HOME
DETAILS

ബ്ലോക്ക് പ്രസിഡന്റ് മുതല്‍ മുഖ്യമന്ത്രി വരെ

  
backup
February 09 2021 | 02:02 AM

6545613521-2111


ജനാധിപത്യത്തിന്റെ മികച്ച സാധ്യതയിലൂടെയാണ് നമ്മുടെ സമൂഹം മുന്നോട്ടുപോകുന്നത്. ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ശക്തി ക്ഷയിക്കുകയാണെങ്കില്‍ പകരം ശക്തിപ്രാപിക്കുക തീവ്ര ഹിന്ദുത്വ മതാധികാരമായിരിക്കുമെന്നതില്‍ സംശയമില്ല. അത്രമേല്‍ ജാതിബോധവും അതിനെ അംഗീകരിക്കുന്ന ഭരണനടപടികളുമാണ് രാജ്യത്തു നടക്കുന്നത്. അതിന്റെ ഇരകളാകട്ടെ, താഴ്ന്ന ജാതിയില്‍പ്പെട്ടവരും പിന്നോക്ക വിഭാഗങ്ങളും. ഈ സാഹചര്യങ്ങളിലും പിന്നോക്ക ജാതിയില്‍പ്പെട്ടവര്‍ അധികാരസ്ഥാനങ്ങളില്‍ എത്തുന്നുവെന്നത് ജാതി ഉണ്ടാക്കിയ അസമത്വങ്ങളെ ചെറുത്തുതോല്‍പ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ്.


ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 1,199 ഇടങ്ങളില്‍ നടന്ന പ്രാദേശിക ഭരണസ്ഥാപനങ്ങളിലേക്ക് 2,11,654 അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ പതിനൊന്നായിരം പേര്‍ സ്ത്രീകളാണ്. അതില്‍ പലതും സംവരണത്തിന്റെ അടിസ്ഥാനത്തില്‍ അധികാരസ്ഥാനങ്ങളില്‍ എത്തിയവരാണ്. ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ മുകളിലാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ടത്. അവിടെ ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള ഒരു വേര്‍തിരിവിനും സ്ഥാനമില്ല.
ഇത്തരമൊരു തിരിച്ചറിവില്‍ നിന്നു കൊണ്ടാണ് കൊല്ലം ജില്ലയിലെ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി ഇപ്പോള്‍ നേരിടുന്ന ജാതീയാധിക്ഷേപങ്ങളെ കാണേണ്ടത്. അവരെ ജാതീയമായി അധിക്ഷേപിക്കുന്നത് ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാരാണ് എന്നാണ് കേട്ടുവരുന്നത്. പ്രസ്തുത പഞ്ചായത്തിലെ സ്വീപ്പര്‍ ജോലിക്കാരിയായിരുന്നു നേരത്തെ ആനന്ദവല്ലി. ഇന്നവര്‍ അതേ ബ്ലോക്ക് പഞ്ചായത്തിലെ പ്രസിഡന്റാണ്.


ജീവനക്കാര്‍ക്ക് എന്തുകൊണ്ടാണ് ഇവരെ അംഗീകരിക്കാന്‍ കഴിയാത്തത്? സ്വീപ്പര്‍ ആയതുകൊണ്ടാണോ? അതല്ല, അവരുടെ ജാതിയോ? രണ്ടും ഗൗരവത്തോടെ പരിശോധിക്കപ്പെടേണ്ട വിഷയങ്ങളാണ്. ഇവിടെ പ്രധാന ഘടകം, ആനന്ദവല്ലിയുടെ ജാതിയാണ് എന്നാണ് മനസിലാക്കുന്നത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഒരാള്‍ എത്ര താഴ്ന്ന ജോലി ചെയ്താലും അതിനെ ജാതീയമായ തൊഴിലായി കാണില്ല. അവിടെ ചെയ്യുന്ന തൊഴിലിനെക്കാള്‍ പ്രാധാന്യം വ്യക്തിയുടെ കുലമഹിമയാണ്. എവിടെയും അങ്ങനെയാണ്. നിങ്ങള്‍ ഏത് അധികാരസ്ഥാനത്ത് ഇരുന്നാലും നിങ്ങള്‍ താഴ്ന്ന ജാതിയില്‍പ്പെട്ടവരാണെങ്കില്‍ ആ സ്ഥാനത്തിന്റെ സാമൂഹികപദവി ചോദ്യം ചെയ്യപ്പെടും. അതുകൊണ്ടാണ് ചെത്തുകാരന്റെ മകന്‍ ഹെലികോപ്റ്ററില്‍ പറക്കുന്നതിനെ ചോദ്യം ചെയ്യുന്നത്. യാത്ര ചെയ്തത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ് എന്നു പറയുന്നതിനു പകരം ചെത്തുകാരന്റെ മകന്‍ എന്ന വിശേഷണം സാന്ദര്‍ഭികമായി ഉണ്ടായതല്ല. ഇന്ത്യന്‍ സവര്‍ണാധികാര ഘടനയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ജാതിബോധവുമായി അതിന് ആഴത്തിലുള്ള ബന്ധമുണ്ട്.


ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട പലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് തമിഴ്‌നാട്ടിലെ ചിദംബരം ഭുവനഗിരി തെര്‍ക്കുഞ്ഞിട്ട പഞ്ചായത്തിലെ ദലിത് പ്രസിഡന്റായ രാജേശ്വരിക്ക് തറയില്‍ ഇരിക്കേണ്ടിവന്നത്. പകരം മേല്‍ജാതിക്കാരനായ വൈസ് പ്രസിഡന്റ് മോഹന്‍ രാജ് അധ്യക്ഷക്കസേരയില്‍ ഇരുന്നു. കേരളത്തില്‍ അത്തരം സംഭവങ്ങള്‍ നടക്കാന്‍ സാധ്യതയില്ലെന്നു പറയുമ്പോഴും ജനപ്രതിനിധിയെ മാനസികമായി പീഡിപ്പിക്കുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന യാഥാര്‍ഥ്യമാണല്ലോ ഇപ്പോള്‍ പുറത്തുവന്നത്. സമൂഹം പുരോഗമന ബോധത്തിലൂടെ വളരുമ്പോള്‍ എങ്ങനെയാണ് ഇത്തരം പ്രവണതകള്‍ ഉണ്ടാകുന്നത് എന്നത് നിഷ്‌കളങ്കമായ ചിന്തയാണ്. കാരണം, കെ. സുധാകരന്‍ മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകന്‍ എന്നു വിശേഷിപ്പിച്ചതിനെ ബി.ജെ.പി തുടക്കം മുതല്‍ അംഗീകരിച്ചത് വെറുതെയല്ല. കഴിഞ്ഞ വര്‍ഷം ശബരിമല വിഷയത്തിലും ചെത്തുകാരന്റെ മകന്‍ എന്ന വിശേഷണം ചര്‍ച്ചയായതാണ്. തുടര്‍ന്നും അത് ആവര്‍ത്തിക്കപ്പെടുന്നത് ജാതിഘടന നമ്മുടെ സാമൂഹികവ്യവഹാരങ്ങളില്‍ ആഴ്ന്നിറങ്ങിയതിന്റെ പ്രതിഫലനമാണ്. അതു നിലനില്‍ക്കേണ്ടത് ആവശ്യമാണെന്ന നിര്‍ബന്ധബുദ്ധിയും ഇതിനു പിന്നിലുണ്ട്. അതിനു കാരണങ്ങള്‍ നിരവധിയാണ്.


തികച്ചും സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഭരണകൂട അധികാരത്തെ ശക്തിപ്പെടുത്താനും സംരക്ഷിക്കാനും ഹിന്ദുത്വത്തിന്റെ ഇടപെടല്‍ ശക്തമാണ്. അധികാരത്തിന്റെ സൂക്ഷ്മതലങ്ങളില്‍ പോലും ഹിന്ദുത്വം അതിന്റെ വരവ് അറിയിക്കുന്നു. പാലക്കാട്ടെ കോര്‍പറേഷനില്‍ നാം കണ്ടത് അതാണ്. ഇങ്ങനെ മതം അധികാരത്തിന്റെ ഭാഗമാണെന്ന് പച്ചയ്ക്കു പറയുമ്പോഴാണ് ജാതീയാധിക്ഷേപങ്ങള്‍ പൊതുഇടങ്ങളില്‍ ശക്തി പ്രാപിക്കുന്നത്. നേരത്തെ അധികാര സ്രോതസുകളെല്ലാം സവര്‍ണതയുടെ ഭാഗമായിരുന്നു. അതിനെ മോചിപ്പിക്കാന്‍ നടത്തിയ രാഷ്ട്രീയ ഇടപെടല്‍ ചെറുതല്ല. നവോത്ഥാനാന്തരം കേരളീയ സാമൂഹിക ജീവിതത്തില്‍ അതുണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങളാണ് ആധുനിക കേരളത്തെ ഇന്ത്യയ്ക്കു മാതൃകയാക്കി വളര്‍ത്തിയത്. അത്തരമൊരിടത്തു നിന്നുള്ള ജാതീയാധിക്ഷേപങ്ങളെ പ്രതിരോധിക്കേണ്ടത് വര്‍ണ ജാതി ഘടനയോടുള്ള വിയോജിപ്പിന്റെ ഭാഗമാണ്.


