അക്കൗണ്ടിലെത്തിയ 15 ലക്ഷം മോദി നൽകിയതല്ല; പണമെടുത്ത് വീട് പണിത കർഷകൻ വെട്ടിൽ
ഔറംഗബാദ് (മഹാരാഷ്ട്ര)
മഹാരാഷ്ട്രയിൽ ജൻധൻ അക്കൗണ്ടിൽ 15 ലക്ഷം രൂപ തെറ്റായി എത്തിയ കർഷകൻ വെട്ടിൽ.
ജ്ഞാനേശ്വർ ഒട്ടെ എന്നയാളാണ് പ്രധാനമന്ത്രി മോദി തെരഞ്ഞെടുപ്പ് വാഗ്ദാനമായി നൽകിയതാണെന്ന് തെറ്റിദ്ധരിച്ച് ഈ തുക ഉപയോഗിച്ച് വീടുവയ്ക്കുകയും നന്ദി അറിയിച്ച് മോദിക്ക് കത്തെഴുതുകയും ചെയ്തത്. ഔറംഗബാദിലെ പൈതാൻ താലൂക്കിലാണ് ഇദ്ദേഹത്തിന്റെ സ്വദേശം.
2021 ഓഗസ്റ്റിലാണ് ഇദ്ദേഹത്തിന്റെ ബാങ്ക് ഓഫ് ബറോഡയിലെ അൗണ്ടിലേക്ക് 15 ലക്ഷം രൂപ വന്നത്. പ്രധാനമന്ത്രി നൽകിയതാണെന്ന് വിശ്വസിച്ച് വീടു നിർമിക്കാനായി ഒൻപത് ലക്ഷം രൂപ പിൻവലിച്ചു. ആറു മാസം കഴിഞ്ഞ് ബാങ്ക് നോട്ടിസ് അയച്ചപ്പോഴാണ് ജ്ഞാനേശ്വർ യഥാർഥ്യം തിരിച്ചറിഞ്ഞത്.
തെറ്റായി അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്ത തുക തിരിച്ചു നൽകണമെന്നായിരുന്നു നോട്ടിസ്. പിംപൽവാഡി ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്ക് അനുവദിച്ച തുകയാണ് തെറ്റായി ഇദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തിയത്. പ്രധാനമന്ത്രി നൽകിയതാണെന്ന് കരുതി പണം ഉപയോഗിച്ച് വീടു പണിതെന്നും ബാക്കി ആറ് ലക്ഷം രൂപ തിരിച്ചു പിടിച്ചോളൂ എന്നും ജ്ഞാനേശ്വർ ബാങ്ക് അധികൃതരോട് പറഞ്ഞു.
കള്ളപ്പണം തിരിച്ച് പിടിച്ച് ഓരോരുത്തർക്കും 15 ലക്ഷം രൂപ വീതം തിരികെ നൽകുമെന്ന് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി വാഗ്ദാനം ചെയ്തിരുന്നു. തെറ്റായി വന്ന തുകയാണെങ്കിൽ ബാങ്ക് നേരത്തെ അറിയിച്ചെങ്കിൽ തിരികെ നൽകാമായിരുന്നുവെന്നും ഇനിയെന്തു ചെയ്യാനാണ് എന്നുമാണ് ജ്ഞാനേശ്വറിന്റെ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."