തുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്.
ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളിലും വിവാഹപ്രായം 16 മുതല്‍ 18 വരെയാണ്. അവിടങ്ങളിലൊന്നുമില്ലാത്ത പ്രശ്‌നങ്ങള്‍ രാജ്യത്ത് മാത്രം കാണുന്നത് ദുരുദ്ദേശ്യപരമാണെന്നും യോഗം വിലയിരുത്തി.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എ.എം പരീത് എറണാകുളം, കെ.എ റഹ്മാന്‍ ഫൈസി, അബൂബക്കര്‍ ബാഖവി മലയമ്മ, സി.കെ.കെ മാണിയൂര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, നാസര്‍ ഫൈസി കൂടത്തായ്, സലീം എടക്കര, കാടാമ്പുഴ മൂസ ഹാജി, അബ്ദുല്‍ റഹീം ചുഴലി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, എ.എം ശരീഫ് ദാരിമി നീലഗിരി, ഹസ്സന്‍ ആലങ്കോട്, അബ്ദുറസാഖ് ബുസ്താനി, ഹംസ ഹാജി പള്ളിപ്പുഴ, എ.കെ അബ്ദുല്‍ ബാഖി, എം.പി മുഹമ്മദ് മുസ് ലിയാര്‍ കടുങ്ങല്ലൂര്‍, എം.വൈ അശ്‌റഫ് ഫൈസി, വി.പി മോയിന്‍ ഫൈസി, പി.എം അബ്ദുല്‍ ലത്തീഫ് ഹാജി, കെ.എ നാസര്‍ മൗലവി, സി.വി കബീര്‍ മുട്ടം, അബ്ദുല്ല കുണ്ടറ, ഹാജി കെ.എം ശരീഫ് കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."