എന്തുകൊണ്ടാണ് നമ്മുടെ സമൂഹം ഇപ്പോഴും ഇത്രമാത്രം ജാതീയാധിക്ഷേപത്തിനു കാരണമാകുന്നത്? താഴെത്തട്ടില്‍നിന്ന് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെത്തിയ വനിതയെ അംഗീകരിക്കുകവഴി നാം ജനാധിപത്യത്തിന്റെ വിജയത്തെയാണ് ആഘോഷിക്കുന്നത്. അങ്ങനെ അനുഭവിക്കാന്‍ പഞ്ചായത്തിലെ ജീവനക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിയുന്നില്ലെങ്കില്‍ അവര്‍ ജനാധിപത്യത്തെക്കാള്‍ കുലമഹിമക്കാണ് പ്രാധാന്യം നല്‍കുന്നത്. ആനന്ദവല്ലി പ്രസിഡന്റായത് ജനങ്ങളുടെ തെരഞ്ഞെടുപ്പാണ്. അതിനെ അംഗീകരിക്കേണ്ടത് ജനാധിപത്യപരമായ ഉത്തരവാദിത്വമാണ്.

അവിടെ തൊഴില്‍ വിഘാതമായി നില്‍ക്കുന്നില്ല. ഇതേ രീതിയിലാണ് ചെത്തുതൊഴിലാളിയുടെ മകന്‍ എന്ന രീതിയില്‍ മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നത്. ശുചീകരണ തൊഴിലും ചെത്തുകാരന്റെ തൊഴിലും അപമാനത്തിന്റെ ഐക്കണായി മാറുന്നത് ജാതിവിചാരത്തിന്റെ ഭാഗമായതുകൊണ്ടാണ്. ജാതിയില്‍ താഴ്ന്നവര്‍ക്ക് ഇത്തരം അധികാരം, സ്ഥാനങ്ങള്‍ പാടില്ല എന്നതാണ് ഈ രീതിയിലുള്ള അധിക്ഷേപങ്ങളുടെ മനഃശാസ്ത്രം. അറിവും ജ്ഞാനവുമുള്ളതു കൊണ്ട് ഒരാളെ ഗുരുവായി സ്വീകരിക്കാന്‍ ധര്‍മശാസ്ത്രങ്ങള്‍ ഒരു ഹിന്ദുവിനെ അനുവദിക്കുന്നില്ല. അത്തരം ചിന്താഗതിക്കാര്‍ക്ക് ജാതിയില്‍ താഴ്ന്നവര്‍ക്ക് ലഭിക്കുന്ന സാമൂഹിക അധികാരപദവികളെ വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. പിണറായി വിജയന്‍ ഒരു നായര്‍ കുടുംബത്തില്‍ പിറന്ന വ്യക്തിയായിരുന്നെങ്കില്‍ അവിടെ ചെത്തുകാരന്റെ മകന്‍ എന്ന വിശേഷണം ഒരിക്കലും ഉണ്ടാവില്ല. ഇതൊക്കെ ഈ കാലത്ത് ചര്‍ച്ചയ്ക്കായി അവതരിപ്പിക്കുന്നതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ത്യന്‍ ബഹുസ്വര ദേശീയതയെ ഹിന്ദുത്വ രാഷ്ട്ര ഘടനയിലേക്ക് മാറ്റിപ്പണിയുമ്പോള്‍ അവിടെ ജാതി വലിയ ഘടകമാണ്. രാമക്ഷേത്രത്തിനുവേണ്ടി ഫണ്ട് നല്‍കിയ ഡി.സി.സി ഉപാധ്യക്ഷന്‍ രഘുനാഥപിള്ള പറഞ്ഞത്, രാഷ്ട്രീയത്തെക്കാള്‍ വലുത് വിശ്വാസമാണ് എന്നാണ്. ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത് വിശ്വാസത്തെയല്ല. ഇന്ത്യന്‍ മതേരത്വത്തിന് അന്ത്യം കുറിച്ച തീവ്ര ഹിന്ദുത്വത്തിന്റെ ഭാഗമായ വിശ്വാസത്തെയാണ്. അതൊരിക്കിലും സാധാരണ ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമല്ല. അതിനൊരു സാംസ്‌കാരിക ദേശീയതയുടെ രാഷ്ട്രീയ പിന്‍ബലമുണ്ട്. അവിടെ ശത്രുപക്ഷത്ത് നിര്‍ത്തേണ്ടത് ഹിന്ദുത്വത്തെ പ്രതിരോധിക്കുന്നവരെയും അതിന്റെ ഇരകളെയുമാണ്. കാരണം, ഹിന്ദുത്വത്തിനു ശക്തി നേടണമെങ്കില്‍, അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വംശീയത വളരണമെങ്കില്‍ സവര്‍ണ അധികാരഘടന എവിടെയും നിലനില്‍ക്കണം എന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  7 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  7 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  7 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  7 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  7 days ago