കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് കാണിച്ച് വയനാട് മനുഷ്യജാലികയ്ക്കെതിരേ കേസ്
കമ്പളക്കാട്: കഴിഞ്ഞ റിപബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്പളക്കാട് നടത്തിയ മനുഷ്യജാലികക്കെതിരേ കേസെടുത്ത് പൊലിസ്. മനുഷ്യജാലികയില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘനം നടന്നെന്ന് കാണിച്ചാണ് കണ്ടാലറിയാവുന്ന അഞ്ച് സംഘാടകര്‍ക്കെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 269, കെ.പി ആക്ട് 118 ഇ, 42 എ, 42 എ 5 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലിസ് പറഞ്ഞു.
അനുവദിച്ചതില്‍ കൂടുതല്‍ ആളുകളെ പരിപാടിയില്‍ പങ്കെടുപ്പിച്ചതടക്കമുള്ള നിയമലംഘനങ്ങള്‍ നടന്നെന്നാണ് പൊലിസ് പറയുന്നത്. അതേസമയം കൃത്യമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി നടത്തിയതെന്ന് എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് മുഹ്യിദ്ദീന് കുട്ടി യമാനിയും ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലതീഫ് വാഫിയും പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വിജയാഘോഷങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളുമെല്ലാം ഒരു നിയന്ത്രണവുമില്ലാതെ മുറപോലെ നടക്കുമ്പോഴും കൃത്യമായി പൊലിസ്, ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ പാലിച്ച് നടത്തിയ മനുഷ്യജാലികയ്ക്കെതിരേ മാത്രം കേസെടുത്ത നടപടി അപലപനീയമാണെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."