ഹിജാബ് ധരിച്ചവരെ വേറെ മുറിയിലാക്കി; ഹിജാബ് ഒഴിവാക്കാതെ ക്ലാസില്‍ ഇരുത്തില്ലെന്ന നിലപാടിലുറച്ച് കോളജ് അധികൃതര്‍
ബംഗളൂരു: ഹിജാബ് ധരിച്ചെത്തുന്ന കുട്ടികള്‍ക്കെതിരായ നടപടികളില്‍ നിന്ന് പിന്മാറാതെ കര്‍ണാടക. ഹിജാബ് ധരിച്ചെത്തിയ കുട്ടികളെ പ്രത്യേക മുറിയിലാക്കിയിരിക്കുകയാണ്. ഇവര്‍ക്ക് ക്ലാസുകള്‍ കേള്‍ക്കാനോ പഠിക്കാനോ അനുമതിയില്ല. ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലെ സര്‍ക്കാര്‍ ജൂനിയര്‍ പി.യു കോളജിലാണിത്. ഗേറ്റിന് പുറത്തെ തിരക്ക് ഒഴിവാക്കാനാണ് ഇതെന്ന് കോളജ് അധികൃതര്‍ പറയുന്നു. ഹിജാബ് നീക്കം ചെയ്തതിനുശേഷം മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രിന്‍സിപ്പല്‍ രാമകൃഷ്ണ ജിജെ.
കുന്ദാപുരിലെ തന്നെ കലവറ വരദരാജ് എം ഷെട്ടി ഗവണ്‍മെന്റ് ഫസ്റ്റ് ഗ്രേഡ് കോളജില്‍ ഹിജാബ് ധരിച്ച് എത്തിയ വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് അയച്ചു. 'ഞങ്ങള്‍ വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് തിരിച്ചയച്ചു. ഹിജാബ് ധരിക്കാതെ ക്ലാസുകളില്‍ പ്രവേശിക്കാന്‍ ഞങ്ങള്‍ അവരെ ഉപദേശിച്ചു. അവര്‍ നിരസിച്ചു. അതിനാല്‍ ഞങ്ങള്‍ അവരോട് പോകാന്‍ ആവശ്യപ്പെട്ടു. നാളെ ഹൈക്കോടതി ഉത്തരവിനായി കാത്തിരിക്കാന്‍ ഞങ്ങള്‍ അവരോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നു' വൈസ് പ്രിന്‍സിപ്പല്‍ ഉഷാദേവി പറഞ്ഞു.
ഹിജാബ് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീയൂനിവേഴ്‌സിറ്റി കോളജിലെ അഞ്ച് പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പ്രതിഷേധത്തെ തുടര്‍ന്ന് മറ്റ് രണ്ട് കോളജുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വര്‍ഗീയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ രണ്ട് കോളജുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
കര്‍ണാടകയിലെ വിജയപുര ജില്ലയിലെ രണ്ട് കോളജുകളായ ശാന്തേശ്വര പി.യു, ജി.ആര്‍.ബി കോളജ് എന്നിവിടങ്ങളില്‍ ഹിജാബ് ധരിച്ച സഹപാഠികളെ എതിര്‍ത്ത് കാവി ഹിജാബ് ധരിച്ച് ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനയിലെ പ്രവര്‍ത്തകര്‍ രംഗത്തെത്തി. അതേസമയം, ഹിജാബ് ധരിച്ചെത്തുന്ന മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി ഹിജാബ് ധരിച്ച് നിരവധി അമുസ്‌ലിം കുട്ടികളും എത്തുന്നുണ്ട്.
ഉഡുപ്പി ജില്ലയിലെ ഗവണ്‍മെന്റ് ഗേള്‍സ് പി.യു കോളജിലാണ് കഴിഞ്ഞ മാസം ഹിജാബ് പ്രതിഷേധം ആരംഭിച്ചത്. ഹിന്ദുത്വ തീവ്രവാദികള്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ പോകുന്നതിനെ എതിര്‍ത്തു രംഗത്തെത്തുകയായിരുന്നു. പിന്നാലെ ഉഡുപ്പിയിലും പുറത്തുമുള്ള കൂടുതല്‍ കോളജുകളിലേക്കും പ്രതിഷേധം വ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."