ചൈനയുടെ ഓൺലൈൻ എം.ബി.ബി.എസ് കോഴ്‌സിന് അംഗീകാരമില്ല
ന്യൂഡൽഹി
ചൈന ഓൺലൈൻ വഴി നൽകുന്ന എം.ബി.ബി.എസ് കോഴ്‌സിന് രാജ്യത്ത് അംഗീകാരമില്ലെന്ന് നാഷണൽ മെഡിക്കൽ കമ്മിഷന്റെ മുന്നറിയിപ്പ്.
ഈ സാഹചര്യത്തിൽ ഇന്ത്യക്കാരായ വിദ്യാർഥികൾ ചൈനയിൽ എം.ബി.ബി.എസ് കോഴ്‌സുകൾക്ക് അപേക്ഷിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും കമ്മിഷൻ അറിയിച്ചു. അടുത്ത അക്കാദമിക വർഷത്തിലേക്കുള്ള എം.ബി.ബി.എസ് പ്രവേശത്തിന് ചൈനയിലെ മെഡിക്കൽ സർവകലാശാലകൾ അപേക്ഷ ക്ഷണിച്ച് നോട്ടിസ് പുറപ്പെടുവിച്ചതായി വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കൽ കമ്മിഷൻ സെക്രട്ടറി സന്ധ്യ ബുള്ളാർ പുറത്തിറക്കിയ നോട്ടിസിൽ പറയുന്നു.കൊവിഡ് മൂലമുള്ള നിയന്ത്രണങ്ങളിൽ ചൈന ഇളവുവരുത്താത്തതിനാൽ ഇന്ത്യക്കാരായ വിദ്യാർഥികളിൽ ഭൂരിഭാഗത്തിനും ചൈനയിലേക്ക് തിരിച്ചു പോകാനായിട്ടില്ല. ഈ സാഹചര്യത്തിൽ കോഴ്‌സുകൾ ഓൺലൈനായി നടത്തുമെന്നാണ് ചൈനീസ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഓൺലൈൻ വഴിയുള്ള ഒരു മെഡിക്കൽ കോഴ്‌സിനും നാഷണൽ മെഡിക്കൽ കമ്മിഷൻ അംഗീകാരം നൽകിയിട്ടില്ലെന്ന് മെഡിക്കൽ കമ്മിഷൻ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."