എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരേ വ്യാജ പീഡന പരാതി; സ്വപ്‌നയ്‌ക്കെതിരേ കുറ്റപത്രം
തിരുവനന്തപുരം
എയർ ഇന്ത്യ സാറ്റ്‌സിലെ ഉദ്യോഗസ്ഥനെതിരേ വ്യാജ പീഡന പരാതി ചമച്ചെന്ന കേസിൽ സ്വപ്‌ന സുരേഷ് അടക്കം പത്തുപ്രതികൾക്കെതിരേ കുറ്റപത്രം സമർപ്പിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണസംഘം തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. കേസിൽ സാറ്റ്‌സ് വൈസ് ചെയർമാൻ ബിനോയ് ജേക്കബ് ഒന്നും സ്വപ്‌ന സുരേഷ് രണ്ടും പ്രതികളാണ്.
സ്ഥാപനത്തിലെ ആഭ്യന്തര അന്വേഷണ സമിതിയിലെ അംഗങ്ങളെയും ക്രൈംബ്രാഞ്ച് കേസിൽ പ്രതിചേർത്തു. കേസെടുത്ത് അഞ്ചുവർഷങ്ങൾക്കു ശേഷമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
പ്രതികൾക്കെതിരേ വ്യാജരേഖ ചമയ്ക്കലും ഗുഢാലോചനാകുറ്റവുമാണ് ചുമത്തിയത്. എച്ച്.ആർ മാനേജർ ആയിരുന്ന സ്വപ്‌ന സുരേഷാണ് വ്യാജപരാതി ഉണ്ടാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സാറ്റ്‌സിലെ ജീവനക്കാരായ ദീപക് ആന്റോ, ഷീബ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
2016 മാർച്ചിലാണ് എയർ ഇന്ത്യ ഗ്രൗണ്ട് ഓഫിസർ എൽ.എസ് സിബുവിനെതിരേ 17 സ്ത്രീകൾ ഒപ്പുവച്ച ലൈംഗികപീഡനപരാതി എയർപോർട്ട് അതോറിറ്റിക്ക് തപാൽമാർഗം ലഭിച്ചത്. പിന്നാലെ സിബുവിനെതിരേ ആഭ്യന്തര അന്വേഷണ സമിതി അന്വേഷണം നടത്തി കുറ്റക്കാരനെന്ന് കണ്ടെത്തി ജോലിയിൽനിന്ന് മാറ്റിനിർത്തി.
ഇതിനെതിരേ സിബു മുഖ്യമന്ത്രിക്കും കോടതിയിലും പൊലിസിലും പരാതി നൽകി.
സിബുവിന്റെ വാദം ശരിയാണെന്ന് പൊലിസിന് പ്രാഥിക അന്വേഷണണത്തിൽ ബോധ്യമായതോടെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു.
പരാതി വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ തുടർനടപടികളിലേക്ക് ക്രൈംബ്രാഞ്ച് സംഘം കടന്നിരുന്നില്ല. സ്വർണക്കടത്തു കേസിൽ സ്വപ്‌ന പിടിയിലായതോടെയാണ് എയർ ഇന്ത്യ സാറ്റ്‌സ് കേസിൽ നടപടി വേഗത്തിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."